മിനി തമിഴ്നാട് എന്നറിയപ്പെടുന്ന ഡല്‍ഹി ജംഗ്പുരയിലെ മദ്രാസി ക്യാംപ് ഡല്‍ഹി ഡവലപ്‍മെന്‍റ് അതോറിറ്റി ഒഴിപ്പിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്‍റെ പിന്‍ബലത്തിലാണ് മുന്നൂറോളം കുടിലുകള്‍ പൊളിച്ചുനീക്കിയത്. പകരം താമസസൗകര്യം ലഭിച്ചതാകട്ടെ ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് മാത്രമാണ്.
ജംഗ്പുരയിലെ മദ്രാസി ക്യാംപ് കൂലിപ്പണി ചെയ്ത് ജീവിക്കുന്ന പാവങ്ങള്‍ താമസിക്കുന്ന സ്ഥലമാണ്. തമിഴ്നാട്ടില്‍നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെത്തിയവരുടെ കൂരകള്‍ ഓരോന്നായി മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാനെ ഇവര്‍ക്ക് കഴിയുന്നുള്ളു. വാരികെട്ടിയ സാധനങ്ങളെല്ലാമായി പലരും ഒഴിഞ്ഞുപോയി. അപ്പോഴും ചുട്ടുപൊള്ളുന്ന വേയിലത്തും ഉള്ളുനീറി, പ്രതിഷേധം പ്രകടിപ്പിക്കാന്‍ കഴിയാതെ ഒരുകൂട്ടം ആളുകള്‍ അവിടെയുണ്ടായിരുന്നു.നരേലയില്‍ ഇവര്‍ക്ക് ഫ്ലാറ്റുകള്‍ നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പലര്‍ക്കും ലഭിച്ചില്ല. പൊളിച്ച കുടിലുകള്‍ക്ക് പകരം 215 കുടുംബങ്ങള്‍ക്ക് ഫ്ലാറ്റുകള്‍ ലഭിക്കും. 155 കുടുംബങ്ങള്‍ക്ക് പോകാന്‍ ഒരുവഴിയുമില്ല.
പകരം വീടുകള്‍ ഇല്ലാത്തവര്‍ തല്‍ക്കാലം ബന്ധുവീടുകളിലേക്ക് മാറി. കോടതി ഉത്തരവിന്‍റെ പിന്‍ബലമുണ്ട്, സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയുണ്ട്, ഡല്‍ഹി പൊലീസുണ്ട്. പക്ഷേ, വീടുകള്‍ പൊളിച്ചുനീക്കുമ്പോള്‍ എങ്ങോട്ട് പോകണമെന്ന് ഇവര്‍ക്ക് അറിയുന്നില്ല.