മൂന്ന് ഗ്രാമത്തിലെ ജനങ്ങള്‍ക്കെല്ലാവര്‍ക്കും മാരകമായ മുടികൊഴിച്ചില്‍. മുടി മുഴുവന്‍ കൊഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഗ്രാമവാസികളെല്ലാം മൊട്ടത്തലയായി. ഇതോടെ സംഭവത്തെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യവിദഗ്ധര്‍ ഇവിടേക്കെത്തി. കണ്ടെക്കിയിരിക്കുന്നതാകട്ടെ നടുക്കുന്ന യാഥാര്‍ഥ്യം. റേഷന്‍കടയിലെ ഗോതമ്പ് കഴിച്ചവരിലാണ് അസാധാരണ മുടിക്കൊഴിച്ചിലുണ്ടായത്. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് സംഭവം. ബൊര്‍ഗോണ്‍, കല്‍വാദ്, ഹിങ്ക്ന എന്നീ ഗ്രാമങ്ങളിലെ ജനങ്ങളിലാണ് അപൂര്‍വാവസ്ഥ കണ്ടെത്തിയത്.
റേഷന്‍കട വഴി വിതരണം ചെയ്ത ഗോതമ്പിൽ ഉയർന്ന അളവിൽ സെലീനിയം കണ്ടെത്തി. ഇതാണ് ഗ്രാമവാസികളെ മുഴുവന്‍ മൊട്ടത്തലയാക്കിയത്. റായ്ഗഡിലെ ബവാസ്കർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്‍റെ എം.ഡി ഡോ. ഹിമ്മത് റാവു ബവാസ്കറാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കീടനാശിനികള്‍ കലര്‍ന്ന് വിഷാംശമായ വെള്ളമാകാം ഈ അപൂര്‍വ മുടികൊഴിച്ചില്‍ അവസ്ഥയ്ക്ക് കാരണമെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക നിഗമനം.
വെള്ളത്തിന്റെയും ഗ്രാമവാസികളുടെ തലമുടി, ത്വക്ക് സാംപിളുകളടക്കം ആരോഗ്യവിദഗ്ധര്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ സാമ്പിളുകളില്‍ രക്തം, മൂത്രം, മുടി എന്നിവയിൽ സെലീനിയത്തിന്റെ അളവ് അനുവദിനീയമായതിനേക്കൾ ഉയർന്നതായി കണ്ടെത്തിയിരുന്നു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഗോതമ്പിൽ ഉയർന്ന അളവിൽ സെലീനിയം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഗോതമ്പിനുള്ളിൽ ഉള്ളതിനേക്കാൾ 600 മടങ്ങ് കൂടുതലാണ് ഇറക്കുമതി ചെയ്ത ഗോതമ്പിലെ സെലീനിയത്തിലെ അളവ്.
2024 ഡിസംബർ മുതൽ 2025 ജനുവരി വരെ ബുല്‍ധാനയിലെ 18 ഗ്രാമങ്ങളിൽ നിന്ന് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ 279 പേരുടെ മുടിയാണ് അസാധാരണമായി കൊഴിഞ്ഞുപോയത്. തലമുടി വേരോടെ ഊര്‍ന്നുപോകുന്ന അവസ്ഥ. മുടി കൊഴിച്ചില്‍ ആരംഭിച്ചുകഴിഞ്ഞ് മൂന്നുനാലു ദിവസങ്ങള്‍ക്കുള്ളില്‍ തല കഷണ്ടിയാകുന്ന അവസ്ഥ. കഴിച്ച ഗോതമ്പാണ് വില്ലനെന്ന് തിരിച്ചറിഞ്ഞതോടെ ജനങ്ങളും പരിഭ്രാന്തിയിലാണ്.