പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടുങ്ങി വിറങ്ങലിച്ചു നില്‍ക്കുന്ന കശ്മീര്‍ ജനതയ്ക്ക് ആശ്വാസം പകര്‍ന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. പഹല്‍ഗാമിലേത് ഭയാനകമായ അവസ്ഥയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ ഘട്ടത്തില്‍ നമ്മുടെ രാജ്യം ഒറ്റക്കെട്ടായി ചേര്‍ന്നു നില്‍ക്കുയാണ്. കശ്മീര്‍ ജനതയെ ഒറ്റപ്പെടുത്തരുതെന്ന് എടുത്തു പറഞ്ഞ രാഹുല്‍ രാജ്യമൊന്നാകെ കൂടെയുണ്ടെന്ന് ഓര്‍മിപ്പിച്ചു. ചിലരെങ്കിലും കശ്മീരി സഹോദരങ്ങളെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും എടുത്തു പറഞ്ഞു.
നമ്മളെ തമ്മില്‍ തല്ലിക്കുകയെന്നതാണ് ഈ ഹീനമായ ആക്രമണത്തിന്‍റെ ലക്ഷ്യമെന്ന് ഓരോ ഇന്ത്യക്കാരനും മനസിലോര്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ ഇന്ത്യക്കാരനും ഇതിനെ ചെറുക്കണമെന്നും അങ്ങനെയേ ഭീകരതയെ നേരിടാനാകൂവെന്നും കൂട്ടിച്ചേര്‍ത്തു. ഭീകരതയ്ക്കെതിരായ ഈ യുദ്ധത്തില്‍ സര്‍ക്കാരിന്‍റെ എല്ലാ നടപടികള്‍ക്കും പ്രതിപക്ഷത്തിന്‍റെ പിന്തുണയുണ്ടെന്നും പ്രഖ്യാപിച്ചു.
ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലുള്ളവരെ രാഹുല്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് പ്രതിപക്ഷനേതാവ് ശ്രീനഗറിലെത്തിയത്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെയും വിദ്യാര്‍ഥികളെയും കാണും. കാശ്മീരിന്‍റെ മുറിവുണക്കുക എന്നതാണ് രാഹുലിന്‍റെ സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യം. ഒപ്പം ഈ പ്രതിസന്ധി ഘട്ടത്തില്‍ കശ്മീര്‍ ജനതയെ ഒറ്റപ്പെട്ടു പോകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹത്തിന്‍റെ വാക്കുകളിലുണ്ട്.
രാഹുലിനും ഗാന്ധി കുടുംബത്തിനും വൈകാരിക–പൈതൃകബന്ധമുള്ള നാടാണ് കശ്മീര്‍. മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ കുടുംബപശ്ചാത്തലം മാത്രമല്ല, രാഷ്ട്രീയ ചരിത്രവുമായും കശ്മീരിന് അഭേദ്യമായ ബന്ധമുണ്ട്. കശ്മീരിനെ ഇന്ത്യയ്ക്കൊപ്പം നിര്‍ത്തുന്നതില്‍ ഏറ്റവും നിര്‍ണായകമായ പങ്കു വഹിച്ചത് നെഹ്റുവാണെന്നത് കശ്മീര്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടാണ്. കശ്മീരിന് പ്രത്യേക പരിഗണന നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതും നെഹ്റു സര്‍ക്കാരാണ്. നെഹ്റുവിന്‍റെ കശ്മീര്‍ നയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചരിത്രസന്ദര്‍ഭങ്ങളുണ്ടെന്നതും യാഥാര്‍ഥ്യം.
പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ കശ്മീര്‍ ജനതയ്ക്കൊപ്പം ഇന്ത്യ ഒറ്റക്കെട്ടാണെന്ന് അറിയിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ജനതയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നതെന്ന് മേഖലയിലെ ജനങ്ങളുടെ പ്രതികരണം. അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലും നിര്‍ണായകമായി മാറിയ ഭാരത് ജോഡോ യാത്രയുടെ സമാപനവും കശ്മീരിലായിരുന്നു. 2023 ജനുവരി 30ന് ശ്രീനഗറില്‍ നടത്തിയ സമാപനപ്രസംഗത്തിലും കശ്മീരിനോടുള്ള വൈകാരികവായ്പ് രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചിരുന്നു. വേദനിക്കുന്ന ജനതയോടൊപ്പം അവര്‍ക്കിടയില്‍ നില്‍ക്കുകയെന്ന സന്ദേശമാണ് മണിപ്പൂരിലേതു പോലെ കശ്മീരിലും രാഹുല്‍ ഗാന്ധി നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് വിശദീകരിക്കുന്നു.