sbi-madhyapradesh

മധ്യപ്രദേശില്‍ പ്രവര്‍ത്തിച്ച എസ്ബിഐ കൊച്ചിബ്രാഞ്ച് പൂട്ടിച്ച് മലയാളി ബാങ്ക് ഉദ്യോഗസ്ഥന്‍. മധ്യപ്രദേശ് സാഗർ ജില്ലയിലെ മക്രോനിയ മുനിസിപ്പൽ ഡിവിഷനിലെ വ്യാജ ബാങ്കാണു മലയാളിയുടെ ഇടപെടലിൽ ഉദ്യോഗസ്ഥർ അടപ്പിച്ചത്. മക്രോനിയ റെയിൽവേ സ്റ്റേഷൻ റോഡില്‍ ‘യോനോ എസ്ബിഐ കൊച്ചി ബ്രാഞ്ച് കേരള’ എന്ന പേരിൽ ആണ് വ്യാജന്‍ പ്രവര്‍ത്തിച്ചത്. 

കഴിഞ്ഞ ശനിയാഴ്ച്ചയാണ് അരുൺ അശോകിന്റെ ശ്രദ്ധയിൽ വ്യാജബാങ്ക് പെട്ടത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സാഗർ ജില്ലയിലെ ബ്രാഞ്ച് മാനേജരായി ഒരു വർഷമായി ജോലി ചെയ്യുകയാണ് കോട്ടയം അതിരമ്പുഴ സ്വദേശി അരുണ്‍ അശോക്. നേരത്തേ എസ്ബിഐയിലാണ് അരുൺ ജോലി ചെയ്തിരുന്നത്. പഴകിയ കെട്ടിടത്തിലായിരുന്നു ‘ബ്രാഞ്ച്.’ ഫോണിൽ ലൊക്കേഷൻ ടാഗ് അടക്കം ചിത്രമെടുത്ത് സഹപാഠിയായ കൈപ്പുഴ സ്വദേശി എസ്.ഹൃഷികേശിന് അയച്ചു.

എസ്ബിഐ മാങ്ങാനം ബ്രാഞ്ചിലെ ക്ലാർക്കായ ഹൃഷികേശ് എസ്ബിഐ ഓഫിസേഴ്സ് അസോസിയേഷൻ (എസ്ബിഐഒഎ) ഭാരവാഹികൾക്കു ചിത്രം കൈമാറി. എസ്ബിഐഒഎ സംസ്ഥാന ഭാരവാഹികൾ ഭോപാലിലെ അസോസിയേഷൻ നേതാക്കളെ ബന്ധപ്പെടുകയും അവരെത്തി സ്ഥലം പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ എസ്ബിഐയുടെ ഔദ്യോഗിക ലോഗോയോടു സമാനമായ ലോഗോ, സാലറി സ്ലിപ്പുകൾ, വ്യാജ രേഖകൾ എന്നിവ കണ്ടെടുത്തു. 

എന്നാൽ, പരിശോധനയിൽ ആരെയും കണ്ടെത്താൻ സാധിച്ചില്ലെന്നും അതിനാൽ നിലവിൽ അറസ്റ്റ് നടന്നിട്ടില്ലെന്നും ഭോപാലിലെ എസ്ബിഐഒഎ ഭാരവാഹികൾ കേരള ഭാരവാഹികളെ അറിയിച്ചു. പൊലീസ് വ്യാജ ബാങ്ക് അടപ്പിച്ചു. വ്യാജ സാലറി സ്ലിപ്പുകൾ കണ്ടെത്തിയതിനാൽ തൊഴിൽ തട്ടിപ്പും സംശയിക്കുന്നു. എസ്ബിഐ ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ അന്വേഷണവും ആരംഭിച്ചു.

ENGLISH SUMMARY:

Malayali bank officer shuts down fake SBI Kochi branch operating in Madhya Pradesh. A fraudulent bank functioning under the name ‘YONO SBI Kochi Branch Kerala’ on Railway Station Road in Makronia, a municipal division in the Sagar district of Madhya Pradesh, was shut down following the intervention of a Malayali. It was due to his action that officials took steps to close down the fake establishment.