ദേവരാജന്‍ മാസ്റ്ററെന്നാല്‍ മലയാളികള്‍ക്ക് സര്‍ഗാനുഭൂതിയുടെ ദേവസംഗീതമാണ്.  പ്രിയ സംഗീത സംവിധായകന്റെ ഓര്‍മകള്‍ക്ക് 18 വര്‍ഷം തികയുകാണ്. സംഗീതംകൊണ്ട് ഭൂമിയില്‍ സ്വര്‍ഗം പണിത ശില്‍പ്പി, അതായിരുന്നു സംഗീതപ്രേമികള്‍ക്ക് ദേവരാജന്‍ മാസ്റ്റര്‍.

 

കെപിഎസി നാടകങ്ങള്‍ക്ക് ഈണമിട്ട് മുഖ്യധാരയിലേക്ക് എത്തിയതോടെ കാലം മാറുന്നു എന്ന ചിത്രം ദേവരാജയുഗത്തിന് തുടക്കമായി. വയലാറിനൊപ്പം ചേര്‍ന്നതോടെ അനിര്‍വചനീയമായ, അസംഖ്യം ഹിറ്റുകള്‍. പ്രണയവും പരിഭവവും വിരഹവും വിപ്ലവവും , ഈണക്കൂട്ടുകള്‍ ചേര്‍ത്ത് ഇമ്പമാക്കിയ ശുദ്ധസംഗീതജ്ഞന്‍.  കവിത തുളുമ്പുന്ന വരികള്‍, അതിനൊത്ത ഈണം, അത് നിര്‍ബന്ധമായിരുന്നു മാസ്റ്റര്‍ക്ക്.

 

പാട്ടനുഭൂതിയില്‍ ലയിക്കാന്‍ മലയാളിയുടെ മനസിലേക്ക് രാഗങ്ങളുടെ വൈവിധ്യം കോറിയിട്ട ചക്രവര്‍ത്തി. രാഗസുധാരസത്താല്‍ വിരുന്നുനല്‍കിയ നാദബ്രഹ്മം. ഈ നിത്യഹരിതയാം ഭൂമിയില്‍ നിന്ന് അനന്തതയിലേക്ക് വിടപറഞ്ഞെങ്കിലും, സ്വപ്നങ്ങളും സ്വര്‍ഗങ്ങളും സ്വര്‍ണമരാളങ്ങളുമുള്ള മറ്റൊരു ലോകത്ത് മാഷ് ഈണമൊരുക്കുന്നുണ്ടാകും.