AI Generated Image.
സാധാരണ റോഡിലെ കുഴികള്‍ മനുഷ്യന്‍റെ ജീവനെടുക്കാറാണ് പതിവ്. എന്നാല്‍ ഹരിയാനയിലെ റോഡിലെ കുഴി ഒരാള്‍ക്ക് ജീവന്‍ തിരിച്ചുനല്‍കിയ വാര്‍ത്തയാണ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. ഡോക്ടര്‍മാരെയും ബന്ധുക്കളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് റോഡിലെ ഒരു കുഴി കാരണം ജീവിതത്തിലേക്ക് തിരിച്ചുവന്നത് ഒരു എണ്‍പതുകാരനാണ്.
കര്‍ണാല്‍ സ്വദേശിയായ ദര്‍ശന്‍ സിങ് ബ്രാര്‍ എന്ന വയോധികന്‍ ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. നാലു ദിവസം വെന്‍റിലേറ്ററില്‍ കിടന്ന ശേഷം രോഗി മരണപ്പെട്ടു എന്ന് ഡോക്ടര്‍മാരടക്കം വിധിയെഴുതി. ഇതനുസരിച്ച് ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം വിവരമറിയിച്ച് ദര്‍ശന്‍ സിങ്ങിന്‍റെ മരണാനന്തര ചടങ്ങിന് ആവശ്യമായ കാര്യങ്ങള്‍ കുടുംബം ഒരുക്കി. ചിതയടക്കം ഒരുക്കിവച്ച് കാത്തിരുന്നവര്‍ക്കിടയിലേക്ക് വന്നിറങ്ങിയത് ജീവനുള്ള മനുഷ്യനാണ്.
ധാന്ത് എന്ന സ്ഥലത്തിനടുത്ത് വച്ച് ‘മൃതദേഹ’വുമായെത്തിയ ആംബുലന്‍സ് ഒരു കുഴിയില്‍ ചാടി. ഈ സമയം ദര്‍ശന്‍ സിങ്ങിന്‍റെ കൈ ഒന്നനങ്ങി. ആംബുലന്‍സിലുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ കൊച്ചുമകന്‍ ബല്‍വാന്‍ സിങ്ങാണ് ഇത് കണ്ടത്. ഇതോടെ ബല്‍വാന്‍ ദര്‍ശന്‍ സിങ്ങിന്‍റെ ഹൃദയമിടിപ്പ് പരിശോധിച്ചു. അദ്ദേഹത്തിന്‍റെ ജീവനുണ്ടെന്നും ഹൃദയം മിടിക്കുന്നുണ്ടെന്നും മനസ്സിലാക്കിയ ബല്‍വാന്‍ സിങ് ഉടന്‍ തന്നെ ആംബുലന്‍സ് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് തിരിക്കാന്‍ പറഞ്ഞു.
ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ദര്‍ശന്‍ സിങ്ങിനെ പരിശോധിച്ചു നോക്കി. അവരും അത്ഭുതപ്പെട്ടുപോയി, അദ്ദേഹം ജീവനോടെയിരിക്കുന്നുവെന്ന് അറിയിച്ചു. ഉടന്‍ തന്നെ ദര്‍ശന്‍ സിങ്ങിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശവും നല്‍കി. നിലവില്‍ അദ്ദേഹം ചികിത്സയില്‍ തുടരുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ ഐ.സി.യുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ദര്‍ശന്‍ സിങ്ങിനെ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം ശ്വാസമെടുക്കുന്നുണ്ടായിരുന്നു, ബി.പിയും, പള്‍സ് റേറ്റുമെല്ലാം സാധാരണഗതിയിലായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ദൈവീകമായ തിരിച്ചുവരവ് എന്നാണ് ദര്‍ശന്‍ സിങ്ങിന്‍റെ തിരിച്ചുവരവിനെ കുറിച്ച് കുടുംബം പറയുന്നത്. ‘അത്ഭുതമാണ് സംഭവിച്ചത്. മരണവാര്‍ത്തയറിഞ്ഞ് സങ്കടത്തോടെ ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാനെത്തിയവര്‍ ഞങ്ങള്‍ക്ക് ആശംസകളറിയിച്ചാണ് മടങ്ങിപ്പോയത്. ദൈവാനുഗ്രഹം കൂടെയുണ്ട്. അദ്ദേഹം ഇപ്പോഴും ജീവനോടെയിരിക്കുന്നു’ എന്നാണ് കുടുംബം പിന്നീട് പ്രതികരിച്ചത്. അതേസമയം നിലവില്‍ ഐ.സി.യുവില്‍ തുടരുന്ന ദര്‍ശന്‍ സിങ്ങിന്‍റെ അവസ്ഥ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.