siva-karthikeyan

TOPICS COVERED

കേരളത്തെ നടുക്കിയ 2018ലെ പ്രളയത്തില്‍ ക്രിക്കറ്റ് കിറ്റ് അടക്കം എല്ലാം നഷ്ടമായപ്പോള്‍ സഹായവുമായി എത്തിയത് തമിഴ് നടന്‍ ശിവകാര്‍ത്തികേയനെന്ന് മലയാളി ക്രിക്കറ്റ് താരം സജന സജീവന്‍. ശിവകാര്‍ത്തികേയന്‍ നല്‍കിയ സ്പൈക്ക്സുമായാണ് ഒരാഴ്ച്ചയ്ക്കകം ടൂര്‍ണമെന്റില്‍ പങ്കെടുത്തതെന്നും വയനാടുകാരി സജന ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 

 

2018ലെ പ്രളയത്തില്‍ സജന സജീവനും കുടുംബത്തിനും വയനാട്ടിലെ വീടടക്കം സമ്പാദ്യങ്ങളെല്ലാം നഷ്ടമായിരുന്നു.  സജന ക്രിക്കറ്റ് കളിച്ച് നേടിയ മെഡലുകളും ട്രോഫികളും,   ക്രിക്കറ്റ് ബാറ്റും ബോളും സ്പൈക്സും അടക്കം മുഴുവന്‍ കിറ്റും പ്രളയത്തില്‍ നഷ്ടപ്പെട്ടു. ക്രിക്കറ്റിനൊപ്പം അഭിനയവും കൈമുതലാക്കിയിരുന്ന സജന ആ വര്‍ഷമാണ് കനാ എന്ന തമിഴ്  സ്പോര്‍ട്സ് ഡ്രാമയില്‍ അഭിനയിച്ചത്. ശിവകാര്‍ത്തികേയന്‍ ക്രിക്കറ്റ് പരിശീലകന്റെ റോളിലെത്തുന്ന ചിത്രമാണ് കനാ. പ്രളയശേഷം സജനയെ തേടി കനായിലെ നായകന്റെ വിളിയെത്തി. എന്തെങ്കിലും സഹായം വേണോയെന്ന് ചോദിച്ചപ്പോള്‍ ക്രിക്കറ്റ് കിറ്റ് നഷ്ടമായെന്നും ഒരു സ്പൈക്സ് വേണമെന്നും സജനയുടെ മറുപടി. ഒരാഴ്ച്ചയ്ക്കകം പുതിയ സ്പൈക്കുകള്‍ സജനയെ തേടിയെത്തി. ശിവകാര്‍ത്തികേയന്‍ നല്‍കിയ സ്പൈക്ക്സുമണിഞ്ഞാണ് സജന സജീവന്‍ ചലഞ്ചര്‍ ട്രോഫിയില്‍ മല്‍സരിച്ചത്. കഴി‍ഞ്ഞ സീസണില്‍ 15 ലക്ഷം രൂപയ്ക്കാണ് മുംൈബ ഇന്ത്യന്‍സ് സജനയെ സ്വന്തമാക്കിയത്. അദ്യ മല്‍സരത്തില്‍ അവസാനപന്തില്‍ സിക്സറടിച്ച് കളിജയിപ്പിച്ചത് സജനയുടെ കരിയറില്‍ വഴിത്തിരിവായി. പിന്നീട് ഇന്ത്യന്‍ ടീമിലടക്കം സജന സ്ഥിരസാന്നിധ്യമായി

ENGLISH SUMMARY:

Malayali cricketer Sajan Sajeevan revealed that Tamil actor Sivakarthikeyan came forward to help him after he lost everything including his cricket kit in the 2018 floods