parady-add

തിരഞ്ഞെടുപ്പുകാലം പാരഡിഗായകര്‍ക്ക് ചാകരക്കാലമാണ്. കേരളത്തില്‍ പാരഡിഗാന രംഗത്ത് പ്രശസ്തനാണ് അബ്ദുല്‍ഖാദര്‍ കാക്കനാട്. കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിക്കുവേണ്ടി എറണാകുളത്തെ പാരഡി നിർമ്മാതാവ് അബ്ദുൾ ഖാദർ കാക്കനാടിനാണ് ഇത്തവണ ആദ്യ ഓർഡർ ലഭിച്ചത്.  ഇത്തവണത്തെ ഒരുക്കങ്ങളും വിശേഷങ്ങളും തരംഗങ്ങളും അബ്ദുല്‍ഖാദര്‍ മനോരമന്യൂസ് ഡോട്ട്കോമുമായി പങ്കുവെയ്ക്കുന്നു. 

ലോക്സഭ അത്ര ചാകരയല്ല 

‘ഓരോ പാര്‍ട്ടിക്കാരും അവരുടെ പ്രദേശത്തുള്ള കാര്യങ്ങള്‍, വിഷയങ്ങള്‍, ആരോപണങ്ങള്‍, വാഗ്ദാനങ്ങള്‍ എന്നിവ കൂടി പറഞ്ഞാണ് ഗാനങ്ങള്‍ ആവശ്യപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് സത്യത്തില്‍ പാരഡി പാട്ടുകാര്‍ക്ക് ചാകരക്കാലമല്ല, അതിനായി നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും വരണം. 20 മണ്ഡലങ്ങളേ ഉള്ളൂ എന്നതിനാല്‍ ഇതൊരു ചാകരയല്ല, എങ്കിലും പാരഡി ഗാനമേഖല സജീവമാകുകയാണ് കേരളത്തില്‍

parady-2

തൃശൂരിനായി പാട്ടെഴുതുമ്പോള്‍ പത്മജയുെട ബിജെപി പ്രവേശവും സുരേഷ്ഗോപിയുടെ ഡയലോഗും വിഎസ് സുനില്‍കുമാറിന്റെ ആശയങ്ങളും കെ മുരളീധരന്റെ വരവും എല്ലാം ഉള്‍ക്കൊളളണം. എന്നാല്‍ കൊല്ലത്ത് മുകേഷിന് വേണ്ടി പാട്ടെഴുതുന്നത് രസമാണെന്നും പറയുന്നു അബ്ദുല്‍ഖാദര്‍, അദ്ദേഹത്തിന്റെ തന്നെ സിനിമകളിലെ പാട്ടുകളാണ് ഉപയോഗിക്കുന്നത്. ഓള്‍ കേരള വര്‍ക്ക് വരുന്നുണ്ട് അബ്ദുള്‍ഖാദറിന്റെ ടീമിന്. ഭരണപക്ഷത്തിനു വേണ്ടി പാട്ടെഴുതുന്നതിനേക്കാള്‍ എളുപ്പം പ്രതിപക്ഷത്തിനു വേണ്ടി എഴുതാനാണ്. ഇടതുപക്ഷത്തിനു വേണ്ടി പാട്ടെഴുതുമ്പോള്‍ കേരള ഭരണത്തെ പ്രൊട്ടക്ട് ചെയ്തേ എഴുതാന്‍ കഴിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

മഞ്ഞുമ്മല്‍ തരംഗം പാരഡിയിലും

‘ഇത്തവണ പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്സുമാണ് ഹൈപിച്ചില്‍ നില്‍ക്കുന്നത്. കമല്‍ഹാസന്റെ ഗുണ വൈറലായി നില്‍ക്കുകയല്ലേ..ഡയലോഗ് അടക്കം ചേര്‍ത്ത് കൃത്യമായ ട്യൂണോടെ തയ്യാറാക്കുകയാണ് പാരഡികള്‍.വിജയ്‌യുടെ ‘നീ റെഡി താന്‍ ’...ഒക്കെ ഒരുങ്ങുന്നുണ്ട് അണിയറയില്‍. റിയല്‍ ട്യൂണുകളേക്കാള്‍ എന്നും പാരഡിഗാനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വജ്രായുധമാക്കുന്നത്. ഈ ഗാനങ്ങള്‍ ചീപായല്ല രാഷ്ട്രീയക്കാര്‍ കാണുന്നതെന്നും   വലിയ കവികളെഴുതുന്ന ഗാനങ്ങളും പ്രചാരണരംഗത്തെത്തുമെന്നും പറയുന്നു അബ്ദുല്‍ഖാദര്‍. 

parady-3

 

ഒരു പാട്ടിന് 8000 മുതല്‍ 10,000 വരെ

 

ഒരു പാട്ടിന് എഴുത്തുകൂലി ഉൾപ്പെടെ 8,000 മുതൽ 10,000 വരെ രൂപ ചെലവാകും. പാര്‍ട്ടിക്കാരാവശ്യപ്പെടുന്നതല്ലാതെ ചില വിശിഷ്ട വ്യക്തികള്‍ സ്ഥാനാര്‍ത്ഥികളോടുള്ള ഇഷ്ടത്തിന്റെ പേരില്‍ പാട്ട് സ്പോണ്‍സര്‍ ചെയ്യാറുമുണ്ട്. പ്രതിപക്ഷത്തിനായി പാട്ടെഴുതാനാണ് എളുപ്പം.  ഭരണപക്ഷത്തെ വിമര്‍ശിക്കാം, പരിഹസിക്കാം. എന്നാല്‍ ഭരണപക്ഷത്തിനായി പാരഡി എഴുതുമ്പോള്‍ സര്‍ക്കാറിനേയും ഭരണത്തേയും പുകഴ്ത്തി പ്രൊട്ടക്ട് ചെയ്യണം. ഏത് പക്ഷം വന്നാലും അബ്ദുല്‍ഖാദര്‍ ടീമിന്റെ പാരഡി റെഡിയാണ്. 

പാരഡിയില്‍ സ്വന്തം രാഷ്ട്രീയവും

 

3 പുരുഷന്‍മാരും 2 സ്ത്രീകളും ഉള്‍പ്പെടുന്ന അഞ്ചംഗ സംഘമാണ് ഇത്തവണയുള്ളത്. അബ്ദുല്‍ഖാദറിനൊപ്പം ഗായകരായ നിസാജ് ഇടപ്പള്ളിയും ലിജി ഫ്രാന്‍സിസും സജീവമായി രംഗത്തുണ്ട്.  നിയമസഭാകാലത്ത് സംഘത്തിന്റെ എണ്ണം കൂട്ടും.  1995 കാലത്താണ് അബ്ദുല്‍ഖാദര്‍ ഈ രംഗത്തേക്ക് വരുന്നത്. അന്ന് മിമിക്രി കാസറ്റ് തരംഗമായിരുന്നു. അതിനു ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്‍ സ്കോപ്പ് വരുന്നത്.  സ്ഥാനാര്‍ത്ഥികളുടെ ടീം ആവശ്യപ്പെടുന്നതിനു പുറമെ രാഷ്ട്രീയം സ്വന്തം കോമണ്‍സെന്‍സിലും പിക്ക് ചെയ്ത് പാട്ടില്‍ ചേര്‍ക്കും. സ്വന്തം പ്രതിഷേധവും  സ്വന്തം രാഷ്ട്രീയവും പാട്ടില്‍ വരും, അത് സ്വാഭാവികമാണ്. വരികള്‍ തയ്യാറാക്കുന്നത് കാക്കാനാട് വെച്ചാണ്. റെക്കോര്‍ഡിങ് എറണാകുളത്തെ മറ്റ് സ്റ്റുഡിയോകളിലും നടത്തും. 

Interview with Abdulkhader kakkanad, Parody music writer and singer