സംഘര്‍ഷങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ പാക്കിസ്ഥാന്‍റെ കള്ളപ്രചാരണങ്ങള്‍ക്കെതിരെ തെളിവ് സഹിതം രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ എസ് -400, വിവിധ വ്യോമതാവളങ്ങൾ എന്നിവ പാകിസ്ഥാൻ നശിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്ന് വിങ് കമാന്‍ഡര്‍ വ്യോമിക സിങ് വ്യക്തമാക്കി. ശനിയാഴ്ച നടന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഈ വെളിപ്പെടുത്തലുകള്‍.
പാക്കിസ്ഥാൻ തുടർച്ചയായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിങ് കമാന്‍ഡര്‍ പറഞ്ഞു. ഇന്ത്യന്‍ സായുധസേന സൈനികലക്ഷ്യങ്ങളില്‍ മാത്രമാണ് ആക്രമണം നടത്തിയത്. എന്നാല്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയുടെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം നശിപ്പിച്ചതായും സൂറത്തിലെയും സിർസയിലെയും വ്യോമതാവളങ്ങൾ നശിപ്പിച്ചതായും അവര്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. ഈ പ്രചാരണങ്ങള്‍ ഇന്ത്യ പൂര്‍ണമായും തള്ളിക്കളയുന്നു. എന്നും വിങ് കമാന്‍ഡര്‍ വ്യക്തമാക്കി.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവർ സംയുക്തമായാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. കേടുപാടുകൾ സംഭവിക്കാത്ത ഇന്ത്യൻ വ്യോമതാവളങ്ങളുടെ സമയം സൂചിപ്പിച്ചുകൊണ്ടുള്ള പുതിയ ചിത്രങ്ങളും പ്രദർശിപ്പിച്ചു. ഇന്ത്യയിലെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതി സംവിധാനങ്ങൾ, സൈബർ സംവിധാനങ്ങൾ എന്നിവയുടെ വലിയൊരു വിഭാഗം പാകിസ്ഥാൻ ആക്രമിക്കുന്നുണ്ടെന്ന അവകാശവാദങ്ങളും പൂര്‍ണ്ണമായും തെറ്റാണെന്ന് വിക്രം മിശ്രി വ്യക്തമാക്കി.
പാക്കിസ്ഥാന്‍ പ്രചരിപ്പിക്കുന്ന നുണകള്‍ കേട്ട് ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടരുതെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പാകിസ്ഥാൻ മാധ്യമങ്ങളിൽ നിന്നും സർക്കാരുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും തെറ്റായ നിരവധി വിവരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അവര്‍ വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ സര്‍ക്കാരിന്റെ ഔദ്യോഗിക വസ്തുതാ പരിശോധനാ ഏജൻസി സോഷ്യൽ മീഡിയയിലൂടെ പാകിസ്ഥാൻ മാധ്യമങ്ങളുടെ അവകാശവാദങ്ങൾ നിരന്തരം പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ്.