ഭക്ഷണ ശാലകളില്‍ ഉടമകളുടെ പേരുപ്രദര്‍ശിപ്പക്കണമെന്ന യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ നിര്‍ദേശവും അത് സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവുമെല്ലാമായി കന്‍വാര്‍ യാത്ര വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വിവാദത്തിനപ്പുറം എന്താണ് കന്‍വാര്‍ യാത്ര. ദക്ഷിണേന്ത്യയ്ക്ക് അത്ര പരിചിതമല്ലാത്ത കന്‍വാര്‍ യാത്രയെക്കുറിച്ച് അറിയാം.
കാതങ്ങള്‍ താണ്ടുന്ന യാത്ര. ഗംഗാ ജലവുമായി ശിവ മന്ദിരങ്ങളിലേക്ക്. ശ്രാവണ മാസം പിറന്നാല്‍ ഗംഗാ ഘട്ടുകളില്‍നിന്ന് ശിവ ക്ഷേത്രങ്ങളിലേക്ക് കന്‍വാര്‍ യാത്രികരുടെ പ്രയാണമാരംഭിക്കും. ഋഷികേശ്, ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി, ബീഹാറിലെ അജ്ഗൈവിനാഥ്, സുൽത്താൻഗഞ്ച് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതല്‍ കന്‍വാരികളെത്തുന്നത്. ഗംഗയിൽ സ്നാനം ചെയ്ത് മുള തണ്ടുകളില്‍ കെട്ടിയ കുടങ്ങളില്‍ ജലം ശേഖരിച്ച് ചുമലിലേറ്റിയാണ് യാത്ര.
കാളകൂട വിഷം കഴിച്ചപ്പോള്‍ ശിവനിലുണ്ടായ വിഷപ്രഭാവം ഇല്ലാതാക്കാന്‍ മുളംതണ്ടില്‍ വിശുദ്ധമായ ഗംഗാജലം കൊണ്ടുവന്ന് പരശുരാമന്‍ അഭിഷേകം ചെയ്തെന്നാണ് കന്‍വാര്‍ യാത്രയ്ക്കുപിന്നിലെ ഐതീഹ്യം. വിശ്വാസികള്‍ക്ക് പരശുരാമനാണ് ആദ്യത്തെ കന്‍വാര്‍ യാത്രികന്‍.
കന്‍വാര്‍ യാത്രികര്‍ക്കായി ദേശിയപാതയിലെ ഒരു ഭാഗം വിട്ടുനല്‍കുന്നു. യാത്ര പാതയിലെ ഭക്ഷണ ശാലകളില്‍ ഉടമകളുടെ പേരുപ്രദര്‍ശിപ്പിക്കണമെന്ന യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവും സുപ്രീം കോടതിയുടെ സ്റ്റേയും തീര്‍ഥാടകര്‍കരെ സ്വാധീനിച്ചിട്ടില്ല.