AI Ggenerated Image
മംഗളൂരു ദേരളക്കട്ടെയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച മെഡിക്കൽ പിജി വിദ്യാർത്ഥിനി കസ്റ്റഡിയിൽ. കോളേജിൽ സെമിനാർ അവതരിപ്പിക്കുന്നത് ഒഴിവാക്കാൻ വ്യാജ സന്ദേശം അയച്ചത്. കോളേജിലെ വിദ്യാർഥിനി ഡോ. ചലസാനി മോണിക്ക ചൗധരിയെയാണ് ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 4 നാണ് ആശുപത്രിയിൽ ബോംബു വച്ചിട്ടുണ്ടെന്ന പ്രചരണം നടന്നത്. രാവിലെ 8.45 ഓടെ ആശുപത്രി പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്ന് കാണിച്ച് അഞ്ച് ഭീഷണി കോളുകൾ ലഭിച്ചിരുന്നു. അജ്ഞാതൻ മൊബൈൽ ഫോണിലൂടെ നടത്തിയ കോളുകൾ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, രോഗികൾ എന്നിവരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഭീഷണിയെത്തുടർന്ന്,
പൊലീസ് ഉദ്യോഗസ്ഥരും, ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും ഉൾപ്പെടുന്ന സംഘം വിപുലമായ തിരച്ചിൽ ആരംഭിച്ചു. ആശുപത്രി കെട്ടിടം, പാർക്കിംഗ് ഏരിയ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഏകദേശം 10 മണിക്കൂർ സമഗ്രമായ തിരച്ചിൽ നടത്തി. എന്നാൽ സ്ഫോടകവസ്തുക്കളോ സംശയാസ്പദമായ വസ്‌തുക്കളോ കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോൾ പിടിയിലായ പിജി വിദ്യാർഥിനി തന്നെയാണ് ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതിനിടെ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ വാദി തന്നെയാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു.
ഷെഡ്യൂൾ ചെയ്‌ത ഒരു സെമിനാർ അവതരിപ്പിക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഡോ. മോണിക്ക കോളുകൾ വിളിച്ചതെന്ന് സംശയിക്കുന്നു. ശനിയാഴ്‌ച രാവിലെ വിദ്യാർഥിനിയെ കസ്റ്റഡിയിലെടുത്തു. കോളുകൾ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടത്തുന്നതായി ഉള്ളാൾ പൊലീസ് അറിയിച്ചു.