സാധാരണ മനുഷ്യരെ ഭയത്തിന്‍റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തുന്നതാണ് ഹോളിവുഡിൽ ആഘോഷിക്കപ്പെട്ട എല്ലാ ഹൊറർ ചിത്രങ്ങളും. അതിനെ ഒന്നുകൂടെ പ്രേക്ഷക പ്രിയമാക്കുന്ന ഒരു വരിയുണ്ട്, ബെയ്സ്ഡ് ഓൺ റിയല്‍ ഇൻസിഡൻസ്. യാഥാർഥ ജീവിതത്തിൽ നടന്ന ഭൂതോച്ചാടന കഥകൾ സിനിമയാകുമ്പോൾ അതിന്‍റെ യാഥാര്‍ഥ്യം തപ്പി പോകുന്നവരുമുണ്ട്.
ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട, ‘ബേസ്ഡ് ഓൺ ട്രൂ സ്റ്റോറി’ ടാഗിൽ അവതരിപ്പിക്കപ്പെട്ട ആദ്യ ചിത്രം 1979ൽ പുറത്തിറങ്ങിയ ‘ദ് അമിറ്റ്വില്ല ഹൊറർ’ എന്ന ചിത്രമാണ്. ന്യൂയോർക്കിലെ അമിറ്റ്വില്ലയിൽ താമസത്തിനെത്തിയ ലറ്റ്സ് കുടുംബത്തിൻറെ കഥയാണ് ചിത്രം. കുടുംബാംഗമായ റൊണാൾഡ് ഡെഫോ ജൂനിയർ ആ വീട്ടിൽ വെച്ച് മാതാപിതാക്കളെയും സഹോദരങ്ങളെയും കൊലപ്പെടുത്തുന്നു. 1974 നവംബർ 13നാണ് സംഭവം. അന്വേഷണച്ചുമതല ഉണ്ടായിരുന്നവർക്കും അധികം മുന്നോട്ടുപോകാനായില്ല. കൊലപാതകം നടത്തിയ ആള്‍ പിന്നീട് കുറ്റം സമ്മതിച്ചു. പ്രതി ആദ്യം പറഞ്ഞത് തനിക്ക് ആരോ നിർദേശം നൽകിയെന്നായിരുന്നു. കൃത്യം നടത്താൻ സഹായിച്ചത് കുടുംബാംഗങ്ങൾ തന്നെയാണന്ന് പിന്നീട് മൊഴി മാറ്റി. പലരും പല സംശയങ്ങളും മുന്നോട്ട് വെച്ചു. റൊണാള്‍ഡ് പിന്നീട് ജയിലില്‍ വച്ച് മരിച്ചു. കഥാരൂപത്തില്‍ സിനിമയില്‍ എത്തിയ ആ വീടും ചുറ്റുപാടും ഇപ്പോഴും ഭീതി പടർത്തി നിൽക്കുന്നു. 28 ദിവസം മാത്രമാണ് ലറ്റ്സ് കുടുംബം ആ വീട്ടിൽ താമസിച്ചത്.
ഹൊറർ പ്രേമികളോ അല്ലാത്തവരോ ആകട്ടെ സിനിമാപ്രേമികൾ കണ്ടിരിക്കേണ്ട ചിത്രമാണ് 2007ൽ പുറത്തിറങ്ങിയ സോഡിയാക്. സാന്‍ ഫ്രാൻസിസ്കോയിൽ നടക്കുന്ന സിനിമയിലെ കഥ യഥാർഥ സംഭവമാണ്. സോഡിയാക് കില്ലർ എന്ന പേരില്‍ അരങ്ങേറിയ കൊലപാതകങ്ങൾ. 1970കളിലാണ് സംഭവം. ഒരു പത്രത്തിലെ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റായ റോബര്‍ട്ട് ഗ്രേ സ്മിത്ത്, ക്രൈം ജേണലിസ്റ്റ് പോൾ ആവറി, കുറ്റാന്വേഷകരായ ബില്‍ ആംസ്ട്രോങ്, ഡേവ് തോഷി എന്നിവരാണ് കൊലപാതകിയുടെ പിന്നാലെ പോകുന്നത്. യഥാർഥ ജീവിതത്തിൽ സോഡിയാകിനെ കണ്ടെത്താൻ കഴിയാെത അന്വേഷണം അവസാനിപ്പിക്കുകയാണ് ഉണ്ടായത്. സിനിമയിലും അപ്രകാരം തന്നെ.
67 തവണ എക്സോര്‍സിസം അഥവാ ഭൂതോച്ചാടനത്തിന് ഇരയാക്കപ്പെട്ട അന്നാലിസ് മൈക്കിളിന്‍റെ കഥയാണ് ‘ദ് എക്സോര്‍സിസം ഓഫ് എമിലി റോസ്’. 1952ല്‍ ജര്‍മനിയിലാണ് അന്നാലിസിന്റെ ജനനം. പതിനാറാം വയസില്‍ അവള്‍ സൈക്കോസിസ് ബാധിച്ച് ചികിത്സയിലായിരുന്നു. പിന്നീട് അവസ്ഥ വഷളാവുകയും വിഷാദത്തിലേക്ക് വഴുതിവീഴുകയും ചെയ്തു. പിന്നീട് അവള്‍ക്ക് ബാധയുണ്ടെന്ന നിഗമനത്തിലെത്തി. 1975ല്‍ കത്തോലിക്കാ സഭയുടെ അനുവാദത്തോടെ അര്‍ണോള്‍ഡ് റെന്‍സ് എന്ന പുരോഹിതന്‍ ഭൂതോച്ചാടനം നടത്തി. ഒരു വര്‍ഷത്തോളം ഇത് തുടര്‍ന്നു. അവസാനകാലത്ത് അന്നാലിസ് ഭക്ഷണം കഴിച്ചിരുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പോഷകക്കുറവും ന്യൂമോണിയയുമാണ് മരണകാരണമായി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ചില സ്വകാര്യപഠനങ്ങളില്‍ പറയുന്നത് അഡ്രിനാലിന്‍ അമിതമായി ഉല്‍പാദിപ്പിക്കപ്പെട്ടതുകൊണ്ടാണ് അന്നാലിസ് മരണപ്പെട്ടതെന്നാണ്. 1976 മാര്‍ച്ച് ഒന്നിയിരുന്നു മരണം. ജര്‍മനിയിലെ ഫ്രിഡോഫ് കിന്‍ബെര്‍ഗിലുള്ള അന്നാലിസിന്‍റെ ശവകുടീരം സന്ദര്‍ശിക്കാന്‍ ഇപ്പോഴും അനേകമാളുകള്‍ എത്താറുണ്ട്.
ജൂത വിശ്വാസങ്ങളിലെ ഡിബൂക്ക് ബോക്സിനെ പറ്റിയാണ് ‘ദ് പൊസഷന്‍’ എന്ന സിനിമ. മരണശേഷം അവശിഷ്ടങ്ങളില്‍ ചിലത് പെട്ടിയിലാക്കി മന്ത്രവാദം നടത്തുന്ന രീതിയാണ് ജൂതന്‍മാരുടേത്. അതിനുപയോഗിക്കുന്ന പെട്ടിയാണ് ഡിബൂക്ക് ബോക്സ്. കാര്യമറിയാതെ ഈ പെട്ടി വാങ്ങി അവതാളത്തിലാകുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഹോളിവുഡ് ഹൊറര്‍ പ്രേമികളുടെ പ്രിയപ്പെട്ട സിനിമയാണ് ‘കോണ്‍ജുറിങ്’ സിരീസ്. 2013ലാണ് ആദ്യ കോണ്‍ജുറിങ് ചിത്രം പുറത്തിറങ്ങുന്നത്. പാരാനോര്‍മല്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി പഠിക്കുന്ന എഡ് ആന്‍ഡ് ലോറെന്‍ വാറെന്‍ ദമ്പതികള്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട അനുഭവങ്ങളാണ് കോണ്‍ജുറിങ് ഫ്രാഞ്ചൈസിയുടെ ആകെത്തുക. ‘ദി കോണ്‍ജുറിങ്’ പറയുന്നത് പെറോണ്‍ കുടുംബത്തന്‍റെ കഥയാണ്. 1970കളിലാണ് ഈ സംഭവം. 1812ല്‍ റോട് ദ്വീപില്‍ താമസിച്ചിരുന്ന ബേത്ഷേബ ഷേര്‍മാന്‍ എന്ന സ്ത്രീയിലേക്കാണ് വാറന്‍ ദമ്പതികളുടെ തിരച്ചില്‍ എത്തിച്ചേരുന്നത്. അവരുടെ ചരിത്രം നിഗൂഢതകള്‍ നിറഞ്ഞതായിരുന്നു. മന്ത്രവാദികളെ ചുട്ടുകൊന്നിരുന്ന കാലമായിരുന്നു അത്. ബേത്ഷബയും അതില്‍പ്പെട്ടിരുന്നുവെന്നാണ് അവര്‍ക്ക് കിട്ടിയ വിവരം. ആ സ്ഥലത്തേക്കാണ് പെറോണ്‍ കുടുംബമെത്തുന്നത്. അവിടേക്കെത്തുന്ന സ്ത്രീകള്‍ക്ക് പല പ്രശ്നങ്ങളും നേരിടേണ്ടിവരുന്നെന്നും അവര്‍ കണ്ടെത്തി. ആ വീടും സ്ഥലവും ഇപ്പോഴുമുണ്ട്. ധൈര്യം സംഭരിച്ച് സന്ദര്‍ശകരും എത്താറുണ്ട്. മാത്രമല്ല, പ്രേതബാധകൊണ്ട് പേടിസ്വപ്നമായ അനബെല്ല എന്ന പാവയും ചിത്രത്തിലുണ്ട്. അനബെല്ല പിന്നീട് 3 ഭാഗമുള്ള ചിത്രമായി ഇറങ്ങി.
ഹോഗ്സണ്‍ കുടുംബത്തില്‍ നടന്ന സംഭവങ്ങളും അമിത്വില്ല കൊലയും കൂട്ടിയിണക്കിയതാണ് കോണ്‍ജുറിങ് സീരീസില്‍ രണ്ടാമത്തേത്. ഏറ്റവും ഒടുവിലിറങ്ങിയ കോണ്‍ജുറിങ് ചിത്രം, കോണ്‍ജുറിങ് 3 – ദ ഡെവിള്‍ മേഡ് മി ഡു ഇറ്റ്, വാറെന്‍ തിരിച്ചറിഞ്ഞ അര്‍നി ചെയ്നീ ജാക്സണ്‍ എന്ന വ്യക്തിയുടെ കഥയുമായി ബന്ധപ്പെട്ടാണ്. അയാള്‍ നടത്തിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ അമാനുഷിക ശക്തിയുണ്ടെന്ന് കണ്ടെത്തി. ആ കഥ ചെന്നെത്തിയത് 1981 ല്‍ കൊല്ലപ്പെട്ട അലന്‍ ബോണോ എന്ന ഭൂവുടമയിലേക്കാണ്.
2018ല്‍ ഇറങ്ങിയ ‘ദ നണ്‍’ പറയുന്നത് മുഴുവനായും നടന്ന കഥയല്ലങ്കിലും, വാലക്കിനെ പറ്റി നൂറ്റാണ്ടുകള്‍ പഴക്കുമുള്ള രേഖകള്‍ ലഭ്യമാണ്. എന്നാല്‍ ചിത്രത്തില്‍ കാണിക്കുന്ന എസ്സെക്സിലെ ബോര്‍ലി പള്ളിയും അനുബന്ധ മൊണാസ്ട്രിയിലും പല അമാനുഷിക സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ‘ദ് മോസ്റ്റ് ഹോണ്ടഡ് ഹൗസ് ഇന്‍ ബ്രിട്ടന്‍’ എന്നാണ് ഈയിടം അറിയപ്പെടുന്നത്. 14ാം നൂറ്റാണ്ടിലെ സംഭവത്തിലേക്കാണ് കഥയന്വേഷിച്ച് പോയ വാറെന്‍ ദമ്പതികളെത്തിയത്.
ഇപ്പോള്‍ നണ്‍ എന്ന ചിത്രത്തിന് രണ്ടാം ഭാഗവും വന്നിരിക്കുന്നു. കൊടും ഭീകര സീനുകളില്ലാതെ തന്നെ ഭീതിയുണ്ടാക്കുകയാണ് ചിത്രം. ഈ ഗണത്തില്‍പ്പെട്ട മറ്റൊരു ചിത്രമാണ് ഇക്കൊല്ലമിറങ്ങിയ ‘ദ് പോപ്സ് എക്സോര്‍സിസ്റ്റ്’. വത്തിക്കാന്‍ ഭൂതോച്ചാടകനായിരുന്ന ഫാദര്‍ ഗബ്രിയേല്‍ അമ്രോത്തിന്‍റെ ജീവിതത്തില്‍ നടന്ന ഭൂതോച്ചാടനങ്ങളില്‍ ചിലതാണ് ഇതിവൃത്തം. ഫാദര്‍ ഗബ്രിയേല്‍ അമ്രോത്ത് രചിച്ച പുസ്തകങ്ങളും സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. എമാനുവേല ഓര്‍ലാന്‍ഡി എന്ന സ്പാനിഷ് പെണ്‍കുട്ടിയുടെ തിരോധാനം മുതല്‍ ലോകശ്രദ്ധ നേടിയ പല കേസുകളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട.്
ഹൊറര്‍ ചിത്രങ്ങള്‍ മാത്രമല്ല, യുക്തിക്ക് മനസിലാകാത്ത പലതും, കൊലപാതങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ജിജ്ഞാസയുടെ മേമ്പൊടി ചാലിച്ച് സിനിമകളായി. അതിലേറെയും പ്രേക്ഷകര്‍ സ്വീകരിച്ചു. യഥാര്‍ഥത്തില്‍ നടന്നതോ നടക്കാത്തതോ പകുതി സത്യമോ എന്തുമാകട്ടെ ‘ബേസ്ഡ് ഓണ്‍ ട്രൂ സ്റ്റോറി’ വാദത്തിന് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയും എന്നതില്‍ തര്‍ക്കമില്ല.
Truth about ghost stories