ചിത്രം: MSCHF
ഉപ്പുതരിയോളം പോന്നൊരു ബാഗിന് ലേലത്തില്‍ ലഭിച്ച തുക കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. 52 ലക്ഷത്തി മുപ്പതിനായിരത്തിയെഴുന്നൂറ്റി പത്തൊന്‍പത് രൂപ(63,750$)യാണ് ബാഗിന് വില വീണത്. ബാഗ് വിശദമായൊന്ന് കാണണമെങ്കില്‍ മൈക്രോസ്കോപ് തന്നെ വേണ്ടിവരും. 657x222x700 മൈക്രോമീറ്ററാണ് ബാഗിന്റെ നീളവും വീതിയും ഉയരവും. സൂചിക്കുഴയിലൂടെ വരെ ബാഗ് കടന്നു പോകുമെന്നും കുഞ്ഞന്‍ പഴ്സിനെക്കാളും ചെറുതാണെന്നും ബാഗ് നിര്‍മാതാക്കളായ എം.എസ്.സി.എച്ച്.എഫ് പറയുന്നു.
മനുഷ്യരക്തമുള്ള ഷൂ, ഭീമന്‍ റബര്‍ ബൂട്സ്, വിശുദ്ധ ജലം സോളില്‍ നിറച്ച സ്പോര്‍ട്സ് ഷൂ തുടങ്ങി വ്യത്യസ്തമായ ഉല്‍പന്നങ്ങള്‍ കൊണ്ട് വാര്‍ത്തയില്‍ മുന്‍പും ഇടംപിടിച്ചിട്ടുണ്ട് എം.എസ്.സി.എച്ച്.എഫ്. വലിയ ഹാന്‍ഡ് ബാഗുകളുണ്ടാകാം, സാധാരണ ഹാന്‍ഡ് ബാഗുകളുണ്ടാകാം, കുഞ്ഞന്‍ ഹാന്‍ഡ് ബാഗുകളുമുണ്ടാകാം.. പക്ഷേ ബാഗിന്റെ ചെറുപതിപ്പുകളില്‍ ഇതാണ് അവസാന വാക്കെന്നാണ് ഈ ഇത്തിരിക്കുഞ്ഞനെ കുറിച്ച് നിര്‍മാതാക്കളുടെ അഭിപ്രായം.
ത്രീ–ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫൊട്ടോ പൊളിമറുകള്‍ കൊണ്ടാണ് ബാഗ് നിര്‍മിച്ചിരിക്കുന്നത്. എന്തെങ്കിലും കാരണം കൊണ്ട് ബാഗ് കാണാതെ പോയാല്‍ വിഷമിക്കേണ്ടെന്നും ബാഗിനൊപ്പം ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള മൈക്രോസ്കോപ് കൂടി നല്‍കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Microscopic bag 'smaller than grain of salt' sells for $63,750