ഉത്തര കന്നഡ ജില്ലയിലെ ഗോകർണത്ത് നിന്നും കണ്ടെത്തിയ റഷ്യന്‍ യുവതിയെയും 2 മക്കളെയും തിരിച്ചയക്കാനുളള നടപടികള്‍ ഊര്‍ജിതമാക്കി കര്‍ണാടക പൊലീസ്. വിസയും ജോലിയുമില്ലാതെ 2017മുതലാണ് 40കാരിയായ നിന കുട്ടിന ഇന്ത്യയില്‍ അനധികൃതമായി താമസം ആരംഭിച്ചത്. ബിസിനസ് വിസയില്‍ ഇന്ത്യയിലെത്തിയ ശേഷം നീന ഗോവയിൽ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു. ഇതിനിടയില്‍ ഇന്ത്യയിലെ വിശ്വാസങ്ങളോടും ആധ്യാത്മികതയോടും തോന്നിയ താല്‍പര്യം നിനയെ ഇന്ത്യയില്‍ തന്നെ പിടിച്ചുനിര്‍ത്തുകയായിരുന്നു. വീസ കാലാവധി തീര്‍ന്നതോടെ 2018ല്‍ എക്സിറ്റ് നിര്‍ദേശം ലഭിച്ചെങ്കിലും നേപ്പാളിലേക്ക് പോയ നിന പിന്നീട് അംഗീകൃത വീസയില്ലാതെയാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ശേഷം നഗരത്തിരക്കുകളില്‍ നിന്നെല്ലാം മാറി ജീവിതം വനമേഖയിലേക്ക് മാറ്റി.
ഇതിനിടയില്‍ നിന എന്ന പേര് മാറ്റി മോഹി എന്നാക്കി. നിനയ്ക്ക് 2 കുട്ടികളും ജനിച്ചു. കഴിഞ്ഞ ദിവസമാണ് ഗോകര്‍ണത്തിലെ രാമതീർഥയിലുളള കൊടുംകാട്ടിലെ ഗുഹയിൽ നിന്ന് നിനയെയും ആറും നാലും വയസുളള പെണ്‍മക്കളെയും കര്‍ണാടക പൊലീസ് കണ്ടെത്തിയത്. മറ്റൊരു പരിശോധനയുടെ ഭാഗമായി കാട്ടിലെത്തിയ പൊലീസ് സംഘം നിനയുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ ഉണക്കാനിട്ട രീതിയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷമാണ് ഗുഹയില്‍ കഴിയുന്ന 3 അംഗ കുടുംബത്തിലേക്ക് എത്തിച്ചത്. ഗുഹയിലെത്തിയ പൊലീസ് കണ്ടെത്തത് കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെയും തൊട്ടപ്പുറത്ത് മറ്റൊരു കുഞ്ഞുമായി കിടന്നുറങ്ങുന്ന നിനയെയുമാണ്. ഇവരോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് വിസ കാലാവധി കഴിഞ്ഞിട്ട് വര്‍ഷങ്ങളായെന്നും മാസങ്ങളായി മക്കളോടൊപ്പം ഗുഹയിലാണ് താമസമെന്നും വെളിപ്പെടുത്തിയത്.
ഗുഹയില്‍ ആവശ്യത്തിലധികം ഭക്ഷണസാധനങ്ങള്‍ നിന മക്കള്‍ക്കായി ശേഖരിച്ചുവച്ചിരുന്നു. എന്നാല്‍ കിടക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. കനത്ത മഴയിലും വേനലിലും ഗുഹാജീവിതം തങ്ങള്‍ ആസ്വദിച്ചിരുന്നെന്നും നിന വെളിപ്പെടുത്തി. കഴിക്കാന്‍ ഇന്‍സ്റ്റന്‍ഡ് ന്യൂഡില്‍സ്, കുളിക്കാന്‍ തൊട്ടടുത്തുളള വെളളച്ചാട്ടം. വെളിച്ചത്തിനായി രാത്രിയില്‍ മെഴുകുതിരി. പൂര്‍ണമായും കാട്ടിലേക്ക് ഉള്‍വലിഞ്ഞൊരു ജീവിതമായിരുന്നു നിന നയിച്ചിരുന്നത്. കാടിന് പുറത്തൊരു ലോകം നിനയുടെ 2 മക്കളും കണ്ടിട്ടില്ല. കറണ്ടിനെക്കുറിച്ചോ, ടിവിയെക്കുറിച്ചോ തുടങ്ങിയ സാധാരണജീവിതത്തിലെ സൗകര്യങ്ങളെക്കുറിച്ചും മക്കള്‍ക്കറിയില്ല. പൂജയും പ്രാര്‍ഥനകളും ധ്യാനവും യോഗയുമെല്ലാം ചേര്‍ന്നൊരു ജീവിതമായിരുന്നു നിനയുടെയും മക്കളുടേയും. മാസത്തിലൊരിക്കലോ മറ്റോ കാടിന് പുറത്തേക്ക് നിന ഇറങ്ങുന്നത് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി മാത്രമായിരുന്നെന്നും നിന പൊലീസിനോട് പറഞ്ഞു.
അതേസമയം പൊലീസ് തങ്ങളെ കണ്ടെത്തിയതോടെ തിരികെ റഷ്യയിലേക്ക് പോകേണ്ടിവരുമോ എന്ന വിഷമത്തിലാണിപ്പോള്‍ നിന. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ തങ്ങള്‍ക്ക് ഇന്ത്യയില്‍ തുടരാനാണ് താല്‍പ്പര്യമെന്ന് നിന അറിയിച്ചിരുന്നു. നിലവില്‍ നിനയെ തിരിച്ചയക്കാനുളള നടപടികളുടെ ഭാഗമായി ഇവരെ ഒരു ആശ്രമത്തിലേക്ക് മാറ്റിയിരിക്കുകയാണ് കര്‍ണാടക പൊലീസ്. ഇന്ത്യയില്‍ വന്നതിന് ശേഷമാണ് നിനയ്ക്ക് കുട്ടികള്‍ ജനിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഭര്‍ത്താവ് ആരെന്ന് വെളിപ്പെടുത്താന്‍ നിന തയാറായിട്ടില്ല. പാമ്പുകള്‍ വിഹരിക്കുന്ന കൊടുംകാട്ടില്‍ എങ്ങനെ സമാധാനമായി കിടന്നുറങ്ങിയെന്ന ചോദ്യത്തിന് പാമ്പുകള്‍ തങ്ങളുടെ കൂട്ടുകാരാണെന്നായിരുന്നു നിനയുടെ മറുപടി. കുട്ടികള്‍ ജനിച്ച സമയമോ ഇവര്‍ക്ക് വാക്സിന്‍ ഉള്‍പ്പടെയുളള പ്രതിരോധക്കുത്തിവയ്പ്പുകള്‍ എടുത്തിട്ടുണ്ടോ തുടങ്ങി കാര്യങ്ങളൊന്നും വ്യക്തമല്ല.
കുട്ടികളെയും നിനയെയും തിരികെ റഷ്യയിലേക്ക് അയക്കാനുളള നിയമനടപടികളും കടുപ്പമേറിയതാണ്. കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ വിസയോ ഇല്ലാത്തതും അമ്മയായ നിനയുടെ പക്കല്‍ മറ്റ് രേഖകളില്ലാത്തതും തിരിച്ചയയ്ക്കല്‍ നടപടികളെ സാരമായി ബാധിക്കും. മാത്രമല്ല ടിക്കറ്റ് വീസ അടക്കമുളള ശരിയാക്കിയെടുക്കാനും ചെലവ് കൂടുതലാണ്. ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗുഹയ്ക്ക് അടുത്തുനിന്ന് നിനയുടെ പാസ്പോർട്ടും വീസ രേഖകളും പൊലീസിനു ലഭിച്ചിരുന്നു. അത് മാത്രമാണ് പൊലീസിന്‍റെ പക്കലുളളത്. നീനയേയും രണ്ടു കുട്ടികളെയും റഷ്യയിലേക്ക് തിരികെ അയക്കാൻ സൗകര്യമൊരുക്കുന്നതിനായി ഉത്തര കന്നഡ പൊലീസ് സൂപ്രണ്ട് ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജിയണൽ റജിസ്ട്രേഷൻ ഓഫിസുമായി ഔദ്യോഗിക കത്തിടപാടുകൾ ആരംഭിച്ചിട്ടുണ്ട്.