പാക്കിസ്ഥാനുമായി യുദ്ധമുണ്ടായപ്പോള്‍ പോലും സ്വീകരിക്കാത്ത കര്‍ശന നടപടിയാണ് സിന്ധു നദീജല കരാറിന്‍റെ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ചത്. കരാര്‍ മരവിപ്പിച്ചത് കടുത്ത വരള്‍ച്ചയിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും വരെ പാക്കിസ്ഥാനെ തള്ളിവിട്ടേക്കും. ഇതിന് ജനങ്ങളോട് പാക് സര്‍ക്കാര്‍ മറുപടി പറയേണ്ടിയും വരും
സ്വാതന്ത്ര്യാനന്തരം തുടങ്ങിയതാണ് സിന്ധുനദീജലതര്‍ക്കം. പലതവണ ചര്‍ച്ച നടത്തിയശേഷം 1960 സെപ്റ്റംബര്‍ 19 ന് ലോകബാങ്ക് മധ്യസ്ഥതയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഉടമ്പടിയില്‍ ഒപ്പുവച്ചു. സിന്ധു നദിയുടെ ഭാഗമായ കിഴക്കോട്ടൊഴുകുന്ന ബിയാസ്, രവി, സത്‌ലജ് നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറോട്ട് ഒഴുകുന്ന സിന്ധു, ചെനാബ്, ഝലം നദികളുടെ നിയന്ത്രണം പാക്കിസ്ഥാനും എന്നതായിരുന്നു കരാര്‍. പാക്കിസ്ഥാന് 99 ബില്ല്യന്‍ ക്യുബിക് മീറ്റര്‍ വെള്ളവും ഇന്ത്യയ്ക്ക് 41 ബില്ല്യന്‍ ക്യുബിക് മീറ്റര്‍ വെള്ളവുമാണ് ലഭിച്ചിരുന്നത്. പാക്കിസ്ഥാന്‍റെ പ്രധാന ജലസ്രോതസും ഈ മൂന്ന് നദികളാണ്.
68 ശതമാനംപേരും ജലസേചനത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. ഉടമ്പടി മരവിപ്പിക്കുന്നത് പാക്കിസ്ഥാന്‍റെ കാര്‍ഷിക മേഖലയെ വന്‍ തോതില്‍ ബാധിക്കുമെന്നുറപ്പ്. വിളവെടുപ്പ് കുറയുമ്പോള്‍ സ്വാഭാവികമായും ഭക്ഷ്യക്ഷാമമുണ്ടാകും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് കാര്‍ഷികമേഖലയിലെ തിരിച്ചടി ഇരട്ടിപ്രഹരമാകും.
ജനങ്ങള്‍ പട്ടിണിയിലാവുമ്പോള്‍ മറുപടി പറയേണ്ടിവരിക ആ രാജ്യത്തെ ഭരണകൂടമാണ്. എത്ര ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ചാലും പരിധിവിടുമ്പോള്‍ ജനവികാരം സര്‍ക്കാരിന് എതരാവും. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ നീക്കം യഥാര്‍ഥ സര്‍ജിക്കല്‍ സ്ട്രൈക്ക് ആയി മാറുന്നത്.