ഉത്തരാഖണ്ഡ് ഉത്തരകാശിയില്‍ മേഘവിസ്ഫോടനത്തില്‍ ഒഴുക്കിൽപ്പെട്ട് ഒന്‍പതുപേരെ കാണാതായി. യമുനോത്രി ദേശിയ പാത തകര്‍ന്നു, വന്‍ കൃഷിനാശവുമുണ്ടായി. കനത്ത മഴ തുടരുന്നതിനാല്‍ ചാര്‍ധാം യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഹിമാചല്‍ പ്രദേശിനുപുറമേ ഉത്തരാഖണ്ഡിലും നാശംവിതച്ച് മേഘവിസ്ഫോടനം.
ഉത്തരകാശി ജില്ലയില്‍ യമുനോത്രി ദേശീയ പാതയില്‍ ബാർകോട്ട് പ്രദേശത്താണ് പുലര്‍ച്ചെ മേഘവിസ്ഫോടനവും കനത്ത മഴയും കുത്തൊഴുക്കുമുണ്ടായത്. കെട്ടിട നിർമ്മാണത്തിനെത്തിയ 19 തൊഴിലാളികൾ സ്ഥലത്ത് ടെന്റുകൾകെട്ടി താമസിച്ചിരുന്നു. ഇവരില്‍ ഒന്‍പതുപേരാണ് ഒഴുക്കില്‍പ്പെട്ടത്. തിരച്ചില്‍ തുടരുകയാണ്.
ദേശിയപാതയുടെ 10 മീറ്ററോളം മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് എത്താനാകാത്തത് ദൗത്യം ദുഷ്കരമാക്കുന്നു. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി സ്ഥിതി വിലയിരുത്തി. കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ചാർധാം യാത്ര ഒരു ദിവസത്തേക്ക് നിർത്തിവച്ചു.
ചാർധാം റൂട്ടുകളിലുള്ള തീര്‍ഥാടകരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റും. യമുനയിലെ ജലനിരപ്പും ക്രമാതീതമായി ഉയർന്നു. യമുനോത്രിയിൽ നിന്ന് മടങ്ങുന്ന തീർത്ഥാടകരോടും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചു. ഋഷികേശിലുള്ളവര്‍ അവിടെ തുടരണം. ഡെറാഡൂൺ, ഹരിദ്വാർ, നൈനിറ്റാൾ തുടങ്ങിയ ജില്ലകളിലും റെഡ് അലേർട്ട് പുറപ്പെടുവിച്ചു.