ഇന്ന് ഹിരോഷിമ ദിനം. മനുഷ്യന്റെ കണ്ടുപിടിത്തം മാനവരാശിയുടെ നിലനില്‍പ്പിനെത്തന്നെ ഭയപ്പെടുത്തിയ ദിനം. ഭരണാധികാരികളുടെ ക്രൂരതയ്ക്കു നേരെ ഹിരോഷിമയും നാഗസാക്കിയും ഉയര്‍ത്തുന്ന ചോദ്യങ്ങളുടെ കുന്തമുനകള്ക്കുമുന്നില് ലോകം തലതാഴ്ത്താന്‍ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 78 വര്‍ഷങ്ങള്‍. ഭഗവത് ഗീതയിലെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു ആറ്റം ബോംബിനു രൂപം നൽകിയ ഒപ്പൻഹെമറുടെ കുറ്റസമ്മതം.
I am become death..the destroyer of worlds. ഞാന്‍ മരണമായിക്കഴിഞ്ഞു. ലോകങ്ങള്‍ നശിപ്പിക്കുന്നവന്. ആറ്റം ബോംബിനു രൂപം നൽകിയ ഗവേഷക സംഘത്തിന്റെ തലവൻ ജെ. റോബർട്ട് ഒപ്പൻഹെമറുടെ ചരിത്രപ്രസിദ്ധമായ വാക്കുകളാണിവ. ഭഗവത്ഗീതയില്‍ അര്ജുനന് കൃഷ്ണനോട് പറഞ്ഞ അതേ വാക്കുകള്‍. ലോകത്തിന്റെ തീരാകണ്ണീരൊപ്പാന് ഇൗ വാക്കുകള്‍ക്ക് തെല്ലും ശേഷിയുണ്ടായിരുന്നില്ല. കാരണം ശിരോഷിമയ്ക്കും നാഗസാക്കിക്കും ആ കണ്ടുപിടിത്തം എല്പിച്ച പ്രഹരം തീര്‍ത്തും ഭയാനകമായിരുന്നു.
ഹിരോഷിമയ്ക്കുമേല്‍ 'ലിറ്റില്‍ ബോയ്'
രണ്ടാം ലോക മഹായുദ്ധത്തില്‍ ജർമനി പരാജയപ്പെട്ടിട്ടും തോൽവി സമ്മതിക്കാത്ത ജപ്പാനെ മുട്ടുകുത്തിക്കാന്‍ അമേരിക്ക പുറത്തെടുത്തത് അണംബോംബുകളായിരുന്നു. 1945 ഓഗസ്റ്റ് 6 രാവിലെ 8.15. 'ലിറ്റിൽ ബോയ്' എന്ന പേരുള്ള അണുബോംബ് ഹിരോഷിമയില്‍ പതിച്ചു. 3 മിനിട്ട്, അതിനുള്ളിൽ എഴുപതിനായിരത്തിലേറെ മനുഷ്യർ കരിഞ്ഞുപോയി. 13 കിലോമീറ്റർ ചുറ്റളവ് ചാരമായി. 2500 ഡിഗ്രി സെന്റിഗ്രേഡ് ചൂടിൽ നഗരം ഉരുകിത്തിളച്ചു. 3 ദിവസം ഹിരോഷിമ കത്തി. അണുവികരിണം 1.35 ലക്ഷം പേരുടെ ജീവനെടുത്തു. നഗരത്തിലെ 90% ഡോക്ടർമാരും നഴ്സുമാരും കൊല്ലപ്പെട്ടു. ആശുപത്രികളും ചാരമായി. അവശേഷിച്ച മനുഷ്യ ജീവനുകൾ വെന്തുപൊള്ളിയ ശരീരവുമായി ചികിത്സ കിട്ടാതെ ഓടിയും ഇഴഞ്ഞും നടക്കുന്ന കാഴ്ചയായിരുന്നു പിന്നെ. ലക്ഷക്കണക്കിനു പേര്‍ക്ക് മാരകരോഗങ്ങൾ പിടിപെട്ടു. പിന്നെ അണുവികിരണം സമ്മാനിച്ച പതിറ്റാണ്ടുകൾ നീണ്ട കെടുതികള്‍
നാഗസാക്കിയിലും അഗ്നിവര്‍ഷം
തീര്‍ന്നില്ല...മൂന്നു ദിവസത്തിനു ശേഷം 'ഫാറ്റ്മാൻ' എന്നു വിളിപ്പേരുള്ള അണുബോംബ് നാഗസാക്കിയിൽ പതിച്ചു. ഹിരോഷിമയിലെ അതേ തീവ്രയോടെ എല്ലാം അവിടെയും ആവർത്തിക്കപ്പെട്ടു. ഒാഗസ്റ്റ്14ന് കീഴടങ്ങിയതായി ജപ്പാൻ പ്രഖ്യാപിച്ചു
കൈവിട്ടുപോയ കണ്ടുപിടിത്തം
ആണവ ഗവേഷണത്തിന് യുഎസ് സർക്കാരിനെ പ്രേരിപ്പിക്കാനായി പ്രസിഡന്റ് റൂസ്വെൽറ്റിന് ശാസ്ത്രജ്ഞരെഴുതിയ കത്തിൽ ഒപ്പുവച്ചവരിൽ ആൽബർട്ട് ഐൻസ്റ്റൈനുമുണ്ടായിരുന്നു. വിനാശകരമായ ആയുധ നിർമാണത്തിനു പ്രേരകശക്തിയായതിൽ പിൽക്കാലത്ത് അദ്ദേഹം പശ്ചാത്തപിച്ചു. ജർമനിയുടെ പക്കൽ അണുബോംബില്ലെന്നറിഞ്ഞിട്ടും മൻഹാറ്റൻ എന്ന അണുബോംബുണ്ടാക്കാനുള്ള പ്രോജക്ടുമായി യുഎസ് മുന്നോട്ടുപോകുകയായിരുന്നു. 1942 ഡിസംബർ 2ന് അവർ അതിൽ വിജയിച്ചു
ഹിബാക്കുഷയും സഡാക്കോയും
ഹിരോഷിമയിലെ ആണവാക്രമണങ്ങളുടെ ദുരന്തം പേറി ജീവിക്കുന്നവര്‍. ഹിബാക്കുഷകൾ. ആയിരക്കണക്കിനു ഹിബാക്കുഷകൾ ജപ്പാനിൽ ഉണ്ടായിരുന്നു. അണുവികിരണത്തിന്റെ ഇരയായി ലോകത്തെ കരയിച്ച സഡാക്കോ സസുക്കി എന്ന ബാലിക. രോഗശയ്യയിൽവച്ച് അവൾ നിർമിച്ച സഡാക്കോ കൊക്കുകൾ ഇന്ന് ലോകമെങ്ങും യുദ്ധവിരുദ്ധ വികാരത്തിന്റെ പ്രതീകമാണ്.
റേഡിയേഷന്
റേഡിയേഷൻ അളക്കുന്ന യൂണിറ്റ് ആണ് ഗ്രേ. 5 ഗ്രേ ഉണ്ടെങ്കിൽ മനുഷ്യ ശരീരം മാരകമായ റേഡിയേഷനു വിധേയമായി. ഹിരോഷിമയിൽ ആണവ സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളുടെ താടിയെല്ല് പരിശോധിച്ചു നടത്തിയ പഠനത്തിൽ 9.46 ഗ്രേ റേഡിയേഷൻ ഏറ്റെന്നു വ്യക്തമായി. അണുവായുധങ്ങളോട് അരുതേ എന്ന് ഉറക്കെ വിളിച്ചുപറയുകയാണ് ഓഗസ്റ്റ് 6ന് ഹിരോഷിമ ദിനും 9 ന് നാഗസാക്കി ദിനവും ആചരിച്ചുകൊണ്ട് ലോകം.
August 6 marks the 77th anniversary of the atomic bombing of Hiroshima