ചിത്രം: ഗൂഗിള്‍

ചിത്രം: ഗൂഗിള്‍

സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ ഉപ്പ് ആളെക്കൊല്ലിയാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദിവസം അഞ്ച് ഗ്രാമോ, അല്ലെങ്കിൽ ഒരു ദിവസം ഒരു ടീസ്പൂണോ ആയി ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തണമെന്നാണ് നിർദ്ദേശം. കാർഡിയോവാസ്കുലർ പ്രവർത്തനങ്ങളെ ശരീരത്തിലെ അമിത ഉപ്പ് തകരാറിലാക്കുന്നുണ്ടെന്നും സോഡിയം കൂടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും  റിപ്പോർട്ട് പറയുന്നു. ഉപ്പിന്റെ അമിതോപയോഗം മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ബാധിച്ച് 70  ലക്ഷം ആളുകളെങ്കിലും 2030 ഓടെ മരിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 

 

ചൈനക്കാരാണ് ഉപ്പിന്റെ ഉപയോഗത്തിൽ ഒന്നാമത്. ചൈനയിൽ ഒരു വ്യക്തി ദിവസം 10.9 ഗ്രാം ഉപ്പ് അകത്താക്കുന്നുവെന്നാണ് കണക്ക്. ഉപ്പ് ഉപയോഗിക്കുന്നവരുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. പത്ത്ഗ്രാമാണ് ഇന്ത്യക്കാരൻ ഒരു ദിവസം ഭക്ഷണത്തിനൊപ്പം കഴിക്കുന്ന ഉപ്പ്.  മുന്നറിയിപ്പ് ഗൗരവമായി എടുക്കണമെന്നും ഉപ്പിന്റെ ഉപയോഗം സ്വയം കുറയ്ക്കണമെന്നും ആരോഗ്യവിദഗ്ധരും പറയുന്നു. പാക്കറ്റുകളിൽ വരുന്ന ഭക്ഷണങ്ങളെക്കാൾ പാകം ചെയ്ത് കഴിക്കുന്നത് ശീലമാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

ഭക്ഷണത്തിൽ ഉപ്പ് അമിതമായാൽ രക്തസമ്മർദം, ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, അസ്ഥി പൊടിയൽ തുടങ്ങിയ അസുഖങ്ങൾക്ക് കാരണമായേക്കാം. പീത്​സ, ബർഗർ, പപ്പടം, അച്ചാർ, സോസജുകൾ, സലമി, ചീസ്, സ്നാക്സ് തുടങ്ങിയവയിൽ ഉപ്പിന്റെ അംശം അപകടകരമായ അളവിൽ കണ്ടുവരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

 

Salt could cause millions of death before 2030; WHO Report