മണിപൂരില്‍ സമാധാനത്തിന്‍റെ സന്ദേശവുമായി സിറോയ് ലില്ലി ഉത്സവം. രണ്ട് വര്‍ഷമായി പരസ്പരം ഏറ്റുമുട്ടിയ മെയ്തെയ്കളും കുക്കികളും ഒന്നിച്ചെത്തുന്നിടമാണ് നാല് ദിവസം നീണ്ട ലില്ലി ഉത്സവം. ഈ മനോരഹര ദിവസങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതോ മലയാളിയും ഉക്രുല്‍ ജില്ല കലക്ടറുമായ ആശിഷ് ദാസും.
കലാപതീയും വിദ്വേഷവും അശാന്തിയും ആളിപടര്‍ന്ന അതേ മെയ് മാസത്തിൽ സമാധാനത്തിന്‍റേയും സ്നേഹത്തിന്‍റേയും പിങ്ക് സിറോയ് ലില്ലി പൂക്കള്‍ വിരിഞ്ഞു. നീലാകാശത്തിലേക്ക് തല ഉയർത്തി നിന്നു മണിപൂരിന്‍റെ സംസ്ഥാന പുഷ്പം. ഭൂമിയില്‍ മറ്റൊരിടത്തും കാണാനാകാത്ത പൂവസന്തം. മഞ്ഞുമൂടിയ ഷിരുയി കുന്നുകളില്‍ മാത്രം കാണുന്ന സിറോയ് ലില്ലി പൂക്കള്‍.
ഉക്രുൽ ജില്ലയിലെ കുന്നുകളില്‍ ലില്ലിപൂക്കള്‍ വിരിക്കുന്ന പിങ്ക് പരവതാനി പരസ്പരം വാളോങിയ മെയ്തെയ്കളും കുക്കികളും ഒന്നിക്കുന്നിടംകൂടിയാകുമ്പോൾ ആ കാഴ്ചയ്ക്ക് കുളിർമയേറെ. ഗവര്‍ണര്‍ അജയ് ഭല്ലയും ഉക്രുല്‍ കലക്ടറും മലയാളിയുമായ ആശിഷ് ദാസും അടക്കമുള്ളവർ ഈ കാഴ്ചയ്ക്കായി നടന്നെത്തിയത് സമുദ്രനിരപ്പിൽ നിന്ന് 9300 അടി ഉയരത്തിൽ.
ലില്ലിപ്പൂക്കൾ മാത്രമല്ല മണിപ്പൂരിന്‍റെ പാട്ടും നൃത്തവും വേഷവും ഭാഷയും ഭക്ഷണവും കലയും സംസ്കാരവും എല്ലാം ഒന്നിച്ച് അരങ്ങേറുന്നു ഈ ഉത്സവത്തിൽ. സുരക്ഷക്കായി ആയിരത്തിലധികം കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. സിറോയ് ലില്ലി ഉത്സവത്തിലൂടെ മൊട്ടിടുന്ന സ്നേഹസന്ദേശം മണിപൂരിലെങ്ങും എന്നെന്നേക്കുമായി ശാന്തി പരത്തട്ടെ.