ഡല്‍ഹിയില്‍ നാളെമുതല്‍ 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഇന്ധനം ലഭിക്കില്ല. പഴയ വാഹനങ്ങള്‍ തിരിച്ചറിയാന്‍ പമ്പുകളിള്‍ എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചു. അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി കടുപ്പിക്കുന്നത്.
ഡല്‍ഹിയില്‍ നാളെ മുതല്‍ വാഹനവും കൊണ്ട് പമ്പിലേക്ക് കയറുമ്പോള്‍ വരവേല്‍ക്കുക രണ്ട് എ.ഐ. ക്യാമറകളാണ്. നമ്പര്‍പ്ലേറ്റ് നോക്കി വാഹനത്തിന്‍റെ പഴക്കം കണ്ടെത്തും ഈ ക്യാമറകള്‍. 15 വര്‍ഷം കഴിഞ്ഞ പെട്രോള്‍ വാഹനമോ 10 വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനമോ ആണെങ്കില്‍ പമ്പിലുള്ള ലൗഡ് സ്പീക്കറിലൂടെ വോയ്സ് മെസേജ് ആയി അക്കാര്യം പുറത്തുവരും. ഇന്ധനം കിട്ടില്ല എന്നുമാത്രമല്ല, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് വാഹനം സ്ക്രാപ്പിങ് സെന്‍ററിലേക്ക് കൊണ്ടുപോവുകയോ പിഴയീടാക്കുകയോ ചെയ്യും.
ഏതു സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്ത വാഹനമാണെങ്കിലും നിയമം ബാധകമാണ്. അതേസമയം തലസ്ഥാന മേഖലയുടെ ഭാഗമായ നോയിഡയിലും ഗുരുഗ്രാമിലും നിലവില്‍ എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പഴയ വാഹനങ്ങള്‍ പെട്ടെന്ന് നിരത്തൊഴിയില്ല. എന്നാല്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ വാഹനങ്ങളുടെ കാലപ്പഴക്കം കണ്ടെത്തുന്ന എ.ഐ. ക്യാമറകള്‍ വൈകാതെ സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു