അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 30 മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തുവെന്ന് അനൗദ്യോഗിക വിവരം. കോളനി പോലെ തോന്നിക്കുന്ന വലിയ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്ന് വീണത്. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകേണ്ട 7 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
Read Also: ജീവന്‍ അവശേഷിപ്പിക്കാതെ ദുരന്തം; എയര്‍ ഇന്ത്യ 171ന് എന്തുസംഭവിച്ചെന്ന് പറയാന്‍ ആരുമില്ല
പറന്നുയര്‍ന്ന ഉടന്‍തന്നെയാണ് വിമാനം തകര്‍ന്നത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ 171 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടാരുന്നതെന്നാണ് വിവരം. ഉച്ചയ്ക്ക് 1.17 നാണ് അപകടം. വിമാനത്തിന്‍റെ പിന്‍ഭാഗം മരത്തിലിടിച്ചെന്ന് സൂചന.
തകര്‍ന്നുവീണത് കെട്ടിടത്തിന്‍റെ മുകളിലേക്കാണ്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമാനാപകടത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയുമായും, ആഭ്യന്തര മന്ത്രിയുമായും, പോലീസ് കമ്മീഷണറുമായും സംസാരിച്ചു. വേണ്ട സഹായം നൽകുമെന്ന് ഉറപ്പ് നൽകി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.