റേഞ്ച് ഓഫീസറുടെ സസ്പെന്‍ഷനെ ചൊല്ലി വനംമന്ത്രിക്കും ഓഫീസ് ജീവനക്കാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍. ഫ്ളൈയിങ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ വി.എസ്. രജ്ഞിത്തിന്‍റെ സസ്പെന്‍ഷന് പിന്നില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ വനിതാ ജീവനക്കാരിയുടെ ഇടപെടലെന്നാണ് വനംവകുപ്പിലെ ഒരു വിഭാഗം ആരോപിക്കുന്നത്. ഇതോടെ മന്ത്രിയുടെ ഓഫീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ശീതസമരം രൂക്ഷമായിരിക്കുകയാണ്.
രഞ്ജിത്തിനെതിരെ തിരുവനന്തപുരത്തെ തന്നെ ഒരു വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മാനസിക പീഡനം ആരോപിച്ച് വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ 28ന് രഞ്ജിത്തിനെ സുല്‍ത്താന്‍ ബത്തേരിയിലേക്ക് സ്ഥലംമാറ്റി. അതിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് രഞ്ജിത്ത് സ്റ്റേ വാങ്ങി. തൊട്ടുപിന്നാലെ ബുധനാഴ്ച വൈകിട്ട് രഞ്ജിത്തിനെ സസ്പെന്‍ഡ് ചെയ്തു.
വനംവകുപ്പ് മേധാവിക്ക് പകരം വനം അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. രഞ്ജിത്തിനെതിരെ പരാതി നല്‍കിയ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ സ്വാധീനത്തിന് വഴങ്ങി, മന്ത്രിയും ഓഫീസിലെ ചില ജീവനക്കാരും ഇടപെട്ടാണ് സസ്പെന്‍ഷനെന്നാണ് ആക്ഷേപം. വനിതാ ഓഫീസര്‍ക്കെതിരെ നേരത്തെ ഉയര്‍ന്ന ചില പരാതികള്‍ അന്വേഷിച്ചത് രഞ്ജിത്തായിരുന്നു.
അതിന്‍റെ വൈരാഗ്യത്തിലാണ് മാനസിക പീഡന പരാതിയും മന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ചുള്ള സസ്പെന്‍ഷനുമെന്നാണ് റേഞ്ച് ഓഫീസര്‍മാരുടെ സംഘടന ആരോപിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച മന്ത്രിയുടെ ഓഫീസ്, വനിതാ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള അച്ചടക്ക നടപടിയെന്ന് വിശദീകരിച്ചു.