AI generated Image: Meta AI
പറന്നിറങ്ങാന്‍ എത്തിയപ്പോള്‍ സ്വിസ് വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ 'സ്ഥലമില്ല'. റണ്‍വേ ബിസിയായിപ്പോയത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അതിവേഗം തിരച്ചറിഞ്ഞതോടെ ആശയക്കുഴപ്പം പറന്നകന്നു. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഞായറാഴ്ച രാത്രി 11.40 ഓടെയായിരുന്നു സംഭവം. സൂറിച്ചില്‍ നിന്നെത്തിയ സ്വിസ് വിമാനമായ എല്‍എക്സ് 146 റും ഫുക്കറ്റില്‍ നിന്നെത്തിയ A320 വിമാനവുമാണ് അടുപ്പിച്ച് ലാന്‍ഡിങിനൊരുങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫുക്കറ്റില്‍ നിന്ന് വന്ന വിമാനം റണ്‍വേ 11 R ല്‍ ഇറങ്ങാന്‍ നാല് നോട്ടിക്കല്‍ മൈല്‍ ദൂരവും അതിന് പിന്നിലുണ്ടായിരുന്ന LX 146 വിമാനം എട്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്തുമായിരുന്നു. ഫുക്കറ്റില്‍ നിന്നെത്തിയ വിമാനം വേഗത കുറച്ചതോടെ സ്വിസ് വിമാനത്തോടും ഏറ്റവും കുറഞ്ഞ വേഗത്തിലേക്ക് മാറാന്‍ നിര്‍ദേശിച്ചുവെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഫുക്കറ്റില്‍ നിന്നെത്തിയ വിമാനത്തോട് റാപ്പിഡ് എക്സിറ്റ് ടാക്സിവേ വഴി Y1 ലൂടെ റണ്‍വേ ഒഴിയാന്‍ എടിസി ആവശ്യപ്പെട്ടെങ്കിലും ഇത് റണ്‍വേയുടെ അവസാന ഭാഗത്തായതിനാല്‍ Y2 വഴി ഒഴിയാമെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. ഇതോടെയാണ് വിമാനം മുപ്പത് സെക്കന്‍റോളം അധികസമയം റണ്‍വേയില്‍ തുടര്‍ന്നത്.
കൃത്യസമയത്തിന് റണ്‍വേ ഒഴിയാന്‍ ഫുക്കറ്റില്‍ നിന്നെത്തിയ വിമാനത്തിന് സാധിക്കാതിരുന്നതോടെ സുരക്ഷാ കാരണങ്ങളാല്‍ ഗോ എറൗണ്ട് നിര്‍ദേശം നല്‍കുകയായിരുന്നു. റണ്‍വേ ക്ലിയര്‍ അല്ലാത്ത സമയങ്ങളിലും കാലാവസ്ഥ പ്രതികൂലമാണെങ്കിലും ട്രാഫിക് നിയന്ത്രണത്തിനായുമെല്ലാം എടിസി ഈ നിര്‍ദേശം പുറപ്പെടുവിക്കാറുണ്ട്. സ്വിസ് വിമാനം 1400 അടിയിലായിരുന്നതിനാല്‍ എടിസി നിര്‍ദേശം പൈലറ്റുമാര്‍ സ്വീകരിക്കുകയും രണ്ടാം ശ്രമത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു.