File Photo

File Photo

പൂരം എന്നു പറയുമ്പോള്‍ മലയാളി മനസിലേക്ക് ഓടി എത്തുന്നതാണ് തൃശൂർ പൂരം. പേരില്‍ തൃശൂർ ഉണ്ടെങ്കിലും കേരളത്തിന്‍റെ മുഴുവന്‍ ആഘോഷമാണിത്. നാനാ ഭാഗത്തു നിന്നുമുള്ള ആളുകളടക്കം പൂരം കാണാന്‍ എത്താറുണ്ട്.  ത്യശൂര്‍ പൂരം പിറന്നതിന് പിന്നിലെ ഐതിഹ്യമായി നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. 

കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാനുമായി ബന്ധപ്പെട്ടാണ് പലപ്പോഴും തൃശൂര്‍ പൂരത്തിന്‍റെ ആരംഭം പറയാറുള്ളത്. 2 നൂറ്റാണ്ടിന് മുൻപ്. അന്ന് ശക്തൻ തമ്പുരാൻ കൊച്ചിരാജ്യം ഭരിക്കുന്ന കാലം. അന്ന് തൃശൂര്‍ പൂരം പോലെ ആളുകള്‍ ആഘോഷമാക്കിയ പൂരമാണ് ആറാട്ടുപുഴ പൂരം. പല പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍നിന്നുള്ള ഘോഷയാത്രകളും ആറാട്ടുപുഴ ക്ഷേത്രത്തിലെത്തി ചേരും. ഹിന്ദു ഐതിഹ്യ പ്രകാരം ലോകത്തിലെ മുപ്പത്തിമുക്കോടി ദേവതകളും ആറാട്ടുപുഴയിലേക്ക് അന്ന് പൂര ദിവസം എത്തിച്ചേരുമെന്നാണ് വിശ്വസിച്ചിരുന്നത്.

എന്നാല്‍, 1796-െല പൂരത്തിന് വലിയ മഴയെത്തുടര്‍ന്ന് തൃശൂര്‍ ദേശത്തെ ആളുകള്‍ക്ക് ആറാട്ടുപുഴയിലെ പൂരത്തിന് കൃത്യ സമയത്ത് എത്താന്‍ കഴി‍ഞ്ഞില്ല. അല്പം വൈകി എന്ന കാരണത്താല്‍ തൃശൂര്‍ ദേശത്തെ ജനങ്ങളെ അന്ന് പൂരത്തിൽ പങ്കെടുപ്പിക്കാതെ വിലക്കി. പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ദേശങ്ങളിലെ ആളുകള്‍ക്കാണ് പങ്കെടുക്കാന്‍ സാധിക്കാതെ പോയത്. 

തൃശൂര്‍ ദേശത്തെ ജനങ്ങളെ വിലക്കിയത് ഇഷ്ടപ്പെടാത്ത ശക്തന്‍ തമ്പുരാന്‍, അടുത്ത വര്‍ഷം മുതല്‍ വടക്കും നാഥനെ ആസ്ഥാനമാക്കി പുതിയൊരു പൂരം ആരംഭിക്കാന്‍ തീരുമാനിച്ചു.  ഇതോടെ തൃശൂർക്കാരുടെ പൂരം ഇനി വടക്കുന്നാഥ സന്നിധിയിൽ മതിയെന്നും 1798ൽ ശക്തൻ തമ്പുരാൻ തീരുമാനമെടുത്തു എന്നാണ് ചരിത്രകഥ.  പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് ഈ പൂരത്തിലെ പ്രധാന ഘടക ദേശങ്ങൾ. അന്നു കാടായിരുന്ന തേക്കിൻകാടിനെ വെട്ടിത്തെളിച്ചു നാടാക്കി മാറ്റിയതും ശക്തൻ തമ്പുരാൻ തന്നെയെന്നാണ് ചരിത്രം. 

എന്നാല്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ തൃശൂര്‍ പൂരത്തിന്‍റെ ഉത്പത്തി മറ്റൊരു രീതിയിലാണ്. അതിങ്ങനെ:  തൃശൂര്‍ പൂരം ശക്തന്‍ തമ്പുരാന്റെ കല്പനപ്രകാരം ഉണ്ടാക്കിയതാണ്. അതിന് മുമ്പ് അവിടെ അങ്ങനെയൊരു ആഘോഷം ഉണ്ടായിരുന്നില്ല. കൊച്ചി രാജാവ്  തൃശൂരില്‍ വന്നപ്പോള്‍ ദേശക്കാരെ വിളിച്ചുവരുത്തി മേടമാസത്തിലെ പൂരം ആണ്ടുതോറും ഒരു ആഘോഷമായി കൊണ്ടാടണമെന്ന് നിര്‍ദേശിച്ചു. അതിന് നാട്ടുകാര്‍ തിരുവമ്പാടി, പാറമേക്കാവ് എന്നീ രണ്ടുഭാഗങ്ങളായി പിരിഞ്ഞ് ഭഗവതി ശാസ്താവ് മുതലായ ദേവന്മാരെ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരണം. തിരുവമ്പാടി, പാറമേക്കാവ് എഴുന്നള്ളത്തുകള്‍ പ്രധാനമായിരിക്കണം. പണം ജനങ്ങള്‍ സ്വരൂപിക്കണമെന്നും ശക്തന്‍ തമ്പുരാന്‍ അരുളിചെയ്തു. മുറകളും ചടങ്ങുകളും അദ്ദേഹം തന്നെ കല്‍പിക്കുകയും ചെയ്തു. 

The story behind Thrissur Pooram