ആറു വയസ്സുകാരനെ തെരുവ് കാള ക്രൂരമായി ആക്രമിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയാണ് അതിക്രൂരമായ ആക്രമണത്തിന് ഇരയായത്. ഫെബ്രുവരി ഒന്‍പതിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഗ്വാളിയോറിലെ ത്യാഗി നഗറിൽ സഹോദരിക്കൊപ്പം നടന്നുപോവുകയായിരുന്നു ഗോവിന്ദ് ലക്ഷ്കർ എന്ന കുട്ടി. പെട്ടെന്ന് കുട്ടി വഴിയില്‍ വീണു. ഇത് കണ്ടാണ് കാള പാഞ്ഞുവന്നത്. കാള കുട്ടിയെ ഇടിച്ചുവീഴ്ത്തുകയും കൊമ്പ് ഉപയോഗിച്ച് പലതവണ കുത്തുകയും ചവിട്ടുകയും ചെയ്തു. ഭയന്നുപോയ സഹോദരി ഓടിമാറി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാളയെ ഓടിച്ച് കുട്ടിയെ രക്ഷിച്ചത്.
കുട്ടിയുടെ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. തലയിൽ ഒൻപതും മുഖത്ത് പതിനാറും ഉൾപ്പെടെ ഏകദേശം 25 സ്റ്റിച്ചുകളുണ്ട്. കുട്ടി ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കാളയുടെ ആക്രമണത്തിന് പിന്നാലെ തെരുവ് മൃഗങ്ങളുടെ ശല്യം തടയാൻ കർശന നടപടി വേണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.