Image: podroznikdowynajecia
ഇന്ത്യയിലെ പല ചരിത്രസ്മാരകങ്ങളും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളും മാലിന്യപ്രശ്നങ്ങളാൽ പ്രയാസപ്പെടുകയാണ്. ഈയിടെ താജ്മഹലിന് സമീപത്തെ മാലിന്യക്കൂമ്പാരത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. പോളിഷ് വിനോദസഞ്ചാരികൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയാണ് ഇതിന് കാരണം.
@podroznikdowynajecia എന്ന വ്ലോഗർ പങ്കുവെച്ച വിഡിയോയിൽ, താജ്മഹലിന് സമീപമുള്ള യമുനാ നദിയോട് ചേർന്ന പ്രദേശങ്ങളിലെ മാലിന്യവും മലിനജലവുമാണ് കാണിക്കുന്നത്. ദുർഗന്ധം കാരണം സഞ്ചാരികൾ മൂക്ക് മൂടിയിരിക്കുന്നതും വിഡിയോയിലുണ്ട്. ഒരാൾ ഈ കാഴ്ചയെ 'യഥാർത്ഥ ഇന്ത്യ' എന്ന് പരിഹാസപൂർവ്വം വിശേഷിപ്പിക്കുന്നുമുണ്ട്. "താജ്മഹൽ എവിടെയാണ്, ഭയങ്കരമായി ദുർഗന്ധം വമിക്കുന്നു, ചെന്നൈയിലേതിനേക്കാൾ മോശം" എന്നിങ്ങനെ വിനോദസഞ്ചാരികൾ പറയുന്നത് വിഡിയോയിൽ കേൾക്കാം.
എന്നിരുന്നാലും, ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും ഇന്ത്യയെ മൊത്തത്തിൽ വിമർശിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും വിനോദസഞ്ചാരികൾ വിഡിയോയുടെ അടിക്കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യയിൽ വൃത്തിയുള്ളതും മനോഹരവുമായ നിരവധി സ്ഥലങ്ങളുണ്ടെന്നും, വെറുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, ഉടൻ തന്നെ മടങ്ങിയെത്തി ഇന്ത്യയിലെ നല്ല വശങ്ങളെക്കുറിച്ചുള്ള വിഡിയോ ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വിഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. 'സന്ദർശിക്കാൻ ധാരാളം മനോഹരമായ സ്ഥലങ്ങൾ ഉള്ളപ്പോൾ എന്തിനാണ് മാലിന്യങ്ങൾ അന്വേഷിക്കുന്നത്?' എന്ന് ഒരാൾ ചോദിച്ചപ്പോൾ, 'താജ്മഹൽ അതിമനോഹരമാണ്, പക്ഷേ ചുറ്റുപാടും അങ്ങനെയല്ല. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് ഈ അവസ്ഥ അറിയാം' എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കേണ്ടതിന്റെയും മെച്ചപ്പെട്ട മാലിന്യസംസ്കരണം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും നിരവധി പേർ സംസാരിക്കുന്നുണ്ട്.