ട്രെയിന്‍ യാത്രയ്ക്കിടെ കയ്യില്‍ പണമില്ലാത്തതിന്‍റെ ബുദ്ധിമുട്ട് പലരും അനുഭവിച്ചിട്ടുണ്ടാകും. ഈ ബുദ്ധിമുട്ട് ഇനി ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഓടുന്ന ട്രെയിനില്‍ എടിഎം സ്ഥാപിച്ച വിവരം മന്ത്രി അശ്വിനി വൈഷ്ണവാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. റെയില്‍വേയുടെ 172–ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് 'കാഷ് ഓണ്‍ വീല്‍സ്' പദ്ധതിക്ക് തുടക്കമിട്ടത്.
മഹാരാഷ്ട്രയിലെ മന്‍മാഡ്– സി.എസ്.എം.ടി പഞ്ച്‌വതി എക്സ്പ്രസ് ട്രെയിനില്‍ ആണ് ആദ്യമായി എടിഎം സ്ഥാപിച്ചത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടിഎമ്മാണ് ട്രെയിനില്‍ സ്ഥാപിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട എടിഎം സ്ഥാപിക്കല്‍ വിജയകരമെന്ന് കണ്ടാല്‍ മറ്റു ട്രെയിനുകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.
ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനുള്ള റെയില്‍വേയുടെ പുത്തന്‍ പദ്ധതികളുടെ കൂട്ടത്തിലാണ് ട്രെയിനുകളില്‍ എടിഎം സ്ഥാപിക്കാനുള്ള പദ്ധതിയും ഇടംപിടിച്ചത്. കന്നിയാത്രയില്‍ ഇഗത്പുരിക്ക് സമീപം നെറ്റ്വര്ക് തടസങ്ങളുണ്ടായതൊഴിച്ചാല്‍ എടിഎം കൂളായി പ്രവര്‍ത്തിച്ചുവെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. നിലവില്‍ എസി കോച്ചിലാണ് എടിഎം സ്ഥാപിച്ചത്. എന്നിരുന്നാലും എല്ലാ കോച്ചുകളിലുമുള്ളവര്‍ക്ക് ഇവിടേക്ക് എത്തി പണം പിന്‍വലിക്കാന്‍ കഴിയും.
ട്രെയിനിലെ കംപാര്‍ട്മെന്‍റിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിന്‍ ഓടുമ്പോഴുള്ള പ്രകമ്പനം ബാധിക്കാതിരിക്കാന്‍ റബര്‍ പാഡുകളും ബോള്‍ട്ടുകളും ഉപയോഗിച്ച് മെഷീന്‍ ഉറപ്പിച്ചിട്ടുമുണ്ട്. എടിഎമ്മിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും 24 മണിക്കൂറും സിസിടിവി വഴി നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പണം പിന്‍വലിക്കുന്നതിന് പുറമെ ചെക്ക്ബുക്ക് ഓര്‍ഡര്‍ ചെയ്യാനും അക്കൗണ്ട് സ്റ്റേറ്റ്മെന്‍റെടുക്കാനുമെല്ലാം ഈ സഞ്ചരിക്കുന്ന എടിഎമ്മിലൂടെയും കഴിയും. പഞ്ച്‌വതി എക്സ്പ്രസിന് പുറമെ മുംബൈ–ഹിങ്കോലി ജന്‍ ശതാബ്ദി എക്സ്പ്രസിലും എടിഎം സേവനം ലഭ്യമാണ്.