തിരുവനന്തപുരത്ത് തിരുമല അനിലും ആനന്ദ് തമ്പിയും ജീവനൊടുക്കിയതിലൂടെ ഉയര്‍ന്ന എതിര്‍വികാരം ബിജെപി മറികടന്നത് ആര്‍എസ്എസ്. ഇടപെടലിലൂടെ. പ്രചാരണത്തിന്‍റെ നിര്‍ണായക ഘട്ടത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്‍റെ നേതൃത്വം ഏറ്റെടുത്തതും തലസ്ഥാനജയത്തിന് കളമൊരുക്കി.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആദ്യ വഴിത്തിരിവായിരുന്നു തിരുമല അനിലിന്‍റെ വീട്ടില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ സന്ദര്‍ശനം. പിന്നാലെ ആര്‍എസ്എസ്. പ്രവര്‍ത്തകന്‍ ആനന്ദ് തമ്പിയുടെ വീട്ടിലും. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പ്രസാദ് ബാബുവിനൊപ്പമായിരുന്നു സന്ദര്‍ശനം. തിരുമല അനിലിന്‍റെ അതേ അവസ്ഥയിലാണ് കടന്നുപോകുന്നതെന്ന് തുറന്നടിച്ച ബിജെപി മുന്‍സംസ്ഥാന വക്താവ് എം.എസ്. കുമാറിനെ അനുനയിപ്പിക്കാനും രാജീവ് നേരിട്ടെത്തി
തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ തിരഞ്ഞെടുപ്പ് പ്രചാരണം രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് ഏറ്റെടുത്തു. കുടുംബയോഗങ്ങളില്‍ വ്യാപകമായി പങ്കെടുത്തു. ആര്‍എസ്എസിന്‍റെ പൂര്‍ണപിന്തുണയോടെയായിരുന്നു ഇത്. പ്രാന്ത കാര്യവാഹിന്‍റെ നേതൃത്വത്തില്‍ നാല്‍പ്പതുപേരടങ്ങുന്ന സംഘം പ്രത്യേകം വാര്‍ റൂം തന്നെ തുറന്നു. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വോട്ടെടുപ്പ് ദിവസം മേഖല തിരിച്ച് അനുഭാവികളുടെ വോട്ട് ഉറപ്പാക്കി. തിരുമല വാര്‍ഡില്‍ ഉള്‍പ്പടെ വട്ടിയൂര്‍ക്കാവ് നിയോജ മണ്ഡലത്തില്‍ 12 വാര്‍ഡുകളില്‍ ജയം നേടിയതിന് പിന്നില്‍ ഈ പരിശ്രമമാണ്. ബിജെപി ഇവിടെ പ്രതീക്ഷിച്ചത് 11 സീറ്റാണ്. പതിനാറ് സീറ്റ് പ്രതീക്ഷിച്ച നേമത്ത് 17 ഉം 12 ജയം കണക്കുകൂട്ടിയ കഴക്കൂട്ടത്ത് 14 ഉം സീറ്റുനേടിയ ബിജെപിക്ക് തിരുവനന്തപുരം മണ്ഡലത്തില്‍ എഴുസീറ്റാണ് ലഭിച്ചത്. പ്രതീക്ഷിച്ചത് 11 സീറ്റ്.ഇവിടെ മിക്ക വാര്‍ഡുകളിലും യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ എല്‍ഡിഎഫിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തില്‍ ഇല്ലെങ്കില്‍ 54 സീറ്റ് വരെ ജയിക്കുമായിരുന്നുവെന്ന് സംസ്ഥാന നേതൃത്വം പറയുന്നു