‘ബാര്‍ബറ മില്ലിസെന്റ് റോബര്‍ട്ട്സ്’ ഈ പേര് പറഞ്ഞാല്‍ ഇതാരാണെന്ന് ഒരുപക്ഷേ പെട്ടെന്ന് പിടികിട്ടില്ല. ചെല്ലപ്പേര് പറഞ്ഞാലോ ഏതൊരു കുഞ്ഞിനും നേരിട്ടറിയാവുന്ന ഏറ്റവും അടുപ്പമുള്ള ഒരാള്‍, ‘ബാര്‍ബി’. ബാര്‍ബി എന്നു പറഞ്ഞാല്‍ എനിക്കാകെ ബാര്‍ബി പാവകളെ മാത്രമേ അറിയൂ എന്നല്ലേ, അതുതന്നെ ഇത് ബാര്‍ബറ മില്ലിസെന്റ് റോബര്‍ട്ട്സ് എന്ന ബാര്‍ബിയുടെ കഥയാണ്.

ഇത് ബാര്‍ബിയുടെ ലോകം

വില്ലോസ് എന്ന സാങ്കല്‍പിക നഗരത്തിലെ ജോര്‍ജ്– മാര്‍ഗരറ്റ് റോബര്‍ട്ട്സ് ദമ്പതികളുടെ മകള്‍ എന്ന വിലാസത്തിലാണ് ബാര്‍ബിയെ 1960കളില്‍ പുറത്തിറങ്ങിയ റാന്‍ഡം ഹൗസിന്റെ നോവലുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. വില്ലോസ് ഹൈസ്കൂള്‍, മാന്‍ഹട്ടണ്‍ ഇന്റര്‍നാഷണല്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി പഠനം. സ്കിപ്പര്‍, സ്റ്റേസി, ചെല്‍സി എന്നിങ്ങനെ മൂന്ന് സഹോദരിമാര്‍. ഇവരെ കൂടാതെ കുറെയേറ ബന്ധുക്കള്‍. തെരേസ, മിഡ്ജ്, ക്രിസ്റ്റി, സ്റ്റീവന്‍, ബ്ലെയ്ന്‍ എന്നു തുടങ്ങി കുറെ കൂട്ടുകാരും. കെന്നത് സീന്‍ കാര്‍സണ്‍ എന്ന കെന്‍ ആണ് ബാര്‍ബിയുടെ നായകന്‍. കുറച്ചുനാളുകള്‍ കെന്നുമായി പ്രണയം. പിന്നീട് ഈ ബന്ധം ഉപേക്ഷിക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം മേക്കോവര്‍ ചെയ്തു വന്ന് കെന്‍ വീണ്ടും ബാര്‍ബിയുടെ മനസ്സ് കവരുന്നു. ഒരു പ്രണയദിനത്തില്‍ വീണ്ടും ഇവര്‍ ഒന്നിക്കുന്നു. 

ബാര്‍ബിയും കെന്നും.

ഇങ്ങനെ സംഭവബഹുലമാണ് ബാര്‍ബിയുടെ ജീവിതം. ജീവനില്ലാത്ത ഒരാള്‍, ഒരു കഥാപാത്രം, ഒരു പാവ അവളുടേതായ ഒരു വലിയ ലോകം തീര്‍ത്ത് 64 വര്‍ഷങ്ങളായി നമ്മുക്കിടയില്‍ ‘ജീവിച്ചിരിക്കുന്നു’. ഒരു മനുഷ്യനെ പോലെ തന്നെ അവള്‍ക്കു വേണ്ടതെല്ലാം, വേണ്ടപ്പെട്ടവരെല്ലാം ആ ലോകത്തുണ്ട്. പട്ടിയും പൂച്ചയും കുതിരയും മാത്രമല്ല, വാഹനങ്ങളും അതിനൊക്കെയുള്ള ലൈസന്‍സും ബാര്‍ബിക്കുണ്ട്. വിമാനം പറത്താന്‍ വരെ. ബാര്‍ബി ഒരേസമയം ഡോക്ടര്‍, പൈലറ്റ്, ബാഹിരാകാശ യാത്രിക ഒക്കെയാകാറുണ്ട്.

ബാര്‍ബിയെക്കുറിച്ച് പല ഘട്ടങ്ങളിലായി പലര്‍ പുറത്തിറക്കിയ നോവലുകളിലും ചിത്രങ്ങളിലുമാണ് ഇത്തരത്തില്‍ പല മുഖങ്ങളും ഭാവങ്ങളും ജീവിത സാഹചര്യങ്ങളുമുള്ള ബാര്‍ബിയെ കാണാനാകുന്നത്. അമേരിക്കന്‍ ബിസിനസുകാരിയായ റൂത്ത് ഹാന്‍ഡ്‌ലര്‍ ആണ് ബാര്‍ബി എന്ന പാവയെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. മറ്റേല്‍ എന്ന കളിക്കോപ്പുകള്‍ നിര്‍മിക്കുന്ന കമ്പനിയുമായി ചേര്‍ന്നാണ് ഹാന്‍ഡ്‌ലര്‍ ഈ പാവയെ ഉണ്ടാക്കിയത്. ആറ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ബാര്‍ബിയുടെ മാര്‍ക്കറ്റ് ഇന്നും ഇടിഞ്ഞിട്ടില്ലെന്ന് പറയാം. ബില്യണ്‍ കണക്കിന് ബാര്‍ബി പാവകളാണ് ഓരോ വര്‍ഷവും വിറ്റഴിക്കപ്പെടുന്നത്. 

ലില്ലി, ബാര്‍ബിയുടെ മുന്‍ഗാമി

പേപ്പര്‍ കൊണ്ടുള്ള പാവകളെ കളിപ്പിക്കുന്ന തന്റെ മകളെ ശ്രദ്ധിച്ചപ്പോഴാണ് റൂത്ത് ഹാന്‍ഡ്‌ലര്‍ക്ക് സ്ത്രീ രൂപത്തിലുള്ള പാവ എന്ന ആശയം ആദ്യം തോന്നിയത്. മകള്‍ തന്റെ പാവകള്‍ക്കെല്ലാം മുതിര്‍ന്നവരുടെ ‘റോളാ’ണ് കൊടുക്കുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള പാവകള്‍ക്കെല്ലാം കുഞ്ഞുങ്ങളുടെ രൂപമാണ് എന്നത് ഹാന്‍ഡ്‌ലര്‍ ശ്രദ്ധിച്ചു. ഇതോടെ സ്ത്രീ രൂപമുള്ള പാവകളെ നിര്‍മിച്ചാലോ എന്ന ആശയം ഹാന്‍ഡ്‌ലര്‍ക്കുണ്ടായി. മറ്റേല്‍ കമ്പനിയുടെ സഹസ്ഥാപകന്‍ കൂടിയായ ഹാന്‍ഡ്‌ലറുടെ ഭര്‍ത്താവ് എലിയറ്റുമായി ഇക്കാര്യം അവര്‍ പങ്കുവച്ചു. എന്നാല്‍ എലിയറ്റിനും മറ്റേലിന്റെ മറ്റ് ഡയറക്ടര്‍മാര്‍ക്കും ഈ ആശയം അത്രകണ്ട് ബോധിച്ചില്ല. 

1956ല്‍ തന്റെ മക്കള്‍ ബാര്‍ബറയും കെന്നത്തുമായി ഹാന്‍ഡ്‌ലര്‍ യൂറോപ്പിലേക്ക് ഒരു യാത്ര പോയി. അവിടെ വച്ച് ബൈല്‍ഡ് ലില്ലി എന്ന് പേരുള്ള ജര്‍മന്‍ പാവയെ അവര്‍ കാണാനിടയായി. ബൈല്‍ഡ് എന്ന പത്രത്തിലെ ആക്ഷേപഹാസ്യ കാര്‍ട്ടൂണിനു വേണ്ടി റെയ്ന്‍ഹാര്‍ഡ് ബ്ല്യൂതിന്‍ എന്നയാള്‍ വരച്ചെടുത്തതായിരുന്നു ലില്ലിയുടെ രൂപം. ഇതാണ് പിന്നീട് പാവയുടെ രൂപത്തില്‍ നിര്‍മിച്ചെടുത്ത് വില്‍പനയ്ക്കെത്തിച്ചത്. ഹാന്‍ഡ്‌ലര്‍ മുന്‍പ് എലിയറ്റിനോട് പങ്കുവച്ച അതേ രൂപത്തിലുള്ള ഒരു പാവ. 

റൂത്ത് ഹാന്‍ഡ്‌ലര്‍.

1955ല്‍ ജര്‍മനിയിലായിരുന്നു ലില്ലി ആദ്യം വില്‍പനയ്ക്കെത്തിയത്. മുതിര്‍ന്നവരെ ലക്ഷ്യമിട്ടെത്തിയ പാവയാണെങ്കില്‍ പോലും കുട്ടികള്‍ക്കിടയിലായിരുന്നു ലില്ലിയുടെ മാര്‍ക്കറ്റ്. ലില്ലിക്ക് പുത്തന്‍ ഉടുപ്പുകള്‍ ഇട്ടുകൊടുക്കാനും മുടി ചീകി കൊടുക്കാനും ഒരുക്കാനുമൊക്കെയുള്ള കുട്ടികളുടെ താല്‍പര്യം കണ്ടപ്പോള്‍ ലില്ലി പാവകള്‍ക്കൊപ്പം തന്നെ ഇവയ്ക്കുള്ള വസ്ത്രങ്ങള്‍ പ്രത്യേകമായി വില്‍പനയ്ക്കെത്തിച്ചു. ഈ ലില്ലി പാവയില്‍ നിന്നാണ് ബാര്‍ബിയുടെ പിറവി. 

ബൈല്‍ഡ് ലില്ലി.

ബാര്‍ബിയുടെ ജനനം

മൂന്ന് ബൈല്‍ഡ് ലില്ലി പാവകളെ വാങ്ങിയാണ് ഹാന്‍ഡ്‌ലര്‍ അവിടെ നിന്ന് തിരിച്ചെത്തിയത്. അതില്‍ ഒന്നിനെ മകള്‍ ബാര്‍ബറയ്ക്ക് നല്‍കി. ബാക്കി രണ്ട് പാവകളുമായി ഹാന്‍ഡ്‌ലര്‍ ചെന്നത് മറ്റേല്‍ കമ്പനിയിലേക്കാണ്. നാട്ടിലുള്ള ജാക്ക് റയാന്‍ എന്ന ഒരു ഡിസൈനറെ സമീപിച്ച് ഹാന്‍ഡ്‌ലര്‍ ലില്ലി പാവയുടെ രൂപത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി, തന്റെ മകളുടെ പേരായ ബാര്‍ബറ എന്നത് ചുരുക്കി ബാര്‍ബി എന്നാക്കി പാവയ്ക്കിട്ടു. ഈ പാവയെ ഇവര്‍ 1959 മാര്‍ച്ച് ഒന്‍പതിന് നടന്ന അമേരിക്കന്‍ ഇന്‍റര്‍നാഷണല്‍ ടോയി ഫെയറില്‍ അവതരിപ്പിച്ചു. ഈ ദിവസമാണ് ബാര്‍ബിയുടെ ഔദ്യോഗിക ജന്മദിനമായി അറിയപ്പെടുന്നത്.

കറുപ്പും വെളുപ്പും നിറത്തില്‍ സീബ്ര ലൈനിലുള്ള നീന്തല്‍ വസ്ത്രം ധരിച്ച് ഉച്ചിയില്‍ കെട്ടിവച്ച പോണിടെയ്ല്‍ മുടിയുമായാണ് ആദ്യത്തെ ബാര്‍ബി എത്തിയത്. മറ്റേലിന്റെ ഫാഷന്‍ ഡിസൈനറായ ചാര്‍ലോട്ട് ജോണ്‍സണ്‍ ആയിരുന്നു ഈ ബാര്‍ബിയുടെ ഫാഷന്‍ ഡിസൈനര്‍. ‘ടീന്‍ ഏജ് ഫാഷന്‍ മോ‍ഡല്‍’ എന്നാണ് ജോണ്‍സണ്‍ ഈ പാവയെ വിശേഷിപ്പിച്ചത്. വസ്ത്രങ്ങളടക്കം തുന്നിയെടുത്തതും ബാര്‍ബി പാവകളെ  നിര്‍മിച്ചെടുത്തതും ജപ്പാനിലായിരുന്നു. ആദ്യ വര്‍ഷം തന്നെ മൂന്നര ലക്ഷത്തോളം ബാര്‍ബി പാവകളാണ് വിറ്റഴിക്കപ്പെട്ടത്. 

ലില്ലി പാവയുടെ കോപ്പിയാണ് ബാര്‍ബി എന്ന ആരോപണം ഉയരുകയും ഇത് വന്‍ വിവാദമാകുകയുമൊക്കെ ചെയ്തു പിന്നീട്. കേസും പൊല്ലാപ്പുമൊക്കെയായെങ്കിലും കോടതിക്കു പുറത്തുവച്ച് കാര്യങ്ങള്‍ ഒത്തുതീര്‍പ്പായി. ബൈല്‍ഡ് ലില്ലിയുടെ കോപ്പിറൈറ്റും പേറ്റന്റുമടക്കം മറ്റേല്‍ കമ്പനി സ്വന്തമാക്കി. 

വിവാദങ്ങളിലൂടെ ബാര്‍ബി

ബാര്‍ബിയുടെ പേരില്‍ വിവാദങ്ങളൊരുപാട് പൊങ്ങിവന്നു. ആദ്യത്തെ ബാച്ച് ബാര്‍‌ബി പാവകളുടെ നെഞ്ചടക്കം ചൂണ്ടിക്കാട്ടി, ഇത്തരത്തിലുള്ള പാവകളെ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നത് എങ്ങനെയാണെന്ന ചോദ്യം ചില മാതാപിതാക്കള്‍ ഉയര്‍ത്തി. 1992ല്‍ പുറത്തിറക്കിയ ടീന്‍ ടോക്ക് ബാര്‍ബി പറയുന്ന ചില വാചകങ്ങള്‍ ‘കണക്ക് എനിക്ക് ഇഷ്ടമല്ല’, ‘ഐ ലവ് ഷോപ്പിങ്’ തുടങ്ങിവ വിവാദമായി. 2002ല്‍ മറ്റേല്‍ പുറത്തിറക്കിയ ഗര്‍ഭിണിയായ ബാര്‍ബിയുടെ പേരില്‍ പരാതി പ്രളയമായിരുന്നു. കൗമാരക്കാര്‍ക്കിടയിലെ ഗര്‍ഭധാരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണിത് എന്നതായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം. 

2003ല്‍ ഇസ്ലാം മതത്തിന്റെ നിയമങ്ങളെ അനുശാസിക്കുന്നതല്ല എന്നുപറഞ്ഞ് സൗദി അറേബ്യ ബാര്‍ബി പാവകള്‍ക്ക് വിലക്ക് കൊണ്ടുവന്നു. ഇവിടങ്ങളില്‍ ‘ഫുള്ള’ എന്ന പേരിലുള്ള, മുസ്ലീം മത നിയമങ്ങളെ അനുശാസിക്കുംവിധമുള്ള പാവകളെയാണ് വില്‍ക്കുന്നത്. നിര്‍മിക്കുന്നത് മറ്റേല്‍ അല്ലെങ്കിലും ഫുള്ളയുടെ ലൈസന്‍സ് കമ്പനിയുടെ പേരിലാണ്. ഈജിപ്റ്റ്, ഇന്തോനേഷ്യ എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ‘ജൂയിഷ്’ ബാര്‍ബികളാണ് വില്‍പന ചെയ്യുന്നത്. ഇറാനില്‍ 2002 മുതല്‍ ‘സാറ ആന്റ് ഡാറ’ പാവകളും ബാര്‍ബിക്കു പകരമായി വിപണിയിലെത്തി. എന്നാല്‍ ഇവയ്ക്ക് വിചാരിച്ച അത്രയും പ്രചാരം ലഭിച്ചില്ല.

ബാര്‍ബി സിന്‍ഡ്രോം

ലോകത്ത് എവിടെയാണ് ഈ ശരീരവടിവുള്ള പെണ്‍കുട്ടിയുള്ളത് എന്നതാണ് ആദ്യകാലം മുതല്‍ക്കേ ബാര്‍ബിക്ക് നേരിടേണ്ടി വരുന്ന വിമര്‍ശനം. ബാര്‍ബിയെപ്പോലയാകാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളുണ്ട്. കൗമാരക്കാരായ ചില പെണ്‍കുട്ടികളില്‍ ബാര്‍ബിയെപ്പോലെയാകാനുള്ള ആഗ്രഹം ഉടലെടുക്കുന്നതായി പല പഠനങ്ങളിലും കണ്ടെത്തി. ബാര്‍ബി സിന്‍ഡ്രോം എന്ന പേരും ഇതിനുവീണു.

2006ല്‍ ഹെല്‍ഗ ഡിറ്റ്മാര്‍, എമ്മ ഹല്ലിവെല്‍, സുസാന്ന എന്നിവര്‍ ചേര്‍ന്ന് എങ്ങനെയാണ് ബാര്‍ബിയടക്കമുള്ള പാവകള്‍ പെണ്‍കുട്ടികളെ സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു പഠനം നടത്തി. അഞ്ചു മുതല്‍ എട്ടു വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കു മുന്നില്‍ ഇവര്‍ ബാര്‍ബിയുടെയും വടിവൊത്ത ശാരീരിക ഘടനയില്ലാത്ത സാധാരണ സ്ത്രീ രൂപമുള്ള എമ്മ എന്ന പാവയുടെയും ചിത്രങ്ങളടങ്ങിയ ബുക്കുകള്‍ വച്ചു. ഇതില്‍ കുട്ടികളോട് ഇഷ്ടമുള്ളത് എടുക്കാന്‍ പറഞ്ഞപ്പോള്‍ അവരില്‍ കൂടുതല്‍ പേരും എമ്മയെ ഒഴിവാക്കി ബാര്‍ബിയെയാണ് എടുത്തത്. കാരണം ചോദിച്ചപ്പോള്‍ പറഞ്ഞതാകട്ടെ ബാര്‍ബിയുടെ ശരീരഘടന കണ്ടിട്ടാണെന്ന്. എമ്മയെ എടുത്ത കുട്ടികളെ അപേക്ഷിച്ച് ഈ കുട്ടികളില്‍ ആത്മവിശ്വാസവും ധൈര്യവും വളരെ കുറവാണെന്ന് പഠനത്തില്‍ തെളിഞ്ഞു.

ബാര്‍ബിയും കെന്നുമായ മനുഷ്യര്‍

വലേറിയ ലുക്യനോവ എന്ന യുക്രെയ്നിയന്‍ മോഡല്‍ തന്റെ ശരീരം ബാര്‍ബിയെപ്പോലെയാക്കാന്‍ ചെയ്യാത്തതായി ഒന്നുമില്ല. സ്തനങ്ങളില്‍ ശസ്ത്രക്രിയ നടത്തിയും ഓവര്‍ മേക്കപ്പിട്ടുമാണ് ഇവര്‍ ബാര്‍ബിയെപ്പോലെയാകാന്‍ ശ്രമിച്ചത്. ലേസി വൈല്‍ഡ് എന്ന അമേരിക്കക്കാരിയാകട്ടെ ബാര്‍ബിയെപ്പോലെയാകാന്‍ തന്റെ സ്തനങ്ങളില്‍ മാത്രം പന്ത്രണ്ടോളം സര്‍ജറികളാണ് നടത്തിയത്. ‘മില്യണ്‍ ഡോളര്‍ ബാര്‍ബി’ എന്നാണ് ഇവര്‍ അറിയപ്പെടുന്നത് തന്നെ.

വലേറിയ ലുക്യനോവ.

റൊഡ്രിഗോ ആല്‍വ്സ് എന്നയാള്‍ ബാര്‍ബിയുടെ കാമുകന്‍ കെന്നിനെ പോലെയാകാന്‍ ചെലവാക്കിയത് 3,73,000 പൗണ്ടാണ്. ഇന്ത്യന്‍ രൂപയിലേക്ക് കണക്കാക്കിയാല്‍ ഏകദേശം നാലുകോടിയോളം രൂപ. തന്റെ ട്രാന്‍സ്ജെന്‍ഡര്‍ ഐഡന്റിന്റി വെളിപ്പെടുത്തുന്നതിന് മുന്‍പായിരുന്നു ഇത്. ‘ഹ്യൂമന്‍ കെന്‍ ഡോള്‍’ (മനുഷ്യ കെന്‍ പാവ) എന്നാണ് ഇയാള്‍ അറിയപ്പെട്ടത്. മൂക്ക്, സിക്സ് പാക്, ശരീരത്തിന്റെ പിന്‍ഭാഗം, മുടി, നെഞ്ച് തുടങ്ങി ശരീരത്തില്‍ എല്ലായിടത്തും ഇയാള്‍ ശസ്ത്രക്രിയകള്‍ നടത്തി. അമേരിക്കയിലെ ബിസിനസുകാരനായ ജസ്റ്റിന്‍ ജെഡ്‌ലിക്കയും കെന്നിനെ പോലെയാകാന്‍ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.

റൊഡ്രിഗോ ആല്‍വ്സ്.

ബാര്‍ബി കഥകളും വിശേഷങ്ങളും ഇങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കുകയാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന പാവകളായാണ് ബാര്‍ബിയും ബാര്‍ബിയുടെ കാമുകന്‍ കെന്നും ഇന്നും അറിയപ്പെടുന്നത്. പുസ്തകങ്ങള്‍ക്കു പുറമേ ചിത്രങ്ങളും അനിമേഷന്‍ ചിത്രങ്ങളും വിഡിയോ ഗെയിമുകളും ബാര്‍ബിയുടെ പ്രചാരം വര്‍ധിപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. 2023 ജൂലൈ 21ന് പുറത്തിറങ്ങിയ ‘ബാര്‍ബി’ എന്ന ചിത്രം പോലും ബാര്‍ബി പാവകളുടെ പ്രചാരം വര്‍ധിപ്പിക്കാനും അവയുടെ വില്‍പന കൂട്ടാനുള്ള ബിസിനസ് തന്ത്രവുമായാണ് അറിയപ്പെടുന്നത്.

Life journey of Barbie Doll; Started from 1959 to 2023