wedding-udambadi

വാലൻ്റൈൻസ് ഡേ ഇങ്ങെത്തി കഴിഞ്ഞു. ആളുകള്‍ അവരുടെ പങ്കാളികളോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ പലവഴികളും അന്വേഷിക്കുകയാണ്. വാലൻ്റൈൻസ് ഡേ വാരത്തില്‍ റോസാപ്പൂക്കളും ചോക്ലേറ്റുകളുമെല്ലാം കൊടുക്കുന്നത് സ്വഭാവികമാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഒരു വാലൻ്റൈൻസ് ഉടമ്പടിയാണ് സോഷ്യല്‍ ലോകത്തിപ്പോള്‍ വൈറലാകുന്നത്. 

'വിവാഹം ഇത്ര ബുദ്ധിമുട്ടാണെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 2 വർഷമായി, ഈ 'വിവാഹ ഉടമ്പടി'യിൽ ഒപ്പിടാൻ എന്‍റെ ഭാര്യ എന്നോട് ആവശ്യപ്പെട്ടു. എന്താണ് സുഹൃത്തുക്കളെ?' എന്ന അടിക്കുറിപ്പോടെയാണ് വിവാഹ ഉടമ്പടിയുടെ ചിത്രം യുവാവ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വിവാഹ ഉടമ്പടി വൈറലായി. നിരവധിയാളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്. 

'ഗൃഹനിയമങ്ങള്‍' എന്ന തലക്കെട്ടോടെ ഇരുവരും പാലിക്കേണ്ട ചില നിയമങ്ങളാണ് ഉടമ്പടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദമ്പതികള്‍ തമ്മില്‍ ഇടയ്ക്കുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നും പ്രണയം പുനരുജ്ജീവിപ്പിക്കണമെന്നുമാണ് ഉടമ്പടിയിലെ പ്രധാന പരാമര്‍ശങ്ങള്‍. 

ഉടമ്പടിയിലെ വാചകങ്ങളിങ്ങനെ,

വാലൻ്റൈൻ വേളയിൽ, ശുഭം (പാർട്ടി 1), അനയ (പാർട്ടി 2) എന്നിവർ ഇടയ്ക്കിടെയുള്ള തർക്കങ്ങൾ ഒഴിവാക്കാനും പാർട്ടി 1ന്‍റെ  വ്യാപാര അഭിനിവേശം കാരണം വളരെക്കാലമായി കഷ്ടപ്പെടുന്ന ദാമ്പത്യത്തിൽ പ്രണയം പുനരുജ്ജീവിപ്പിക്കാനും ചില ഹൗസ് റൂളുകൾ പരാമർശിക്കും, ഉടമ്പടി വായിച്ചു. രണ്ട് കക്ഷികൾക്കും പാലിക്കേണ്ട നിയമങ്ങളുടെ ഒരു ലിസ്റ്റ് ഇതിൽ ഉള്‍പ്പെടുത്തുന്നു.

ഇതില്‍ പരാമര്‍ശിക്കുന്ന നിയമങ്ങള്‍ ഇവരില്‍ ആരെങ്കിലും പാലിച്ചില്ലെങ്കില്‍ കരാര്‍ അവസാനിപ്പിക്കുന്നതിന് കാരണമാകും. കൂടാതെ ആരാണോ നിയമങ്ങള്‍ ലംഘിച്ചത്, ആ വ്യക്തി 3 മാസത്തേയ്ക്ക് തുണി അലക്കുക, ടോയ്‌ലറ്റുകള്‍ വൃത്തിയാക്കുക, പലചരക്ക് സാധനങ്ങള്‍ വാങ്ങുക തുടങ്ങിയ ജോലികള്‍ ചെയ്യേണ്ടതായി വരും.