അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എം.പിയുടെ ലേഖനം. ഇന്ദിരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. അടിയന്തരാവസ്ഥയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടെന്ന് കെ.മുരളീധരന്‍ പ്രതികരിച്ചു. തല്‍ക്കാലം മൗനംപാലിക്കാനാണ് എ.ഐ.സി.സിയുടെ തീരുമാനം.
ഓണ്‍ലൈന്‍ മാധ്യമത്തിലെ ലേഖനത്തിലാണ് ശശി തരൂര്‍ അടിയന്തരാവസ്ഥയെയും ഗാന്ധി കുടുംബത്തേയും രൂക്ഷമായി വിമര്‍ശിക്കുന്നത്. അടിയന്തരാവസ്ഥ നടപ്പിലാക്കണം എന്ന് നിര്‍ബന്ധം പിടിച്ചത് ഇന്ദിരാഗാന്ധിയാണ്. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാനും ബാഹ്യ ഭീഷണി നേരിടാനും അടിയന്തരാവസ്ഥ കൂടിയേ തീരുവെന്ന് നിലപാടെടുത്തു.
പാവപ്പെട്ടവര്‍ക്കുനേരെ കൊടും ക്രൂരതയാണ് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നത്. കുടുംബാസൂത്രണത്തെ നിര്‍ബന്ധിത വന്ധ്യംകരണമായും നഗരവല്‍ക്കരണത്തെ ചേരികള്‍ ഇടിച്ചുനിരത്താനുള്ള മാര്‍ഗമായും മാറ്റി. പുതിയ കാലത്തും അടിയന്തരാവസ്ഥയുടെ ഓര്‍മകള്‍ പ്രസക്തമാണ് എന്നുപറഞ്ഞുകൊണ്ടാണ് തരൂര്‍ ലേഖനം അവസാനിപ്പിക്കുന്നത്.
തന്‍റെ പുസ്തകത്തിലടക്കം അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും തരൂര്‍ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ലേഖനത്തിന് പ്രാധാന്യ ഏറെയാണ്. അടിയന്തരാവസ്ഥ കേരളത്തെ ബാധിച്ചിട്ടില്ലെന്നും അതേക്കുറിച്ച് ചര്‍ച്ചചെയ്യണ്ട സമയമല്ല ഇതെന്നും കെ.മുരളീധരന്‍ പറഞ്ഞു. അതേസമയം നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന തരൂരിനെ അവഗണിക്കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം.