hania-amir-comment

Image Credit: Social Media

ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കടുക്കുകയാണ്. ഇതിനകം പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി കടുത്ത ന‍ടപടികളുമായി രംഗത്തെത്തിയിരുന്നു. അട്ടാരി അതിര്‍ത്തി അടയ്ക്കുക, സിന്ധു നദീജല കരാര്‍ റദ്ദാക്കുവ എന്നിവയ്ക്ക് പിന്നാലെ പാകിസ്ഥാനില്‍ നിന്നുള്ള നിരവധി സെലിബ്രിറ്റികളുടെ ഇന്‍‌സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കും രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു. 

നിലവില്‍ രാജ്യത്തുനിന്ന് നിരോധിക്കപ്പെട്ട ഈ അക്കൗണ്ടുകളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ‘ഈ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമല്ല, നിയമപരമായി ഈ ഉള്ളടക്കം നിയന്ത്രിച്ചിരിക്കുന്നു’ എന്ന സന്ദേശമാണ് ലഭിക്കുക. എന്നാല്‍ പാക് നടിയും യൂട്യൂബറുമായ ഹനിയ ആമിറിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വ്യക്തമാക്കുന്നത് ഇഷ്ട താരത്തിന്‍റെ അക്കൗണ്ട് സന്ദര്‍ശിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള പലരും വിപിഎന്‍ ഉപയോഗിക്കുന്നു എന്നാണ്.

‘നിങ്ങള്‍ക്കായി ഞങ്ങള്‍ വിപിഎന്‍ സബ്സ്ക്രിപ്ഷന്‍ എടുത്തിരിക്കുന്നു’ എന്നാണ് ആരാധകരില്‍ ഒരാള്‍ താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. വിപിഎന്‍ ഉപയോഗിച്ച് തന്‍റെ ചിത്രങ്ങള്‍ക്കുതാഴെ കമന്‍റ് ചെയ്ത ആരാധകര്‍ക്ക് മറുപടിയും ഹാനിയ നല്‍കിയിട്ടുണ്ട്. ‘ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, സന്തോഷം കാരണം കരച്ചില്‍ വരുന്നു’ എന്നായിരുന്നു ഹാനിയയുടെ മറുപടി. ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ഹാനിയയെ കൂടാതെ മാഹിറ ഖാന്‍, അലി സഫര്‍, സനം സയീദ്, ബിലാല്‍ അബ്ബാസ്, ഇമ്രാന്‍ അബ്ബാസ്, സജല്‍ അലി എന്നിവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കും ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 16 പാക് യൂട്യൂബ് ചാനലുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രകോപനപരവും സാമുദായിക സ്പര്‍ദ വളര്‍ത്തുന്നതുമായ ഉള്ളടക്കം പ്രചരിപ്പിച്ചു, രാജ്യത്തെയും സൈന്യത്തെയും സുരക്ഷാ ഏജൻസികളെയും ലക്ഷ്യം വച്ചുള്ള തെറ്റായ വിവരണങ്ങൾ പ്രചരിപ്പിച്ച എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു യൂട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചത്.

ENGLISH SUMMARY:

Following the April 22 Pahalgam terror attack, tensions have escalated between India and Pakistan. In response, India has taken a series of strict measures, including shutting down the Attari border and suspending the Indus Waters Treaty. Several Pakistani celebrities' Instagram accounts, including those of Hania Aamir, Mahira Khan, and Ali Zafar, have been blocked in India. Attempting to access these accounts from India now shows a legal restriction notice. Interestingly, fans are reportedly using VPNs to continue following their favorite stars, with Hania Aamir acknowledging their support emotionally. Additionally, 16 Pakistani YouTube channels have been banned for allegedly spreading provocative and misleading content targeting India’s military and security agencies.