Image Credit: Instagram
'മുഗളന്‍മാരെ വിറപ്പിച്ച സിഖ് പോരാളി'യെന്ന പേരില്‍ അപ്ലോഡ് ചെയ്ത എഐ വിഡിയോ പ്രമുഖ യൂട്യൂബര്‍ ധ്രുവ് റാഠി പിന്‍വലിച്ചു. അകാല്‍ തക്ത്, ശിരോമണി അകാലി ദള്‍, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി എന്നീ സിഖ് സംഘടനകളില്‍ നിന്ന് കടുത്ത എതിര്‍പ്പുയര്‍ന്നതോടെയാണ് വിഡിയോ പിന്‍വലിച്ചത്. സിഖ് ഗുരുക്കന്‍മാരെ സാധാരണ മനുഷ്യരെ പോലെ ചിത്രീകരിക്കുന്നതും അവരെ കുറിച്ച് വിഡിയോകളുണ്ടാക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംഘടനകള്‍ വാദിക്കുന്നു.
വിഡിയോ പിന്‍വലിക്കുന്നതായി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ധ്രുവ് റാഠി അറിയിച്ചത്. വിഡിയോയിലൂടെ താന്‍ പറയാന്‍ ശ്രമിച്ചത് പോസിറ്റീവായ കാര്യങ്ങളാണെന്ന് വിശദീകരിച്ച ധ്രുവ് ചില കാഴ്ചക്കാര്‍ക്ക് വിഡിയോയിലെ ഉള്ളടക്കം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് അറിയിച്ചുവെന്നും അതിനാല്‍ വിഡിയോ പിന്‍വലിക്കുകയാണെന്നും വ്യക്തമാക്കി. ഈ സംഭവമൊരു രാഷ്ട്രീയ–മതപരമായ വിവാദമാക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ഇന്ത്യയുടെ ധീരന്‍മാരെ കുറിച്ച് വിദ്യാഭ്യാസത്തിനുതകുന്ന രീതിയില്‍ ഒരു വിഡിയോ ചിത്രീകരിക്കുക മാത്രമായിരുന്നു ശ്രമമെന്നും വിശദീകരിച്ചു.
അതേസമയം, സിഖ് ഗുരുക്കന്മാരെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് വിഡിയോയെന്നും അപമാനിക്കുന്നതാണെന്നും ഡല്‍ഹി കാബിനറ്റ് മന്ത്രി മജിന്ദര്‍ സിങ് സിര്‍സ വിമര്‍ശനം ഉന്നയിച്ചു. സിഖ് തത്വങ്ങള്‍ക്കും പാരമ്പര്യത്തിനും എതിരാണ് ഇത്തരം വിഡിയോകളെന്നായിരുന്നു സിഖ് സംഘടനകള്‍ പ്രതികരിച്ചത്. വിഡിയോ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമാണ് വിഡിയോയ്ക്കുള്ളിലുണ്ടായിരുന്നതെന്നും സംഘടനകള്‍ ആരോപിച്ചു.