earpod-goa

TAGS

ഒരു ലക്ഷ്യത്തിന് വേണ്ടി അതിയായി ആഗ്രഹിച്ചാല്‍ ഈ ലോകം തന്നെ നമുക്കൊപ്പം നില്‍ക്കുമെന്നെ പ്രചോദനവാക്യത്തിന് സമൂഹമാധ്യമങ്ങളെയും കൂട്ടിച്ചേര്‍ത്ത് പുതിയൊരു നിര്‍വചനം നല്‍കുകയാണ് മുംബൈക്കാരന്‍ നിഖില്‍ ജെയിന്‍. എക്സ് പ്ലാറ്റ്ഫോമില്‍ ഇട്ട ഒറ്റ പോസ്റ്റുകൊണ്ടാണ് നിഖിലിന് കേരളത്തില്‍ നിന്നും നഷ്ടപ്പെട്ട തന്‍റെ ആപ്പിളിന്‍റെ എയര്‍പോഡ് ഗോവയില്‍ നിന്നും കണ്ടെത്താനായത്. ഈ എയര്‍പോഡ് കണ്ടെത്താന്‍ സമൂഹമാധ്യമലോകം നിഖിലിനൊപ്പം കറങ്ങിയ കഥ ഇങ്ങനെയാണ്. 

അവധിക്കാലം ആഘോഷിക്കാന്‍ കഴിഞ്ഞമാസം കേരളത്തിലെത്തിയതാണ് മുംബൈയിലെ സോഷ്യല്‍‌മീഡിയ മാര്‍ക്കറ്റിങ് വിദഗ്ധനായ നിഖില്‍ ജെയിന്‍. ഇവിടെ ഒരു ദേശീയോദ്യാനത്തിലൂടെ ബസില്‍ സഞ്ചരിക്കുന്നതിനിടെ നിഖിലിന്‍റെ പുത്തന്‍ എയര്‍പോഡ് നഷ്ടപ്പെട്ടു. ആപ്പിളിന്‍റെ എയര്‍പോഡ് ആരോ കൈവശപ്പെടുത്തിയെന്ന് മനസിലാക്കിയതോടെ ഫൈന്‍റ് മൈ ഫീച്ചര്‍ സംവിധാനം ഉപയോഗിച്ച് അത് ട്രാക്ക് ചെയ്യാന്‍ ശ്രമം തുടങ്ങി. അത് 40 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ദേശീയഉദ്യാനത്തിന്‍റെ പരിസരത്താണെന്ന് മനസിലായി. ലൊക്കേഷന്‍ ട്രാക്കിങ് തുടര്‍ന്നപ്പോള്‍ പിന്നീട് എത്തിയത് ഇതിന് തൊട്ടടുത്തുള്ള ഒരു ഹോട്ടലില്‍. പൊലീസിന്‍റെ സഹായത്തോടെ ആ ഹോട്ടലില്‍ എത്തിയപ്പോള്‍ ലൊക്കോഷന്‍ കാണിക്കുന്ന കൃത്യം മുറി ഏതാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല. മറ്റുള്ളവരുടെ സ്വകാര്യത പരിഗണിച്ച് സഹകരിക്കാന്‍ ഹോട്ടല്‍ അധികൃതരും തയാറായില്ല. 

earpodo

അങ്ങനെ എയര്‍പോഡിന്‍റെ നീക്കം നിരീക്ഷിച്ചുകൊണ്ടിരിക്കെ അത് മംഗലാപുരം വഴി ഗോവയ്ക്ക് നീങ്ങുന്നതായി കണ്ടു. സൗത്ത് ഗോവയിലെ അല്‍വാരോ ഡി ലെയോള ഫുര്‍ട്ടാഡോ റോഡിലാണ് അത് എത്തിനിന്നത്. പിന്നാലെ, തന്‍റെ എയര്‍പോഡ് കൈവശമുള്ളയാള്‍ ഈ സ്ഥലത്തുണ്ടെന്നും ഇയാളെ എങ്ങനെയെങ്കിലും കണ്ടെത്താന്‍ സാധിക്കണമെന്നും അഭ്യര്‍ഥിച്ച് എക്സ് പ്ലാറ്റ്ഫോമില്‍ നിഖില്‍ ഒരു പോസ്റ്റിട്ടു. ഡിസംബര്‍ 21നായിരുന്നു ഇത്. ലൊക്കേഷന്‍ കോ–ഓര്‍ഡിനേറ്റര്‍മാരുടെ സഹായത്തോടെ ഗൂഗിള്‍ മാപ്പിന്‍റെ സ്ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ചുള്ള പോസ്റ്റ് ഈ കഥയുടെ ഗതിതന്നെ തിരിച്ചു. അന്വേഷണം ''എക്സ്'' ഏറ്റെടുത്തു. 

കൃത്യം ലൊക്കേഷനില്‍ കാണിക്കുന്ന വീടിന്‍റെ ചിത്രം റീട്വീറ്റായി എത്തി. ഈ വീടിനടുത്ത് താമസിക്കുന്ന അവരുടെ ഒരു ബന്ധുവിനെ കണ്ടെത്താനായെന്നും ഇവര്‍ കുറച്ച് ദിവസം മുന്‍പ് കേരളത്തില്‍ പോയിട്ടുണ്ടെന്നും ചില പ്രൊഫൈലുകള്‍ വഴി വിവരം ലഭിച്ചു. ഇക്കാര്യം ഗോവ പൊലീസിനെ അറിയിച്ചതോടെ കാര്യങ്ങള്‍ ഉഷാറായി. പിന്നീട് നടത്തിയ ആശയവിനിമയത്തില്‍ എയര്‍പോഡ് എടുത്തയാള്‍ അത് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാമെന്ന് സമ്മതിച്ചു. അങ്ങനെ തന്‍റെ സുഹൃത്തായ സങ്കേത് അത് കഴിഞ്ഞദിവസം മര്‍ഗോവ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഏറ്റുവാങ്ങി. തിരിച്ചുകിട്ടിയ എയര്‍പോഡിന്‍റെ ചിത്രത്തിനൊപ്പം നിഖില്‍ കുറിച്ച വരികള്‍ ഇങ്ങനെയായിരുന്നു " നിങ്ങള്‍ക്ക് ഈ മനോഹരമായ കഥ വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ ? ഈ ലോകം വളരെ വലുതാണ്. എന്നാല്‍ ഈ ഉദ്യമത്തില്‍ അവരെല്ലാം ചെറുകൂട്ടായ്മയായി മാറി എനിക്കൊപ്പം നിന്നു. എല്ലാവര്‍ക്കും നന്ദി" എയര്‍പോഡ് എടുത്തയാളോട് ആദ്യം ദേഷ്യം തോന്നിയെങ്കിലും അത് തിരിച്ചുതരാന്‍ കാണിച്ച മനസിന് നിഖില്‍ വീണ്ടും വീണ്ടും നന്ദി പറയുന്നു. 

അത് എടുത്തത് ആര് എന്ന് വെളിപ്പെടുത്താനും നിഖില്‍ ആഗ്രഹിക്കുന്നില്ല. 12 ലക്ഷം പേരാണ് നിഖില്‍ ആദ്യമിട്ട പോസ്റ്റ് കണ്ടത്. നൂറുകണക്കിന് മറുപടികളും കിട്ടി. സോഷ്യല്‍ മീഡിയയുടെ വലിയ വിജയമാണ് ഇതെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ എക്സില്‍ നിറയുന്നത്. ഇങ്ങനെ ഒരു ഐഡിയ ഉണ്ടായിരുന്നെങ്കില്‍ പണ്ട് കാണാതെപോയ എത്രയെത്ര സാധനങ്ങള്‍ കണ്ടെത്താമായിരുന്നു എന്ന് ആഗ്രഹിക്കുന്നവരെയും ഈ കൂട്ടത്തില്‍ കാണാം.

Lost Apple earpod found in goa with the help of twitter