ഇന്നലെ എയര്‍ ഇന്ത്യ 171 നമ്പര്‍ വിമാനം അപകടത്തില്‍പ്പെട്ടപ്പോള്‍ ഓര്‍മയില്‍ 1976ല്‍ നടി റാണിചന്ദ്ര അടക്കമുള്ള 95യാത്രക്കാര്‍ കൊല്ലപ്പെട്ട മുംബൈ–മദ്രാസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനാപകടം. ആ വിമാനത്തിന്റേയും നമ്പര്‍ 171 എന്നത് യാദൃച്ഛികം. 1976 ഒക്ടോബര്‍ 12നാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം മുംബൈ സാന്താക്രൂസ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നയുടന്‍ എന്‍ജിനു തീപിടിച്ചു തകര്‍ന്നു വീണത്.
അഹമ്മദാബാദില്‍ മുന്‍പും വന്‍ വിമാന ദുരന്തം ഉണ്ടായിട്ടുണ്ട്. മുംബൈയില്‍ നിന്നും വരികയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് ബോയിങ് 737 വിമാനം തകര്‍ന്ന് മലയാളികളടക്കം 133 പേര്‍ മരിച്ചു. ലാന്‍ഡിങ് ഘട്ടത്തില്‍ വിമാനത്താവളത്തിനു സമീപം മരക്കൊമ്പുകളിലും വൈദ്യുതിക്കമ്പികളിലും തട്ടി പാടത്തുവീണ് തീപിടിച്ചു പൊട്ടിത്തെറിച്ചു. 2 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ലാന്‍ഡിങ് ഘട്ടത്തില്‍ പൈലറ്റുമാര്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഇന്നലെയുണ്ടായ ദുരന്തത്തിന്‍റെ വ്യാപ്തി വീണ്ടും ഉയര്‍ത്തി മരണസംഖ്യ ഉയരുന്നു. അഹമ്മദാബാദിലെ സിറ്റി സിവില്‍ ആശുപത്രിയില്‍ 265 മൃതദേഹങ്ങള്‍ എത്തിച്ചതായി പൊലീസ് അറിയിച്ചു. മരിച്ചവരില്‍ വിമാന യാത്രക്കാര്‍ 241 മാത്രമാണ്. വിമാനം പതിച്ച ഹോസ്റ്റലിലെ അന്തേവാസികളും പ്രദേശവാസികളുമാണ് മരിച്ച മറ്റുള്ളവരെന്നാണ് വിവരം. ഡിഎന്‍എ പരിശോധനയ്ക്കുശേഷം മരണസംഖ്യ പുറത്തുവിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു
Read Also: കത്തിയ വിമാനത്തിന്‍റെ വിള്ളലിലൂടെ രക്ഷപ്പെട്ടു; അന്ന് അതിജീവിച്ചത് രണ്ട് പേര്‍
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സിവില്‍ ആശുപത്രിയില്‍ ഡി.എന്‍.എ പരിശോധന ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ രക്ത സാംപിളുകള്‍ നല്‍കാനായി ആശുപത്രിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ദുരന്തഭൂമിയിലേതിന് സമാനമായ കാഴ്ചകളാണ് ആശുപത്രിയിലും.