ഇന്ത്യ–പാക് സംഘര്‍ഷപശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളിലേക്ക് പോകുന്ന സര്‍വകക്ഷി സംഘത്തിന്‍റെ ആദ്യസംഘം ഇന്ന് തിരിക്കും.
എന്തെല്ലാമാണ് 7 സംഘങ്ങളുടെ ദൗത്യം? ആരെയെല്ലാമാണ് ഇവര്‍ കാണുക ? എന്തെല്ലാമാണ് പറയുക?
രാജ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നയതന്ത്രദൗത്യത്തിനാണ് ഇന്ന് തുടക്കമാവുന്നത്. 35 രാജ്യങ്ങള്‍, 59 പ്രതിനിധികള്‍, ഏഴ് സംഘങ്ങള്‍. ചൈനയും പാക്കിസ്ഥാനും ഒഴികെയുള്ള യുഎന്‍ രക്ഷാസമിതി അംഗങ്ങളും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ അംഗങ്ങളുമായ രാജ്യങ്ങള്‍, ആഫ്രിക്കന് യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍. ഉദാഹരണത്തിന് രക്ഷാസമിതിയിലെ താല്‍ക്കാലിക അംഗങ്ങള്‍ എന്ന നിലയിലാണ് അള്‍ജീരിയ, സിയേറ ലിയോണ്‍ , സ്ലോവാനിയ തുടങ്ങിയ രാജ്യങ്ങളൊക്കെ ഈ സംഘം സന്ദര്‍ശിക്കുന്നത്.
എന്തിനാണ് യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ?
യുഎൻ രക്ഷാസമിതിയുടെ 1267ഉപരോധ ഉപസമിതിയില്‍ പഹല്‍ഗാം ആക്രമണം നടത്തിയ TRF നെ ആഗോളഭീകരസംഘടനയാക്കി പ്രഖ്യാപിക്കണം എന്ന ആവശ്യം മുന്നോട്ട് വച്ചിരിക്കുകയാണ്. ഇതിന് പിന്തുണ വേണം. അതുപോലെ ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണ നേടാനുള്ള പാക്കിസ്ഥാന്‍റെ ശ്രമങ്ങള്‍ക്ക് തടയിടുക.
ആരെയൊക്കെയാണ് ഈ സംഘം കാണുക?
1. അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ പ്രതിനിധികള്‍, വിദേശകാര്യമന്ത്രാലയങ്ങള്‍, മന്ത്രിമാര്‍
2.സര്‍ക്കാരുകള്‍ക്ക് മേല്‍ സ്വാധീനമുള്ള പ്രമുഖ വ്യക്തികള്‍
3. തിങ്ക് ടാങ്ക്, വിദഗ്ധരുള്‍പ്പെട്ട ഏജന്‍സികള്‍
4.മാധ്യമങ്ങള്‍. എല്ലായിടത്തും തന്നെ വാര്‍ത്താസമ്മേളനം, പ്രാദേശിക ഭാഷകളിലടക്കം ഉണ്ടാവും
5.ഇന്ത്യന്‍ സമൂഹം
എന്തെല്ലാമാണ് ഇന്ത്യന്‍ സംഘം പറയുക ?
1.പഹല്‍ഗാമിലുണ്ടായത് ഭീകരാക്രമണമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍
2.ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരാക്രമണത്തിനുള്ള മറുപടി മാത്രമായിരുന്നു, പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ ആക്രമിച്ചില്ല. അത് അവരോട് പറഞ്ഞു
3.ഭീകരവാദത്തിന്‍റെ ചരിത്രം, നാല് ദശാബ്ധമായി തുടരുന്ന ഭീകരവാദം
5. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഇക്കാര്യത്തില്‍ മൂന്നാംകക്ഷി മധ്യസ്ഥത ആവശ്യമില്ലെന്നും
ഏറ്റവും പ്രധാനസന്ദേശം, പാക്കിസ്ഥാനോടുള്ള നിലപാടിന് കാരണം അവര്‍ പ്രചരിപ്പിക്കും പോലെ ബിജെപി എന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രമല്ല , മറിച്ച് ഇന്ത്യ എന്ന രാജ്യത്തിന്‍റെ ഒറ്റവികാരമാണ് എന്നു കൂടിയാണ് ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തുക.