ഓണ്‍ലൈന്‍ വ്യാപാരഭീമനായ ആലിബാബയുടെ സ്ഥാപകനും ശതകോടീശ്വരനുമായ ജാക്ക് മാ ജപ്പാനിലെ കോളജ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ടോക്കിയോയിലെ കോളജിലാണ് വിസിറ്റിങ് പ്രൊഫസറായി ജാക്ക് മാ പഠിപ്പിക്കുന്നത്. ടോക്കിയോ സര്‍വകലാശാലയ്ക്ക് കീഴിലെ കോളജില്‍ അധ്യാപകനായ ജാക്ക് മായുടെ കരാര്‍ ഈ ഒക്ടോബര്‍ വരെയാണ്. മെയ് ഒന്ന് മുതലാണ് കോളജ് പ്രൊഫസറായി ജാക്ക് മാ ചുമതലയേറ്റത്. കരാര്‍ പുതുക്കണോ എന്നത് സംബന്ധിച്ച് ജാക്ക് മായ്ക്ക് തീരുമാനിക്കാം. 

മാനേജ്മെന്റ്, ബിസിനസ് സംരംഭങ്ങള്‍, സുസ്ഥിര കൃഷി എന്നീ വിഷയങ്ങളില്‍ ഗവേഷണങ്ങളുടെ പ്രാധാന്യത്തെ കുറിച്ചാണ് ജാക്ക് മാ പഠിപ്പിക്കുന്നത്. 2020 ല്‍  ചൈനയിലെ സാമ്പത്തിക നിയന്ത്രണങ്ങളെ വിമര്‍ശിച്ച ജാക്ക് മാ പിന്നാലെ അപ്രത്യക്ഷനാവുകയായിരുന്നു. വിമര്‍ശിച്ചതിന്റെ പേരില്‍ ജാക്ക് മായെ സര്‍ക്കാര്‍ തടവിലാക്കിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. പിന്നീട് ഓസ്ട്രേലിയയിലും തായ്​ലന്‍ഡിലും ജാക്ക് മായെ പലരും കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

 

Jack Ma is now a teacher, joins Tokyo University