ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിന്‍റെ കൂടെ ലിവ് ഇന്‍ റിലേഷന് പോയ യുവതിയെ കൊല്ലപ്പെട്ടു. 22 വയസുള്ള പുഷ്പയെയാണ് ലിവ്ഇന്‍ പങ്കാളിയായ ഷെയ്ക് ഷമ്മ കുത്തിക്കൊലപ്പെടുത്തിയത്. ആന്ധ്രയിലെ അംബേദ്കർ കോനസീമ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് ദാരുണ സംഭവമുണ്ടായത്. വിജയവാഡയില്‍ നിന്നുള്ള മെക്കാനിക്കാണ് ഷെയ്ക്. ഇയാള്‍ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു.
പുഷ്പ ഭര്‍ത്താവുമായി അകന്നിട്ട് ആറു മാസമായിരുന്നു. അടുത്ത ഗ്രാമത്തില്‍ വാടകയ്ക്ക് വീടെടുത്ത് ഷെയ്കുമായി ഒന്നിച്ച് താമസിക്കുകയായിരുന്ന പുഷ്പയോട് ലൈംഗിക തൊഴില്‍ ചെയ്യാന്‍ അയാള്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നു. അതിന് വഴങ്ങാന്‍ തയ്യാറാവാത്തതാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.
സിദ്ധാർത്ഥ നഗറിൽ പുഷ്പയുടെ വീട്ടില്‍ വെച്ച് മാരകമായി കുത്തേറ്റ യുവതി ചോര വാര്‍ന്നാണ് മരിച്ചത്. പുഷ്പയ്ക്ക് വേറേ പുരുഷന്മാരുമായി ശാരീരിക ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു ഷെയ്ക്. മറ്റ് പുരുഷന്മാരുമായുള്ള സൗഹൃദത്തിന്‍റെ പേര് പറഞ്ഞ് ഷെയ്ക് മദ്യപിച്ച് വീട്ടിലെത്തി പുഷ്പയുമായി വഴക്കുണ്ടാക്കിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
കൊല നടന്ന ദിവസം പുഷ്പ ഗ്രാമത്തിലുള്ള അമ്മയുടെ വീട്ടില്‍ പോയിരുന്നു. രാത്രി പത്ത് മണിയോടെ ഷെയ്ക് വീട്ടിലെത്തിയ ശേഷം ഒരു കസ്റ്റമര്‍ കാത്തിരിക്കുകയാണെന്നും, അയാള്‍ക്കൊപ്പം സെക്സ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പുഷ്പ എതിര്‍ത്തോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അമ്മ പ്രശ്നത്തില്‍ ഇടപെട്ടതോടെ ഷെയ്ക് കത്തിയെടുത്ത് ഇരുവരെയും ആക്രമിച്ചു. പുഷ്പയുടെ നെഞ്ചിനും കാലിനുമാണ് കുത്തേറ്റത്. പുഷ്പ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിൽ കേസെടുത്തതായി രാജോലു സർക്കിൾ ഇൻസ്പെക്ടർ നരേഷ് കുമാർ പറഞ്ഞു. ഒളിവിലുള്ള പ്രതിയെ കണ്ടെത്താൻ രണ്ട് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.