സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ 3 ദിവസമായി നിർത്തിയിട്ടിരിക്കുകയാണ് ബ്രിട്ടിഷ് നാവികസേനയുടെ എഫ് 35 ബി. ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധവിമാനങ്ങളിലൊന്നാണിത്.
ശത്രുസേനയുടെ റഡാർ കണ്ണുകൾ വെട്ടിച്ചു പറക്കാൻ കെൽപുള്ള അത്യാധുനിക സ്റ്റെൽത് സാങ്കേതികവിദ്യയുള്ള വിമാനമായാണ് എഫ് 35 അറിയപ്പെടുന്നത്. റഡാറുകൾക്കു കണ്ടെത്തുക ഏറെക്കുറെ അസാധ്യമാണ് .എന്നാൽ, ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് കൺട്രോൾ സിസ്റ്റത്തിനു വിമാനത്തെ ആകാശത്തുവച്ചു തന്നെ തിരിച്ചറിയാൻ സാധിച്ചു.
യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിർമിച്ച വിമാനത്തിന്റെ പരിഷ്കരിച്ച പതിപ്പായ എഫ് 35 ഐ അദീർ യുദ്ധവിമാനമാണു നിലവിൽ ഇറാനെതിരായ ഇസ്രയേൽ വ്യോമാക്രമണത്തിന്റെ മുൻനിരയിലുള്ളത്. എഫ് 35ലേക്ക് ഇസ്രയേൽ സാങ്കേതികവിദ്യ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച പതിപ്പാണിത്. ഇന്തോ – പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയ്‌ൽസിൽനിന്നു പറന്നുയർന്ന യുദ്ധവിമാനം ശനിയാഴ്ച രാത്രിയാണു തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്.
ഇന്ധനം തീർന്നതിനെത്തുടർന്നായിരുന്നു വിമാനമിറക്കിയതെങ്കിലും പിന്നീട് സാങ്കേതിക തകരാർ കണ്ടെത്തിയതോടെ വിമാനത്താവളത്തിൽ തുടരുകയായിരുന്നു. യുദ്ധവിമാനം ഇന്ത്യയിൽ വന്നത് ഇന്ത്യയുമായി സംയുക്ത സൈനിക അഭ്യാസത്തിൽ ആയിരുന്നു. അറബിക്കടലിൽ സൈനിക അഭ്യാസത്തിന് ശേഷമാണ് തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത്. ഇന്ത്യൻ വ്യോമസേനയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് തിരുവനന്തപുരത്തേക്ക് വന്നത്