ചിത്രം: മീനാ തിവാരി (വലത്), ഷട്ടർസ്റ്റോക് ചിത്രം (ഇടത്)

കുസാറ്റിലെ ആർത്തവ അവധിക്ക് പിന്നാലെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആർത്തവ അവധി പ്രഖ്യാപിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കയ്യടി നേടുകയാണ്.  31 വർഷങ്ങൾക്ക് മുൻപ് സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക് രണ്ട് ദിവസത്തെ ആർത്തവ അവധി അനുവദിച്ച ബിഹാർ ഇക്കാര്യത്തിൽ കേരളത്തിനൊരു നല്ല മാതൃകയാണ്. ലാലുപ്രസാദ് സർക്കാരാണ് മൂന്ന് പതിറ്റാണ്ട് മുൻപ് ചരിത്രപരമായ ഈ തീരുമാനം നടപ്പിലാക്കിയത്. 

ആർത്തവ അവധിയെന്ന ചരിത്ര തീരുമാനത്തിന് ഇടയാക്കിയ ബിഹാറിലെ സമരത്തെ കുറിച്ചും സ്ത്രീകളോട് രാജ്യം സ്വീകരിക്കേണ്ട അനുഭാവ പൂർണമായ സമീപനത്തെ കുറിച്ചും അഖിലേന്ത്യാ പുരോഗമന വനിതാ സംഘം( All India Progressive Women's Association)  ജനറൽ സെക്രട്ടറി മീനാ തിവാരി മനോരമന്യൂസ്.കോമിനോട് സംസാരിക്കുന്നു.

ആർത്തവ അവധി അനുവദിച്ചു കൊണ്ടുള്ള കേരള സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമാണ്. എന്നാൽ വിദ്യാർഥികൾക്ക് മാത്രമല്ല, എല്ലാ തൊഴിൽ മേഖലയിലുമുള്ള സ്ത്രീകൾക്കും ഈ അവധി ലഭ്യമാക്കണമെന്നും മീനാകുമാരി പറയുന്നു. രാജ്യമെങ്ങുമുള്ള വനിതാ തൊഴിലാളികൾക്ക് പ്രസവ അവധി അനുവദിച്ചത് പോലെ ആർത്തവ അവധി അനുവദിക്കുന്നതിനായി പാർലമെന്റിൽ പ്രമേയം കൊണ്ടുവരാൻ രാഷ്രീയ പാർട്ടികൾ മുൻകൈയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

'1991 അവസാനമാണ് ശമ്പള വർധനവുൾപ്പടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബിഹാറിലെ ആറുലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർ സമരം ആരംഭിച്ചത്. സമരക്കാരിൽ 10 ശതമാനം സ്ത്രീകളായിരുന്നു'. അവകാശങ്ങൾ ലഭിക്കണമെങ്കിൽ സമരം ചെയ്യണമെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്താൻ നല്ല പരിശ്രമം വേണ്ടി വന്നുവെന്നും മീനാ തിവാരി ഓർത്തെടുക്കുന്നു. സർക്കാർ ജീവനക്കാർക്കൊപ്പം അധ്യാപകരും വിദ്യാർഥികളും ഗ്രാമീണ സ്ത്രീകളും സമരത്തിൽ അണിചേർന്നു. രണ്ടരമാസം നീണ്ടു നിന്ന സമരത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായി വനിതാ സംഘടനകളും സ്ത്രീകളും ആർത്തവ അവധി ഉയർത്തിക്കാട്ടി. വനിതാ ജീവനക്കാരുടെ ആവശ്യത്തെ അനുഭാവ പൂർവം പരിഗണിച്ച അന്നത്തെ ബിഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് രണ്ടു ദിവസം തുടർച്ചയായ അവധി സ്ത്രീകൾക്ക് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി'യെന്ന് മീന തിവാരി പറയുന്നു. 45 വയസുവരെ പ്രായമുള്ള സ്ത്രീകൾക്ക് രണ്ടുദിവസത്തെ ആർത്തവ അവധി അനുവദിച്ച് 1992 ജനുവരി രണ്ടിന് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 

ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ പലസ്ത്രീകളിലും വ്യത്യാസപ്പെട്ടാണ് കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്തെ ശാരീരികവും മാനസികവുമായ ആരോഗ്യം പ്രാധാന്യമർഹിക്കുന്നതാണ്. ആർത്തവകാലത്തെ ശാരീരിക–മാനസിക ആരോഗ്യം സ്ത്രീകളുടെ അവകാശമാണെന്നും അവർ കൂട്ടിച്ചേർത്തു.

 

Menstrual leave should allow for all working women; Meena Tiwari ( AIPWA)