n-ambika-ips

തമിഴ്നാട്ടിലെ ദിണ്ടിഗല്ലിലെ ഗ്രാമത്തിലുള്ളൊരു യുവതി 14-ാം വയസില്‍ വിവാഹിതയാകുന്നു, 18-ാം വയസില്‍ രണ്ട് മക്കളുടെ അമ്മയും. ഈയൊരു സാഹചര്യത്തില്‍ നിന്ന് ഒരു സ്ത്രീക്ക് എത്രത്തോളം മുന്നറാനാകും?. ആഗ്രഹങ്ങള്‍ക്ക് കരുത്തുണ്ടെങ്കില്‍ മുന്നില്‍ വഴി ധാരണമുണ്ടെന്നതിന്‍റെ തെളിവാണ് എന്‍. അംബികയുടെ ജീവിത കഥ. വീട്ടമ്മയില്‍ നിന്ന് ഐപിഎസിലേക്ക് ഉയര്‍ന്ന അംബികയുടെ ജീവിതം പ്രതിസന്ധി ഘട്ടത്തില്‍ പ്രചോദനമാണ്. 

 

ലോകത്തിലെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിലൊന്നാണ് യുപിഎസ്‍സി. വര്‍ഷത്തില്‍ എണ്ണമറ്റ ഉദ്യോഗാര്‍ഥികളില്‍ നിന്ന് വളരെ കുറവ് പേരാണ് സര്‍വീസിലേക്ക് എത്തുന്നത്. 14-ാം വയസില്‍  വിവാഹം കഴിഞ്ഞ ജീവിതത്തില്‍ പ്രതിസന്ധി നേരിട്ട യുവതി ഐപിഎസ് നേടിയെടുത്തതിന് പിന്നില്‍ സ്വന്തം ആഗ്രഹത്തിന്‍റെ ബലമായിരുന്നു. 14-ാം വയസിലായിരുന്നു അംബികയുടെ വിവാഹം നടക്കുന്നത്. അതുമൊരു പൊലീസുദ്യോഗസ്ഥനുമായി. 18–ാം വയസില്‍ രണ്ട് മക്കളുടെ അമ്മയുമായി. 

 

ഭര്‍ത്താവ് റിപബ്ലിക്ക് ദിന പരേഡില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ സല്യൂട്ട് ചെയ്യുന്നത് കണ്ടതില്‍ നിന്നുള്ള പ്രചോദനമാണ് ഐപിഎസ് മോഹമുണ്ടാക്കുന്നത്. 'എന്നെയും ആള്‍ക്കാര്‍ സല്യൂട്ട് ചെയ്യണം' എന്നൊരു മോഹമാണ് അംബിക ഭര്‍ത്താവിനോട് പറയുന്നത്. ഐപിഎസ് ജയിച്ചാലെ ഇത് നടക്കൂ എന്നായിരുന്നു മറുപടി. പഠനം പാതിവഴിയില്‍ നിര്‍ത്തി വീട്ടമ്മയായ അംബികയ്ക്ക് മുന്നിലുണ്ടായ വെല്ലുവിളി യുപിഎസ്‍സി പരീക്ഷയ്ക്കുള്ള യോഗ്യതയാണ്. 

 

സ്വകാര്യ കോച്ചിങ് വഴിയാണ് അംബിക പത്താംതരം പാസാകുന്നത്. പിന്നീട് പ്ലസു, ബിരുദവും പ്രൈവറ്റായി നേടിയെടുത്തു. ദിണ്ടിഗലില്‍ ഐപിഎസ് പഠനത്തിനുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ ഭര്‍ത്താവ് ചെന്നൈയില്‍ ഇതിനുള്ള സൗകര്യങ്ങള്‍ നല്‍കി. ഈ സമയത്ത് മക്കളുടെ കാര്യങ്ങള്‍ നോക്കിയതും ഭര്‍ത്താവ് തന്നെ.  

 

മൂന്ന് തവണ തോറ്റശേഷമാണ് അംബിക ഐപിഎസ് നേടിയെടുത്തത്. മൂന്നാം തവണയും തോറ്റതോടെ വീട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും നാലാം ശ്രമത്തിലേക്ക് കടക്കാനായിരുന്നു അംബികയുടെ തീരുമാനം. നാലാം ശ്രമത്തില്‍ 2008 ലാണ് അംബിക സിവില്‍ സര്‍വീസ് സ്വന്തമാക്കുന്നത്. മഹരാഷ്ട്ര കേഡര്‍ ഉദ്യോഗസ്ഥയായ അംബിക നിലവില്‍ മുംബൈയില്‍ ഐബിയില്‍ ഡെപ്യൂട്ടി ഡയറക്ടറാണ്. 

 

N Ambika Get IPS After Facing Child Marrige At 14