നഴ്‌സിന്റെ അശ്രദ്ധമൂലം നവജാത ശിശുവിന്റെ വിരല്‍ മുറിഞ്ഞുപോയി. തമിഴ്‌നാട്ടിലെ വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. ഗ്ലൂക്കോസ് സൂചി മാറ്റുന്നതിനായി കുഞ്ഞിന്റെ കൈയില്‍ നിന്ന് ടേപ്പ് ഊരിമാറ്റുന്നതിനിടെ നഴ്‌സ് കത്രിക ഉപയോഗിച്ച് അബദ്ധത്തില്‍ കുഞ്ഞിന്റെ തള്ളവിരല്‍ മുറിച്ചുമാറ്റിയതായാണ് ആരോപണം. തമിഴ്‌നാട് മുള്ളിപാളയം സ്വദേശികളായ വിമല്‍രാജ്-നിവേദ ദമ്പതികളുടെ കുഞ്ഞിന്റെ വിരലാണ് നഴ്‌സ് മുറിച്ചുമാറ്റിയതായി ആരോപണം ഉയർന്നിരിക്കുന്നത്.
നഴ്‌സ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് അശ്രദ്ധയ്ക്ക് കാരണമായതെന്നും കുഞ്ഞിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. മെയ് 24നായിരുന്നു സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ കുഞ്ഞിനെ ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. ചികിത്സ തുടരുകയാണ്. സംഭവത്തില്‍ വെല്ലൂര്‍ ജില്ലാ കളക്ടര്‍ സുബ്ബലക്ഷ്മി അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. കുഞ്ഞിന്റെ കൈയില്‍ നിന്ന് സൂചി നീക്കം ചെയ്യുന്നതിനിടെ നഴ്‌സ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.