മുംബൈ ഭീകരാക്രമണക്കേസില്‍ ഡേവിഡ് ഹെഡ്‌ലിയെ വീണ്ടും ചോദ്യംചെയ്യാന്‍ എന്‍ഐഎ. തഹാവൂര്‍ റാണയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇന്ത്യയുടെ അഭ്യര്‍ഥനയോട് അമേരിക്ക സമ്മതം മൂളുമോ എന്നാണ് ഇനി അറിയേണ്ടത്.
ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് തഹാവൂര്‍ റാണയെ ചോദ്യംചെയ്ത്, മുംബൈ ഭീകരാക്രമണത്തിന്‍റെ വിശാല ഗൂഢാലോചന അന്വേഷിക്കുകയാണ് എന്‍ഐഎ. കൊടുംഭീകരരായ ഹാഫിസ് സയിദ്, സാഖിയുര്‍ റഹ്മാന്‍ ലഖ്‌വി, അബ്ദുല്‍ റഹ്മാന്‍, ഇല്യാസ് കശ്മീരി എന്നിവരെയും പാക് ചാരസംഘടനയായ ഐഎസ്ഐ ഉദ്യോഗസ്ഥരായ സാമിര്‍ അലിയുടെയും ഇക്ബാലിന്‍റെയും പങ്ക് കണ്ടെത്താനാണ് എന്‍ഐഎ ഹെഡ്‌ലിയെ ചോദ്യംചെയ്യാനൊരുങ്ങുന്നത്.
2006ലാണ് ലഷ്കറെ തയിബ മുംബൈ ഭീകരാക്രമണത്തിന്‍റെ ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്താന്‍, ഹെഡ്‍ലിയെ ചുമതലപ്പെടുത്തിയത്. 35 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച യുഎസിലെ ജയിലിലുള്ള ഹെഡ്‍ലിയെ 2010ല്‍ ഒരുതവണ മാത്രമാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ചോദ്യംചെയ്യാന്‍ അവസരം ലഭിച്ചത്.