എയര്‍ടെല്ലിന് പിന്നാലെ ജിയോയും ഇലോണ്‍ മസ്‍കിന്‍റെ സ്റ്റാര്‍ലിങ്കുമായി കൈകോര്‍ത്തതോടെ രാജ്യത്ത് അതിവേഗ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് വഴിതുറക്കുന്നു.
രാജ്യത്തെ മുന്‍നിര ടെലികോം ദാതാക്കള്‍ സ്പേസ് എക്സിന് കൈകൊടുക്കുമ്പോള്‍ ഡിജിറ്റല്‍ മേഖലയില്‍ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാര്‍ലിങ്കിന്‍റെ ഉപഗ്രഹം വഴിയുള്ള ഇന്‍റര്‍നെറ്റ് സേവനം ഗ്രാമപ്രദേശങ്ങളിലുള്‍പ്പെടെ ലഭ്യമാകും. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും ടവറുകളും ആവശ്യമില്ല. അതിന് പകരം ഡിടിഎച്ചിന് സമാനമായ ചെറിയ ആന്‍റിനകള്‍ മതിയാകും. ഗ്രാമീണമേഖലയിലെ സ്കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഉള്‍പ്പെടെ ഇപ്പോള്‍ നേരിടുന്ന നെറ്റിന്‍റെ പോരായ്മ പരിഹരിക്കാം.
ജിയോയുടെയും എയര്‍ടെലിന്‍റെയും സ്റ്റോറുകള്‍ വഴി സ്റ്റാര്‍ലിങ്കിന്‍റെ സേവനങ്ങള്‍ ലഭ്യമാക്കും. ഉപഗ്രഹ സേവനത്തിനായി യൂടെല്‍സാറ്റിന്‍റെ വണ്‍വെബുമായും എയര്‍ടെല്‍ ധാരണയില്‍ എത്തിയിരുന്നു. തുടക്കത്തിലെ കമ്പനികളുടെ മല്‍സരം കുറഞ്ഞ താരിഫിനും വഴിതെളിച്ചെക്കും. സ്റ്റാര്‍ലിങ്കിന് ഏതാനും മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അന്തിമ അനുമതി ലഭിച്ചേക്കും. ഇതിന് പിന്നാലെയാകും സേവനങ്ങള്‍ ആരംഭിക്കുക.