Photo Credit; Instagram( jyoti malhotra )
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ ഹിസാറില്‍ പൊലീസ് അറസ്റ്റ് ചെയ്ത യൂട്യൂബര്‍ ജ്യോതി മൽഹോത്ര പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പൊലീസ്. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങൾ അവര്‍ പങ്കുവെച്ചിരുന്നത്.
ഹിസാർ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിതാ ട്രാവൽ ബ്ലോഗറാണ് ജ്യോതി മൽഹോത്ര. ‘ട്രാവൽ വിത്ത് ജോ’ എന്നാണ് ഇവരുടെ യൂട്യൂബ് ചാനലിന്‍റെ പേര്. 2023ലും കഴിഞ്ഞ വര്‍ഷവും ഇവര്‍ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും പാക്കിസ്ഥാനെക്കുറിച്ച് പോസിറ്റീവ് ഇമേജ് ഉണ്ടാക്കുക എന്ന ചുമതലയാണ് പാക് ഏജന്‍സികള്‍ ജ്യോതിയെ ഏല്‍പ്പിച്ചിരുന്നത്.
2023ൽ പാകിസ്ഥാനിലേക്കുള്ള ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി തന്നെയും തിരഞ്ഞെടുത്തുവെന്നും അങ്ങനെയാണ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതെന്നുമാണ് ചോദ്യം ചെയ്യലിൽ അവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പാക് സന്ദർശന വേളയിൽ, ഡാനിഷ് എന്ന് അറിയപ്പെടുന്ന അഹ്‌സാൻ-ഉർ-റഹീം എന്നയാളെ കണ്ടുമുട്ടി. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷവും വാട്ട്‌സ്ആപ്പ് വഴിയും മറ്റ് മെസേജിംഗ് ആപ്പുകൾ വഴിയും ബന്ധം തുടർന്നെന്ന് എഫ്ഐആറില്‍ പറയുന്നു.
ഡാനിഷിന്‍റെ നിർദേശപ്രകാരമാണ് ജ്യോതി രണ്ടാമതും പാകിസ്ഥാൻ സന്ദർശിച്ചത്. അന്ന് ഡാനിഷ് അവരെ അലി എഹ്‌സാൻ എന്നയാള്‍ക്ക് പരിചയപ്പെടുത്തി. അയാളാണ് പാക്കിസ്ഥാനിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ക്ക് ജ്യോതിയെ പരിചയപ്പെടുത്തിയത്.
പിന്നീട് ജ്യോതി പാക്ക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലെ, പ്രത്യേകിച്ച് പഞ്ചാബിലെയും ഹരിയാനയിലെയും സുപ്രധാന കേന്ദ്രങ്ങളുടെ ലൊക്കേഷനുകളും ചിത്രങ്ങളുമെല്ലാം പങ്കുവച്ചു. പൊലീസിനോ ആര്‍മിക്കോ സംശയം തോന്നാതിരിക്കാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകൾ മറ്റ് പേരുകളിലാണ് സേവ് ചെയ്തിരുന്നത്. പാക് ഉദ്യോഗസ്ഥരുമായുള്ള രഹസ്യബന്ധം മറച്ചുവെക്കാനുള്ള മനഃപൂർവമായ ശ്രമമാണ് അവര്‍ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
പൊലീസ് കസ്റ്റഡിയിലാണ് ജ്യോതി. ഹരിയാനയിലും പഞ്ചാബിലും വ്യാപിച്ചുകിടക്കുന്ന ചാരശൃംഖലയുടെ ഭാഗമാണ് ജ്യോതി മൽഹോത്രയെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഹരിയാനയില്‍ സമാനകുറ്റത്തിന് 24 കാരനായ നൗമാൻ ഇലാഹിക്ക് അറസ്റ്റിലായിരുന്നു. ഹരിയാനയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ഇയാള്‍ ഉത്തർപ്രദേശ് സ്വദേശിയാണ്. ജ്യോതിക്ക് പുറമേ പാക്കിസ്ഥാന് വിവരങ്ങള്‍ കൈമാറിയ മറ്റ് അഞ്ചുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്