ഫൈല്‍ ചിത്രം

ടേക്ക് ഓഫിനിടയിലാണ്  അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത് എന്നത് വ്യോമയാന മേഖലയെ ഞെട്ടിച്ചിരിക്കെയാണ്. എല്ലാവിധ സാങ്കേതിക പരിശോധനയും കഴിഞ്ഞ് പറന്നുയര്‍ന്ന വിമാനം വളരെ പെട്ടെന്ന് നിലം പതിച്ചതിന്‍റെ കാരണങ്ങള്‍ വൈകാതെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.  ഇതുവരെ സംഭവിച്ചിട്ടുള്ള പല അപകടങ്ങളില്‍ നിന്നും വ്യത്യസ്തമായി അസാധാരണമായ എന്ത് ആണ് സംഭവിച്ചത് എന്നാണ് അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടത്തില്‍ പരിശോധിക്കപ്പെടുന്നത്. വിമാനാപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത് ആകാശത്ത് പറക്കുമ്പോഴല്ല മറിച്ച്   റണ്‍വേയ്ക്ക് സമീപമാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതില്‍ കൂടുതലും ലാന്‍ഡ് ചെയ്യുമ്പോള്‍, പിന്നെ ടേക്ക് ഓഫിലും. 

അപകടങ്ങളുടെ കണക്കുകള്‍ ഇങ്ങനെ 

ട്രേയ്ഡ്  ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍റെ (IATA ) 2005 മുതല്‍ 2023 ജൂണ്‍  വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളത് വിമാനങ്ങള്‍ റണ്‍വേയിലേക്ക് പറന്നിറങ്ങുമ്പോഴാണ് എന്നതാണ്.  ചെറുതും വലുതുമായ 738 അപകടങ്ങളാണ് ഈ കാലയളവില്‍  ലാന്‍ഡിങ്ങിനിടയില്‍ സംഭവിച്ചിട്ടുള്ളത്. അതായത് 53 ശതമാനം അപകടങ്ങളും പ്രതീക്ഷയോടെ ഭൂമിയിലേക്ക് ലാന്‍ഡ് ചെയ്യുമ്പോഴാണ്. ടേക്ക് ഓഫ് സമയത്ത് 118 ( 8.5%) അപകടങ്ങളാണുണ്ടായത്. ലാന്‍ഡിങ്ങിനായി റണ്‍വേയിലേക്ക് എത്തുമ്പോള്‍ 115 ( 8.3 %) വിമാനനങ്ങളാണ് അപകടത്തില്‍പെട്ടത്. ടേക്ക് ഓഫിന് ശേഷം ആദ്യ വിമാനം ഉയര്‍ത്തുമ്പോള്‍ 85( 6.1%) 

അപകടങ്ങളുണ്ടായിട്ടുണ്ട്. അകാശത്ത്  ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുമ്പോള്‍ വിമാനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുള്ളത് 65 (4.7%) തവണമാത്രമാണ്. കൂടുതല്‍ അപകടങ്ങളും റണ്‍വേയ്ക്ക് സമീപമാണ്. 

എന്തുകൊണ്ട് റണ്‍വേയ്ക്ക് സമീപം വിമാനങ്ങള്‍ക്ക്  ഏറെ സങ്കീര്‍ണാവുന്നത് ? 

യാത്ര തുടങ്ങുമ്പോഴോ അവസാനിപ്പിക്കുമ്പഴോ ആണ് വിമാനങ്ങള്‍ ഏറെയും അപകടത്തില്‍പെടുന്നത് എന്ന കണക്കുകളാണ് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. ആകാശത്ത് വിമാനങ്ങള്‍ പറക്കുമ്പോള്‍ രണ്ട്  യത്രങ്ങള്‍ക്കും തകരാറ് സംഭവിച്ചാലും വളരെ പെട്ടെന്ന് വിമാനങ്ങള്‍ താഴേക്ക് പോവുകയില്ലെന്നാണ് സൂചിപ്പിക്കുന്നത്.  വിമാനം എവിടെയെങ്കിലും ഗ്ലൈഡ് ചെയ്യിച്ച് ഇറക്കാന്‍ പൈലറ്റുമാര്‍ക്ക് സാവകാശം ലഭിക്കാറുണ്ട്.  സമ്പൂര്‍ണമായി നിയന്ത്രണ സംവിധാനങ്ങള്‍ നഷ്ടമായാല്‍ മാത്രമേ താഴേക്ക് പതിക്കാന്‍ സാധ്യതയുള്ളൂ. പിന്നെ എന്തുകൊണ്ടാണ് റണ്‍വേക്ക് സമീപം അപകടങ്ങള്‍ കൂടുന്നത്? ടേക്ക് ഓഫ് ചെയ്യുമ്പോഴോ ലാന്‍ഡ് ചെയ്യുമ്പോഴോ ഒരു പ്രതിസന്ധിയുണ്ടാല്‍ അത് നേരിടാന്‍ വളരെ കുറച്ച് സമയം മാത്രമാണ് പൈലറ്റുമാര്‍ക്ക് ലഭിക്കുന്നത്. ഒരു പക്ഷെ ഇതാണ് റണ്‍വേയ്ക്ക് സമീപം അപകടങ്ങള്‍ കൂടാന്‍ കാരണമെന്ന് സൂചിപ്പിക്കപ്പെടുന്നു. 

ഭൂമിയില്‍ നിന്ന് 30000 മുതല്‍ 40000 അടിയില്‍ പറക്കുമ്പോഴും ഒരു പ്രശ്നമുണ്ടായാല്‍ അത് പരിഹരിക്കാനുള്ള സമയം പലപ്പോഴും പൈലറ്റുമാര്‍ക്ക് ലഭിക്കാറുണ്ട്, എന്നാല്‍ ലാന്‍ഡിങ്ങിലും ടേക്ക് ഓഫിലും ഈ സാവകാശം കിട്ടാറില്ല . ഇതാണ് റണ്‍വേയ്ക്ക് സമീപം വിമാനങ്ങള്‍ക്ക് അപകട സാധ്യത കൂടാനുള്ള കാരണം. അഹമ്മദാബാദ് അപകടത്തില്‍ എന്ത് സംഭവിച്ചുവെന്ന് വൈകാതെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം. 

ENGLISH SUMMARY:

Are Aircraft More at Risk Near the Runway? Here's Why