തട്ടിപ്പുകളുടെയും വ്യാജന്‍മാരുടെയും നിരവധി വാര്‍ത്തകള്‍ മാത്രം നാം നിത്യേന കേള്‍ക്കാറുണ്ട്. ഇന്ത്യയുടെ സുപ്രീം കോടതിക്കുപോലും വ്യാജന്‍മാരില്‍നിന്നും തട്ടിപ്പുകളില്‍നിന്നും രക്ഷയില്ല. വ്യാജ എതിരാളിയെ ഹാജരാക്കിയാണ് ഒരു ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസില്‍ അനുകൂല വിധി സമ്പാദിക്കാനായിരുന്നു ഹര്‍ജിക്കാരന്‍റെ നീക്കം.
താനും എതിര്‍കക്ഷിയും തമ്മില്‍ സംസാരിച്ച് കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിക്കുകയായിരുന്നു. 'വ്യാജ' എതിര്‍കക്ഷിക്കുവേണ്ടി അഭിഭാഷകനെയും ഹര്‍ജിക്കാരന്‍ തന്നെ കോടതിയില്‍ ഹാജരാക്കി. അങ്ങനെ ഇരുവരുടെയും അഭിഭാഷകരുടെ ഒത്തുതീര്‍പ്പ് ധാരണ ശരിവച്ച് കോടതി കേസ് തീര്‍പ്പാക്കി. ഹര്‍ജിക്കാരന് അനുകൂല ഉത്തരവ് ലഭിച്ചു. കേസില്‍ ബിഹാറിലെ മുസാഫർപൂർ വിചാരണ കോടതിയും പട്ന ഹൈക്കോടതിയും ഹർജിക്കാരനെതിരെ പുറപ്പെടുവിച്ച ഉത്തരവുകൾ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.
അഞ്ചുമാസത്തിന് ശേഷമാണ് വ്യവഹാര തട്ടിപ്പില്‍ ട്വിസ്റ്റുണ്ടാവുന്നത്. കേസ് തീര്‍പ്പായെന്ന് കോടതി വെബ്സൈറ്റില്‍ കണ്ട് ഞെട്ടിയ യഥാർഥ എതിര്‍കക്ഷി ഉടന്‍ സുപ്രീം കോടതിയിലെത്തി. ഹർജിക്കാരനുമായി ഒത്തൂതീര്‍പ്പ് നടത്തിയിട്ടില്ലെന്നും സുപ്രീം കോടതിയിൽ തനിക്കായി ഹാജരാകാന്‍ അഭിഭാഷകനെ നിയോഗിച്ചിട്ടില്ലെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.
അമ്പരന്ന കോടതി ഉടന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് സുപ്രീം കോടതി രജിസ്ട്രിയോട് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട നല്‍കാന്‍ നിർദ്ദേശിച്ചത്. കോടതിയെ നിസ്സാരവൽക്കരിക്കാനാവില്ലെന്നും ആവശ്യമെങ്കിൽ കേസെടുക്കാന്‍ ഉത്തരവിടുമെന്നും ബെഞ്ച് മുന്നറിയിപ്പുനല്‍കി. സത്യം മറച്ചുവച്ച് വഞ്ചനയിലൂടെ നേടിയ ഉത്തരവ് റദ്ദാക്കണമെന്ന് യഥാര്‍ഥ എതിര്‍കക്ഷിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
വ്യാജ കക്ഷിക്കായി അഭിഭാഷകനും യഥാര്‍ഥ പേരിലല്ല ഹാജരായതെന്നും അപ്പോഴാണ് പുറത്തറിഞ്ഞത്. ആ പേരുള്ള യഥാര്‍ഥ അഭിഭാഷകന്‍ 80 വയസ്സുള്ള കുറച്ച് വർഷങ്ങളായി പ്രാക്ടീസ് ചെയ്യാത്തയാളാണ്. ഹർജിക്കാരൻ നിയമപരവും ധാർമ്മികവുമായ മാനദണ്ഡങ്ങൾ ലംഘിക്കുക മാത്രമല്ല, കോടതിയെ വഞ്ചിച്ചെന്നും എതിര്‍കക്ഷി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് തീര്‍പ്പാക്കിയ ഡിസംബറിലെ ഉത്തരവ് പിൻവലിച്ച് സുപ്രീം കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.