ബക്രീദ് ദിനത്തിൽ ജീവനൊടുക്കി അറുപതുകാരന്‍. ലഖ്നൗവില്‍ ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നു എന്ന കുറിപ്പെഴുതി ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ വീടിന് സമീപമുള്ള കുടിലിനുള്ളിൽ വെച്ച് കത്തിയെടുത്ത് സ്വയം കഴുത്തറുക്കുകയായിരുന്നു. നിലവിളി കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പെരുന്നാൾ നമസ്കാരം കഴിഞ്ഞ് രാവിലെ 10 മണിയോടെ അൻസാരി തിരിച്ചെത്തിയതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വീട്ടിലേക്ക് മടങ്ങിയതിന് ശേഷം അൻസാരി നേരെ വീടിനടുത്തുള്ള കുടിലിലേക്ക് പോയെന്നും അദ്ദേഹത്തിന്റെ ഭാര്യ ഹജ്‌റ ഖാത്തൂൺ പറഞ്ഞു. 'ഒരാൾ ആടിനെ സ്വന്തം കുട്ടിയെപ്പോലെ വളർത്തുകയും പിന്നീട് ബലി നൽകുകയും ചെയ്യുന്നു. അതും ഒരു ജീവിയാണ്. നമ്മൾ സ്വയം ബലി അർപ്പിക്കണം. ഞാൻ അല്ലാഹുവിന്‍റെ ദൂതന്‍റെ നാമത്തിൽ എന്നെത്തന്നെ ബലി അർപ്പിക്കുന്നു’- എന്നാണ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നത്.
പ്രാഥമിക അന്വേഷണത്തിൽ അൻസാരി സ്വയം മുറിവേൽപ്പിച്ചതാണെന്നാണ് വ്യക്തമാകുന്നതെന്നും തുടര്‍ അന്വേഷണം നടത്തുമെന്നും അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് അരവിന്ദ് കുമാർ വർമ്മ പറഞ്ഞു.