ഉപ്പും മുളകും കൂട്ടില്ലാത്തൊരു ജീവിതം ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ചും മലയാളികള്‍ക്ക് സങ്കല്‍പ്പിക്കാനേ സാധിക്കുകയില്ല. എന്നാല്‍ ഉപ്പിന്‍റെ സ്ഥിരമായുള്ള ഉപയോഗം ജീവനെടുക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഉപ്പിന്‍റെ ഉപയോഗം ദിവസം രണ്ടുഗ്രാമിലേക്ക് പരിമിതപ്പെടുത്തണമെന്നും ആരോഗ്യകരമായ മറ്റുമാര്‍ഗങ്ങള്‍ പരീക്ഷിക്കണമെന്നുമാണ് ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മുന്‍പത്തെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിദിനം ഉപയോഗിക്കാവുന്ന ഉപ്പ് അഞ്ചുഗ്രാം ആയിരുന്നു.
ഉപ്പ് തിന്നാല്‍ വെള്ളം കുടിക്കും!
AI image
ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിക്കുമെന്നൊരു ചൊല്ല് തന്നെ നമുക്കുണ്ട്. ഉപ്പ് നിത്യ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതുമാണ്. എന്നാല്‍ ഉപ്പ് അധികം അകത്താക്കിയാല്‍ രക്തസമ്മര്‍ദം വര്‍ധിക്കുമെന്നും ഹൃദ്രോഗം, വൃക്ക സംബന്ധിയായ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യറിപ്പോര്‍ട്ടനുസരിച്ച് പ്രതിദിനം 9.8 ഗ്രാം എങ്കിലും ഉപ്പ് ഒരു ദിവസം ഒരാള്‍ അകത്താക്കുന്നുണ്ട്. അനുവദനീയമായതിന്‍റെ അഞ്ചിരട്ടിയോളം വരുമിത്. ഉപ്പിന്‍റെ ഉപയോഗം കുറച്ചാല്‍ തന്നെ കുതിച്ചുയരുന്ന ഹൃദയാരോഗ്യ പ്രശ്നങ്ങളെ പിടിച്ചുനിര്‍ത്താമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഗ്രാമീണമേഖലകളിലുള്ളവരിലാണ് ഉപ്പിന്‍റെ അമിതമായ ഉപയോഗം കാണുന്നതെന്നും അതുകൊണ്ട് തന്നെ ഹൃദ്രോഗം, വൃക്കരോഗങ്ങള്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയുമായി ആശുപത്രിയില്‍ എത്തുന്ന ഗ്രാമീണരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. സോഡിയത്തിന്‍റെ അളവ് കുറച്ചും പൊട്ടാസ്യത്തിന്‍റെ അളവ് കൂടുതലുമുള്ള ഉപ്പ് താങ്ങാനാവുന്ന നിരക്കില്‍ ആളുകള്‍ക്ക് ലഭ്യമാക്കാനുള്ള നടപടിയുണ്ടാകണമെന്നും നിലവില്‍ ഉപയോഗിക്കുന്ന ഉപ്പിന് ആരോഗ്യകരമായ ബദല്‍ ഉണ്ടാവേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
ഉപ്പിന് ബദല്‍ സാധ്യമോ?
ഉപ്പ് ഉപയോഗം കുറയ്ക്കണമെന്നും ഉപ്പിന് പകരം മറ്റ് ആരോഗ്യകരമായ ബദലുകള്‍ വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുമ്പോള്‍ തന്നെ, എല്ലാവര്‍ക്കും ഈ ബദല്‍ ഉപയോഗം സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭിണികള്‍, കുട്ടികള്‍, വൃക്കരോഗികള്‍, പൊട്ടാസ്യം താഴുന്ന അസുഖമുള്ളവര്‍ തുടങ്ങിയവര്‍ക്ക് സോഡിയം അടങ്ങിയ ഉപ്പിന് പകരം ബദല്‍ ഒന്നും ഉപയോഗിക്കാന്‍ കഴിയില്ല. അല്ലാത്തവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മറ്റുള്ളവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
പൊട്ടാസ്യം ക്ലോറൈഡാണ് ഉപ്പിന്‍റെ പ്രധാന ബദലായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. ഉപ്പിന്‍റേത് പോലെ തന്നെയുള്ള രുചിയാണ് പൊട്ടാസ്യം ക്ലോറൈഡിനും. ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദം കുറയ്ക്കാനും ഇത് ഉത്തമമാണ്. ചീര, കിഴങ്ങ്, തക്കാളി, കൂണ്‍, വാഴപ്പഴം, അവക്കാഡോ, പരിപ്പ് വര്‍ഗങ്ങള്‍, വെള്ളക്കടല, സോയാബീന്‍സ്, പാല്‍, തൈര്, ചീസ്, ഡാര്‍ക്ക് ചോക്കലേറ്റ് എന്നിവയില്‍ പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. അതേസമയം വൃക്കരോഗമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ പൊട്ടാസ്യം ക്ലോറൈഡ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്.
കടല്‍പ്പായലുകളും നോറി, ഡള്‍സ്, കെല്‍പ് തുടങ്ങി സംസ്കരിച്ച കടല്‍പ്പായലുകളുമാണ് സോഡിയത്തിന്‍റെ അതിപ്രസരമില്ലാത്ത ഉപ്പ്. തൈറോയിഡ് സംബന്ധമായ മരുന്നുകള്‍ കഴിക്കുന്നവര്‍ ഉപയോഗത്തിന് മുന്‍പ് വിദഗ്ധോപദേശം തേടണം. റോസ്മേരി, ബേസില്‍, തൈം, മഞ്ഞള്‍, ജീരകം എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ചേര്‍ക്കുന്നത് ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും. സാലഡുകള്‍ തയ്യാറാക്കുമ്പോള്‍ ഉപ്പിന് പകരമായി നാരങ്ങനീരോ വിനാഗിരിയോ ഉപയോഗിക്കുന്നതും ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും. അതേസമയം അസിഡിറ്റി പ്രശ്നങ്ങള്‍ ഉള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഇന്തുപ്പ്, ഉള്ളി, വെള്ളുത്തുള്ളിപ്പൊടി എന്നിവയും ഉപ്പിന്‍റെ ഉപയോഗം ഫലപ്രദമായി നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്.