പായ്‌വഞ്ചിയിൽ ലോകം ചുറ്റി ചരിത്രം കുറിക്കാൻ ഒരു മലയാളി വനിത കൂടി. മുംബൈ മലയാളിയായ ധന്യ പൈലോയാണ് ഇംഗ്ലണ്ടിലെ സതാംപ്ടനിൽനിന്ന് ആരംഭിച്ച ഓഷ്യൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്നത്.
നാലു പാദങ്ങളിലായി കടലിലൂടെ ലോകം ചുറ്റിവരുന്ന സാഹസിക പായ്‌വഞ്ചിയോട്ടമാണ് ഓഷ്യൻ ഗ്ലോബ് റേസ്. ധന്യയ്ക്കൊപ്പം ഇന്ത്യൻ നാവികസേന കമാൻഡറായ പായൽ ഗുപ്ത ഉൾപ്പെടെ 12 വനിതകളാണ് യുകെയിൽ റജിസ്റ്റർ ചെയ്ത ‘മെയ്ഡൻ’ എന്ന പായ്‌വഞ്ചിയിലുള്ളത്. ആദ്യപാദം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ സമാപിച്ചു. ന്യൂസീലൻഡിലെ ഓക്‌ലൻഡിലേക്കുള്ള രണ്ടാം പാദം നാളെ ആരംഭിക്കും. 3 വിഭാഗങ്ങളിലായി 14 ബോട്ടുകളാണ് മത്സരത്തിലുള്ളത്. ഇതിൽ, വനിതകൾ മാത്രമുള്ള ടീമാണ് മെയ്‌ഡൻ. ഫിലിം മേക്കറും ഡിസൈനറുമായ ധന്യ പൈലോ കോഴിക്കോട് സ്വദേശിയായ റിട്ടയേഡ് നാവികസേന കമാൻഡർ രാജീവ് പൈലോയുടെ മകളാണ്.
മുംബൈയിൽ നേവിയുടെ സെയ്‌ലിങ് ക്ലബ്ബിൽനിന്നാണ് പായ്‌വഞ്ചിയോട്ടത്തിൽ പരിശീലനം നേടിയത്. മലയാളി നാവികൻ അഭിലാഷ് ടോമി അടുത്തയിടെ വിജയകരമായി ഫിനിഷ് ചെയ്ത ഗോൾഡൻ ഗ്ലോബ് റേസുമായി സാമ്യമുള്ളതാണ് ഈ മത്സരവും. കേപ് ഓഫ് ഗുഡ് ഹോപ്, കേപ് ല്യൂവിൻ, കേപ് ഹോൺ എന്നീ 3 മഹാ മുനമ്പുകൾ വലംവച്ചാണ് റേസ് പൂർത്തിയാക്കുക. അടുത്ത വർഷം ഏപ്രിലിൽ സതാംപ്ടനിലെ ഫിനിഷിങ് ലൈനിൽ എത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.